ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ കോൺസൽ ജനറൽ പതാകയുയർത്തി
text_fieldsജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ
കോൺസൽ ജനറൽ ഫഹദ് അഹ്മദ്
ഖാൻ സൂരി ദേശീയ പതാക ഉയർത്തുന്നു
ജിദ്ദ: ദേശസ്നേഹത്തിന്റെയും സാംസ്കാരിക അഭിമാനത്തിന്റെയും നിറവിൽ ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ഇന്ത്യയുടെ 79ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. കോൺസുലേറ്റ് അങ്കണത്തിൽ നടന്ന ചടങ്ങിൽ കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി ദേശീയ പതാക ഉയർത്തി.
രാഷ്ട്രപതിയുടെ പ്രസംഗം കോൺസൽ ജനറൽ വായിച്ചുകേൾപ്പിച്ചു. തന്റെ പ്രഭാഷണത്തിൽ ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള വളർന്നുവരുന്ന പങ്കാളിത്തത്തെ കോൺസൽ ജനറൽ എടുത്തുകാണിക്കുകയും, ശക്തമായ ബന്ധം വളർത്തിയെടുക്കുന്നതിലും ഇരു രാജ്യങ്ങൾക്കും ക്രിയാത്മകമായി സംഭാവന നൽകുന്നതിലും നിർണായക പങ്കിന് ഇന്ത്യൻ പ്രവാസികളെ അഭിനന്ദിക്കുകയും ചെയ്തു. കോൺസുലേറ്റിന്റെ പ്രധാന സംരംഭങ്ങളെക്കുറിച്ചുള്ള അപ്ഡേറ്റുകളും അദ്ദേഹം നൽകി. ഈ ശ്രമങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ പ്രവാസികൾ സജീവമായി ഇടപെടുന്നത് തുടരണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. മഹാത്മാഗാന്ധിയുടെ പ്രതിമയിൽ കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി പുഷ്പാർച്ചന നടത്തി.ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിലെ വിദ്യാർഥികൾ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു. ഇന്ത്യൻ സർക്കാറിന്റെ 'ഹർ ഘർ തിരംഗ' കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ച തിരംഗ എക്സിബിഷനായിരുന്നു പരിപാടിയുടെ ഒരു പ്രധാന ആകർഷണം. ഇന്ത്യക്കാരിൽ രാജ്യത്തോടുള്ള അവബോധം, ബഹുമാനം, ദേശീയ അഭിമാനം എന്നിവ പ്രോത്സാഹിപ്പിക്കുന്ന ചരിത്ര ചിത്രങ്ങൾ, സൃഷ്ടിപരമായ പ്രദർശനങ്ങൾ, ഇന്ത്യൻ ദേശീയ പതാകയെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരുന്നു.
ഇന്ത്യയുടെ സമ്പന്നവും വൈവിധ്യപൂർണവുമായ ഭക്ഷ്യപൈതൃകത്തെ പരിചയപ്പെടുത്തുന്ന പ്രാദേശിക ഇന്ത്യൻ പാചകരീതികൾ ഉൾക്കൊള്ളുന്ന പാചക പ്രദർശനത്തോടെയാണ് പരിപാടി അവസാനിച്ചത്. വ്യത്യസ്ത സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്ന ഓരോ വിഭവവും രാജ്യത്തിന്റെ ശ്രദ്ധേയമായ സാംസ്കാരിക വൈവിധ്യത്തെയും ഐക്യത്തെയും എടുത്തുകാണിച്ചു. കോൺസുലേറ്റ് ഉദ്യോഗസ്ഥർ, ഇന്ത്യൻ സമൂഹത്തിൽ നിന്നുള്ള വിവിധ വ്യക്തിത്വങ്ങൾ, മാധ്യമപ്രവർത്തകർ തുടങ്ങി നൂറുകണക്കിനാളുകൾ ആഘോഷത്തിൽ പങ്കാളികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

