'ഖിദ്ദിയ' വിനോദനഗര നിർമാണ ജോലികൾ പുരോഗമിക്കുന്നു
text_fieldsറിയാദിലെ നിർദിഷ്ട ‘ഖിദ്ദിയ’ വിനോദനഗര പദ്ധതിപ്രദേശം
ജിദ്ദ: കലാകായിക വിനോദങ്ങളുടെ ലോകത്തിലെ ഏറ്റവും പ്രധാന കേന്ദ്രമാകാൻ റിയാദിൽ ഒരുങ്ങുന്ന 'ഖിദ്ദിയ' വിനോദനഗരത്തിന്റെ നിർമാണജോലികൾ പുരോഗമിക്കുന്നതായി ഖിദ്ദിയ ബിസിനസ് ഡെവലപ്മെൻറ് ഡയറക്ടർ ഗ്രെഗ് വൈറ്റ് സെയ്റ്റ് പറഞ്ഞു. 380 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ 220 ചതുരശ്ര കിലോമീറ്റർ ഭാഗത്താണ് ഇപ്പോൾ നിർമാണജോലി നടന്നുവരുന്നത്. പദ്ധതിയിൽ ഡിസ്നിലാൻഡ് വേൾഡും പാർക്കും ഉൾപ്പെടുന്നുണ്ട്. ലോകത്തിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ പാർക്കായിരിക്കും. 2024ലെ ഏഷ്യൻ ഒളിമ്പിക്സിന് ഖിദ്ദിയ ആതിഥേയത്വം വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗോൾഫ്, വാട്ടർ സ്പോർട്സ് ഏരിയകളും കറോട്ടമത്സര പാതയും പദ്ധതിയിലുണ്ട്. സുസ്ഥിര കെട്ടിടങ്ങളിലൂടെയും പദ്ധതികളിലൂടെയും ഊർജം സംരക്ഷിക്കാൻ ഖിദ്ദിയ പ്രതിജ്ഞാബദ്ധമാണ്.
ഇത് ഊർജ ഉപഭോഗം 60 ശതമാനം വരെ കുറക്കുകയും കാർബൺ ബഹിർഗമനം കുറക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വിഷൻ 2030ൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ടിന്റെ പദ്ധതികളിലൊന്നാണ് ഖിദ്ദിയ. വിനോദം, കായികം, കല എന്നിവയുടെ ഭാവി തലസ്ഥാനവും ആ മേഖലകളിൽ നൂതനവും ആഴത്തിലുള്ളതുമായ അനുഭവങ്ങൾ വാഗ്ദാനം ചെയ്യുന്ന അതുല്യമായ ആഗോള ലക്ഷ്യസ്ഥാനവുമാണ് ഖിദ്ദിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

