ജിദ്ദ തുറമുഖം-അൽ ഖുംറ ലോജിസ്റ്റിക് സോൺ ബന്ധിപ്പിക്കൽ; പുതിയ ലോജിസ്റ്റിക്സ് ഇടനാഴിക്ക് തറക്കല്ലിട്ടു
text_fieldsജിദ്ദ തുറമുഖത്തിനും അൽ ഖുംറ ലോജിസ്റ്റിക് സോണിനും ഇടയിൽ നിർമിക്കുന്ന ലോജിസ്റ്റിക്സ് ഇടനാഴിക്ക് തറക്കല്ലിട്ടപ്പോൾ
ജിദ്ദ: ജിദ്ദ ഇസ്ലാമിക് തുറമുഖത്തെയും 17 കിലോമീറ്റർ തെക്ക് മാറി സ്ഥിതി ചെയ്യുന്ന അൽ ഖുംറയിലെ ലോജിസ്റ്റിക് സോണിനെയും ബന്ധിപ്പിച്ച് നിർമിക്കുന്ന ലോജിസ്റ്റിക് ഇടനാഴിക്ക് ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രി സ്വാലിഹ് അൽജാസർ തറക്കല്ലിട്ടു. ചടങ്ങിൽ ജനറൽ അതോറിറ്റി ഓഫ് പോർട്സ് ചെയർമാൻ എൻജി. സുലൈമാൻ അൽ മസ്റൂഇ, മുതിർന്ന ഉദ്യോഗസ്ഥർ, ഗതാഗത, ലോജിസ്റ്റിക്സ് സംവിധാനത്തിലെ മേധാവികൾ എന്നിവർ സന്നിഹിതരായി. ‘വിഷൻ 2030’ന്റെ ചട്ടക്കൂടിനുള്ളിൽ ലോജിസ്റ്റിക്സ് മേഖലയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും ഗതാഗത അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുമുള്ള സൗദിയുടെ ശ്രമങ്ങളുടെ ഭാഗമാണിത്.
സൗദി ലോജിസ്റ്റിക്സ് മേഖലയിലെ ഗുണപരമായ കുതിച്ചുചാട്ടത്തെയാണ് പദ്ധതി പ്രതിനിധാനം ചെയ്യുന്നത്. സൗദിയുടെ ഇറക്കുമതിയുടെയും കയറ്റുമതിയുടെയും ഏകദേശം 75 ശതമാനം കടന്നുപോകുന്ന രാജ്യത്തെ ഏറ്റവും വലിയ തുറമുഖമാണ് ജിദ്ദയിലേത്. പുതിയ ഇടനാഴി വരുന്നത് പ്രതിദിനം 8,000 ട്രക്കുകൾക്ക് പ്രയോജനകരമാവും. നഗരത്തിനുള്ളിലെ റോഡുകളെ ഉപയോഗിക്കാതെ തന്നെ തുറമുഖത്തുനിന്ന് അൽ ഖുംറ ലോജിസ്റ്റിക്സ് സോണിലേക്ക് ട്രക്കുകളുടെ ഗതാഗതം ഇതിലൂടെ സുഗമമാകും. 17 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പദ്ധതിയിൽ ഇരുദിശകളിലേക്കും രണ്ടുവരി പാതകളും 12 ലധികം തൂക്കുപാലങ്ങളും ഉൾപ്പെടുന്നു. മൊത്തം പദ്ധതി ചെലവ് 68.9 കോടി സൗദി റിയാലാണ്. 2028 അവസാനത്തോടെ പദ്ധതി പൂർത്തിയാക്കും.
തുറമുഖവുമായി നേരിട്ട് ബന്ധിപ്പിക്കുന്ന ഈ ലോജിസ്റ്റിക്സ് ഇടനാഴി ട്രക്ക് ഗതാഗതത്തിന്റെ പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനും ഗതാഗത രീതികളുടെ സംയോജനം വർധിപ്പിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും സഹായിക്കുമെന്ന് ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രി പറഞ്ഞു. ജിദ്ദയിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിന് ഈ പാത സഹായിക്കും. പ്രത്യേകിച്ച് തെക്കൻ മേഖലയിൽ. ജിദ്ദ തുറമുഖത്തിന്റെ പ്രവർത്തന ശേഷിയും കാര്യക്ഷമതയും 10 ശതമാനത്തിൽ കൂടുതൽ വർധിപ്പിക്കുന്നതിനും ഇത് സഹായിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
ലോജിസ്റ്റിക്സ് ഇടനാഴി പദ്ധതിയിൽ അറ്റകുറ്റപ്പണികൾ, അടിയന്തര ഔട്ട്ലെറ്റുകൾ, സമഗ്രമായ മഴവെള്ള ഡ്രെയിനേജ് സംവിധാനം എന്നിവ ഉൾപ്പെടുന്നു. കാർബൺ ബഹിർഗമനം കുറക്കുന്നതിലൂടെയും ട്രക്ക് തിരക്ക് ഒഴിവാക്കുന്നതിലൂടെയും ജീവിതനിലവാരം മെച്ചപ്പെടുത്താനും ഇത് ലക്ഷ്യമിടുന്നു. ഒരു കോടി ചതുരശ്ര മീറ്റർ വിസ്തീർണമുള്ള അൽ ഖുംറ ചെങ്കടൽ തീരത്തെ ഏറ്റവും വലിയ ലോജിസ്റ്റിക്സ് സോണുകളിൽ ഒന്നാണ്. ഇതിനെ വികസിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്.
ആഗോള വ്യാപാരത്തിന്റെ 13 ശതമാനത്തിലധികം ചെങ്കടലിലൂടെയാണ് കടന്നുപോകുന്നത്. അതുകൊണ്ട് തന്നെ ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങൾക്കിടയിലുള്ള ഒരു ആഗോള ലോജിസ്റ്റിക്സ് കേന്ദ്രമാക്കി സൗദി അറേബ്യയെ മാറ്റുക എന്ന ലക്ഷ്യവുമായി യോജിക്കുന്നതാണ് ഈ പദ്ധതി. ഗതാഗത അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും ലോജിസ്റ്റിക് മേഖലയിൽ പ്രാദേശിക, അന്തർദേശീയ കമ്പനികളുടെ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സമഗ്രമായ ദേശീയ പദ്ധതിയുടെ പുതിയ സംരംഭങ്ങളെയാണ് ഇത് പ്രതിനിധീകരിക്കുന്നത്. അതോടൊപ്പം വ്യാപാര, ലോജിസ്റ്റിക് സേവനങ്ങൾക്കുള്ള ആഗോള കേന്ദ്രമെന്ന നിലയിൽ സൗദിയുടെ സ്ഥാനം ഉറപ്പിക്കാനും ഇത് സഹായിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

