ജിസാൻ കിങ് അബ്ദുല്ല വിമാനത്താവള നിർമാണം 87 ശതമാനം പൂർത്തിയായി
text_fieldsജിസാനിലെ കിങ് അബ്ദുല്ല അന്താരാഷ്ട്ര വിമാനത്താവള നിർമാണ പദ്ധതി പ്രദേശം ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രിയും സിവിൽ ഏവിയേഷൻ അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാനുമായ എൻജി. സാലിഹ് അൽജാസർ സന്ദർശിക്കുന്നു
ജിസാൻ: ജിസാനിലെ പുതിയ കിങ് അബ്ദുല്ല അന്താരാഷ്ട്ര വിമാനത്താവള നിർമാണം 87 ശതമാനം പൂർത്തിയായി. പദ്ധതി പ്രദേശം ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രിയും സിവിൽ ഏവിയേഷൻ അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാനുമായ എൻജി. സാലിഹ് അൽജാസർ സന്ദർശിച്ചു. സെക്കൻഡ് എയർപോർട്ട്സ് ക്ലസ്റ്റർ സി.ഇ.ഒ എൻജി. അലി ബിൻ മുഹമ്മദ് മസ്രാഹിയും നിരവധി ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.
പര്യടനത്തിനിടെ പദ്ധതി സൗകര്യങ്ങളും നിർമാണ പ്രവർത്തനങ്ങളുടെ പുരോഗതിയും മന്ത്രി അവലോകനം ചെയ്തു. പദ്ധതിയുടെ നടപ്പാക്കൽ ഘട്ടങ്ങൾ, നിർമാണ തോത്, കൈവരിച്ച പുരോഗതി എന്നിവയെക്കുറിച്ചുള്ള വിശദീകരണം മന്ത്രി കേട്ടു. സിവിൽ ഏവിയേഷൻ മേഖലയുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങളുടെ ചുവടുപിടിച്ചാണ് നിർമാണം.
വ്യോമഗതാഗത സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ജിസാൻ മേഖലയിലെ സമഗ്ര വികസനത്തെ പിന്തുണക്കുന്നതിനും സഹായിക്കുന്ന ഉയർന്ന സാങ്കേതികവും പ്രവർത്തനപരവുമായ മാനദണ്ഡങ്ങൾക്കനുസൃതമായി പ്രവൃത്തികൾ പൂർത്തിയാക്കേണ്ടതിന്റെ പ്രാധാന്യം മന്ത്രി ഊന്നിപ്പറഞ്ഞു.
ജിസാനിലെ പുതിയ കിങ് അബ്ദുല്ല അന്താരാഷ്ട്ര വിമാനത്താവള പദ്ധതി മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിൽ ഒന്നാണ്. പൂർത്തിയാകുമ്പോൾ ഇത് 54 ലക്ഷത്തിലധികം യാത്രക്കാരെ ഉൾക്കൊള്ളും. ഇതിൽ 57,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഒരു ആഭ്യന്തര, അന്തർദേശീയ ടെർമിനൽ, 2,000 പാർക്കിങ് സ്ഥലങ്ങൾ, ഒരു ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ, ഒരു ഡാറ്റാ സന്റെർ, ഒരു വാട്ടർ സ്റ്റേഷൻ, ഒരു പവർ സ്റ്റേഷൻ, ഒരു കൂളിങ് പ്ലാൻറ്, എയർ ട്രാഫിക് കൺട്രോൾ ടവർ, കാലാവസ്ഥ നിരീക്ഷണ ടവർ, അഡ്മിനിസ്ട്രേഷൻ ബോക്ക്, മറ്റ് നിരവധി കെട്ടിടങ്ങളും സേവന സൗകര്യങ്ങളും ഉൾപ്പെടുന്നു.
പുതിയ വിമാനത്താവള പദ്ധതിയുടെ പൂർത്തീകരണ നിരക്ക് 87.61 ശതമാനമെത്തിയതായാണ് റിപ്പോർട്ട്. പ്രധാന ടെർമിനൽ 87.87 ശതമാനം, എയർസൈഡിലെ അസ്ഫാൽറ്റ്, പ്ലാനിങ്, ലൈറ്റിങ് ജോലികൾ 91 ശതമാനം, കൺട്രോൾ ടവർ 85 ശതമാനം, വിമാന പാർക്കിങ് 98 ശതമാനം, അടിസ്ഥാന സൗകര്യ പ്രവർത്തനങ്ങൾ 96 ശതമാനം എന്നിങ്ങനെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

