സൗദിയിൽ നിർമാണച്ചെലവ് കുതിച്ചുയരുന്നു
text_fieldsയാംബു: സൗദി അറേബ്യയിൽ പാർപ്പിട-വാണിജ്യ മേഖലകളിലെ കെട്ടിട നിർമാണച്ചെലവിൽ വൻ വർധന രേഖപ്പെടുത്തിയതായി ഔദ്യോഗിക റിപ്പോർട്ട്. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് (ഗസ്റ്റാറ്റ്) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഏപ്രിലിൽ പാർപ്പിട മേഖലയിലെ നിർമാണച്ചെലവിൽ 2.4 ശതമാനവും വാണിജ്യ-വ്യവസായ കെട്ടിടങ്ങളുടെ നിർമാണച്ചെലവിൽ 2.7 ശതമാനവും വർധനവാണ് രേഖപ്പെടുത്തിയത്.
ഇത് രാജ്യത്തെ നിർമാണ മേഖലയിലെ ചെലവുകൾ അതിവേഗം ഉയരുന്നതിെൻറ വ്യക്തമായ സൂചനയാണ്. മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ‘ബിൽഡിങ് കോസ്റ്റ് ഇൻഡക്സി’ലുണ്ടായ ഈ ഉയർച്ച രാജ്യത്തെ പൊതുവിലക്കയറ്റത്തിനും കാരണമായിട്ടുണ്ട്. തൊട്ടുമുമ്പത്തെ മാസമായ മാർച്ചുമായി താരതമ്യം ചെയ്യുമ്പോൾ ഏപ്രിലിൽ മാത്രം നിർമാണച്ചെലവിൽ 0.5 ശതമാനത്തിെൻറ വർധനവാണ് ദൃശ്യമായത്.
തൊഴിലാളികളുടെ വേതനവർധനവും നിർമാണ സാമഗ്രികളുടെയും ഉപകരണങ്ങളുടെയും വാടക ഉയർന്നതുമാണ് പ്രധാനമായും വിലക്കയറ്റത്തിന് വഴിതുറന്നത്. പാർപ്പിട മേഖലയിൽ യന്ത്രസാമഗ്രികളുടെയും മറ്റ് ഉപകരണങ്ങളുടെയും വാടകയിൽ 4.7 ശതമാനം വർധനവുണ്ടായപ്പോൾ, ഓപറേറ്റർമാർ ഉൾപ്പെടെയുള്ള യന്ത്രങ്ങളുടെ വാടകക്കൂലിയിൽ 6.3 ശതമാനത്തിെൻറ വർധനവാണ് രേഖപ്പെടുത്തിയത്. ഇതിനുപുറമേ തൊഴിലാളികളുടെ കൂലിയിൽ 2.8 ശതമാനവും, ഇന്ധന-ഊർജ്ജ ചെലവുകളിൽ മൂന്ന് ശതമാനവും വർധനവുണ്ടായിട്ടുണ്ട്. കെട്ടിട നിർമാണത്തിനുള്ള അടിസ്ഥാന സാമഗ്രികളുടെ വിലയിലും വലിയ മാറ്റങ്ങളാണ് പ്രകടമാകുന്നത്; മരപ്പണികൾക്കുള്ള സാധനങ്ങൾക്ക് 3.3 ശതമാനവും പ്ലാസ്റ്റിക്, ഗ്ലാസ് ഉൽപന്നങ്ങൾക്ക് 2.1 ശതമാനവും വില വർധിച്ചു.
വാണിജ്യ കെട്ടിടങ്ങളുടെ നിർമാണ മേഖലയിലും സമാനമായ വിലക്കയറ്റമാണ് ദൃശ്യമാകുന്നത്. ഈ രംഗത്ത് യന്ത്രങ്ങളുടെ വാടകക്കൂലിയിൽ 6.7 ശതമാനത്തിെൻറ വലിയ വർധനവാണ് ഉണ്ടായത്. കൂടാതെ, തൊഴിലാളികളുടെ കൂലിയിലും ഊർജ്ജ ആവശ്യങ്ങളിലും മൂന്ന് ശതമാനം വീതം വർധനവും രേഖപ്പെടുത്തിയിട്ടുണ്ട്. വരും മാസങ്ങളിലും നിർമാണച്ചെലവിലെ ഈ കുതിച്ചുചാട്ടം തുടരുകയാണെങ്കിൽ, അത് രാജ്യത്തെ റിയൽ എസ്റ്റേറ്റ് മേഖലയെ പ്രതികൂലമായി ബാധിക്കുമെന്നും സാധാരണക്കാരുടെ ഭവന സ്വപ്നങ്ങൾക്ക് തിരിച്ചടിയാകുമെന്നും സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

