റിയാദിൽ റോയൽ ആർട്ട് കോംപ്ലക്സ് നിർമാണം ആരംഭിച്ചു
text_fieldsറിയാദിൽ നിർമിക്കാൻ പോകുന്ന റോയൽ ആർട്ട് കോംപ്ലക്സ്
ജിദ്ദ: റിയാദിൽ റോയൽ ആർട്ട് കോംപ്ലക്സിന്റെ നിർമാണ ജോലികൾ ആരംഭിച്ചതായി കിങ് സൽമാൻ പാർക്ക് ഫൗണ്ടേഷൻ വ്യക്തമാക്കി. 5,00,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിലാണ് നിർമാണ ജോലികൾ ആരംഭിക്കുന്നത്. ഇത് റിയാദ് നഗരത്തിലെത്തുന്ന സന്ദർശകർക്ക് സംസ്കാരത്തിന്റെയും കലകളുടെയും അതുല്യമായ അനുഭവം നൽകും. രൂപകൽപനകൾ സൽമാനിയ വാസ്തുവിദ്യയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. സംസ്കാരത്തിന്റെ വിവിധ വശങ്ങളും പ്രാചീനവും സമകാലികവുമായ കലയുടെ മേഖലകളും ഉൾക്കൊള്ളുന്നതിലൂടെ സമ്പന്നമായ അനുഭവം സന്ദർശകർക്ക് നൽകുമെന്നും കിങ് സൽമാൻ പാർക്ക് ഫൗണ്ടേഷൻ വ്യക്തമാക്കി.
റോയൽ ആർട്ട് കോംപ്ലക്സിൽ ഒരു മ്യൂസിയമുണ്ടായിരിക്കും. ഇത് കോംപ്ലക്സിലെ ഏറ്റവും പ്രധാനപ്പെട്ടതും ഉയരമുള്ളതുമായ വാസ്തുവിദ്യാ സ്മാരകങ്ങളിൽ ഒന്നാകും. കെട്ടിടത്തിന് ഉയരം 106 മീറ്ററായിരിക്കും. ലൈബ്രറി, കലാകാരന്മാർക്കുള്ള ശിൽപശാലകൾ, മൂന്ന് അക്കാദമികളുള്ള ഒരു സ്ഥാപനവും 600 സീറ്റുകളുള്ള ഒരു ഹാളും ഉണ്ടാകും. കലാകാരന്മാർക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരം അൽഖുബ്ബ ഹാളിൽ ഉണ്ടായിരിക്കും.
വാസ്തുവിദ്യയിലെ മാസ്റ്റർപീസായിരിക്കും അതിന്റെ രൂപകൽപന. 2300 സീറ്റുകളുള്ള നാഷനൽ തിയറ്ററുമുണ്ട്. അത് കോംപ്ലക്‌സിന്റെ സവിശേഷ ഘടകങ്ങളിലൊന്നായിരിക്കും. അന്തരിച്ച സ്പാനിഷ് വാസ്തുശിൽപിയായ റിക്കാഡോ ബോഫിൽ ആണ് റോയൽ ആർട്ട് കോംപ്ലക്സ് രൂപകൽപന ചെയ്തതെന്നും കിങ് സൽമാൻ പാർക്ക് ഫൗണ്ടേഷൻ പറഞ്ഞു.
റിയാദ് നഗരവാസികൾക്ക് വൈവിധ്യമാർന്ന പാരിസ്ഥിതിക, സാംസ്കാരിക, കായിക, കലാപരവും വിനോദവുമായ ഓപ്ഷനുകളിലൂടെ വേറിട്ട അനുഭവം നൽകുകയാണ് കിങ് സൽമാൻ പാർക്കിലൂടെ ലക്ഷ്യമിടുന്നത്. വിഷൻ 2030ന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യങ്ങളിലൊന്ന് കൈവരിക്കുന്നതിനുമാണ്.
ഊർജസ്വലമായ ഒരു സമൂഹത്തെ സൃഷ്ടിക്കുകയും ആളുകൾക്ക് ആരോഗ്യകരമായ ജീവിതശൈലിയും ആകർഷകവും സന്തുഷ്ടവുമായ അന്തരീക്ഷത്തിൽ ജീവിക്കാൻ അനുവദിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമാണ്.
ലോകത്തിലെ ഏറ്റവും മികച്ച താമസയോഗ്യമായ നഗരങ്ങളിൽ ഒന്നായി റിയാദിനെ മാറ്റുകയും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്. റിയാദിലെ ഒരു സുപ്രധാന സ്ഥലത്താണ് 16 ചതുരശ്ര കിലോമീറ്ററിലധികം വിസ്തൃതിയിൽ കിങ് സൽമാൻ പാർക്ക് സ്ഥിതി ചെയ്യുന്നത്. ഏറ്റവും പ്രധാനപ്പെട്ട റോഡുകളുമായി സ്ഥലത്തെ ബന്ധിപ്പിക്കുകയും ചെയ്തിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

