വേർപെടുത്തൽ ശസ്ത്രക്രിയ; ജമൈക്കൻ സയാമീസ് ഇരട്ടകളെ റിയാദിലെത്തിച്ചു
text_fieldsജമൈക്കൻ സയാമീസ് ഇരട്ടകളെ റിയാദിലെത്തിച്ചപ്പോൾ
റിയാദ്: വേർപെടുത്തൽ ശസ്ത്രക്രിയക്കായി ജമൈക്കൻ സയാമീസ് ഇരട്ടകളായ അസാരിയയെയും അസുരയെയും റിയാദിൽ എത്തിച്ചു. സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും നിർദേശാനുസരണമാണ് നടപടി. പ്രത്യേക വിമാനത്തിലാണ് റിയാദിലെത്തിച്ചത്. വിശദമായ വൈദ്യപരിശോധനയും വേർപിരിയൽ ശസ്ത്രക്രിയ സാധ്യത പരിശോധനയും ഉടൻ നടത്തും.
റിയാദ് വിമാനത്താവളത്തിൽ, ഇരട്ടകളുടെ ആരോഗ്യം നിരീക്ഷിക്കുന്ന മെഡിക്കൽ, അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാർ കുട്ടികളെ സ്വീകരിച്ചു. പിന്നീട് കിങ് അബ്ദുല്ല ചിൽഡ്രൻസ് സ്പെഷലിറ്റ് ആശുപത്രിയിലേക്ക് മാറ്റി.
ജമൈക്കയിൽനിന്ന് റിയാദിലേക്കുള്ള അസാരിയ, അസുറ ഇരട്ടകളുടെ യാത്ര 16 മണിക്കൂറിലധികം എടുത്തു. യാത്രയിലുടനീളം അവരുടെ സുരക്ഷ ഉറപ്പാക്കാൻ പ്രത്യേക മെഡിക്കൽ സംഘവും അവരോടൊപ്പം ഉണ്ടായിരുന്നു. ജമൈക്കൻ സയാമീസ് ഇരട്ടകളുടെ ശസ്ത്രക്രിയ തീരുമാനിച്ചാൽ ഇത്തരത്തിൽ സൗദി പ്രോഗ്രാം നടത്തുന്ന ശസ്ത്രക്രിയകളുടെ പരമ്പരയിലെ 67ാമത്തേതായിരിക്കും ഇത്.
ലോകമെമ്പാടുമുള്ള ഗുരുതരവും അപൂർവവുമായ കേസുകൾക്ക് നൂതന വൈദ്യസഹായം നൽകുന്നതിനുള്ള സൗദിയുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ മാനുഷിക നടപടി. വിവേചനമോ അതിരുകളോ ഇല്ലാതെ മനുഷ്യരാശിയെ സേവിക്കുന്നതിൽ രാജ്യം സ്വീകരിച്ച മാന്യമായ മൂല്യങ്ങൾ ഇത് പ്രതിഫലിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

