സംഘ്പരിവാർ രാഷ്ട്രീയത്തിനെതിരെ ചേർത്തുപിടിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത് -അഡ്വ. ബി.ആർ.എം. ഷഫീർ
text_fieldsജിദ്ദ: വെറുപ്പിന്റെ വിത്ത് വിതക്കുന്ന സംഘ്പരിവാർ രാഷ്ട്രീയം ഇന്ത്യയിൽ കൊടികുത്തി വാഴുമ്പോൾ, എല്ലാവരെയും സമഭാവനയോടുകൂടി കാണുന്ന, അവരെ ചേർത്തുപിടിക്കുന്ന രാഷ്ട്രീയമാണ് കോൺഗ്രസ് മുന്നോട്ടുവെക്കുന്നതെന്ന് കെ.പി.സി.സി സെക്രട്ടറി അഡ്വ. ബി.ആർ.എം ഷഫീർ പറഞ്ഞു. ജിദ്ദ ഒ.ഐ.സി.സി തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ സിൽവർ ജൂബിലി ആഘോഷ പരിപാടിയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയുടെ ഭരണത്തിനുകീഴിൽ രാജ്യം അന്ധകാരത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന സമകാലിക സാഹചര്യത്തിൽ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര രാജ്യത്തിന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ജനാധിപത്യ മൂല്യങ്ങളെയും മതേതര പൈതൃകങ്ങളെയും സഹിഷ്ണുതയെയും സാഹോദര്യത്തെയും തിരിച്ചുപിടിക്കാനുള്ള വലിയ പോരാട്ടമാണ്.
ഇന്ത്യയിൽ സംഘ്പരിവാരങ്ങളോട് സന്ധി ചെയ്യാത്ത, മതേതര മൂല്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാത്ത ഒരേയൊരു പ്രസ്ഥാനമാണ് കോൺഗ്രസും നെഹ്റു കുടുംബവും. വർഗീയപരമായ ഒരു ചിന്തപോലും കോൺഗ്രസ് പ്രവർത്തകർക്കിടയിൽ ഉണ്ടാവാൻ പാടില്ല. ഇന്ത്യയിൽ പലതവണ പരീക്ഷിച്ചു പരാജയപ്പെടുകയും ബി.ജെ.പിക്ക് അനുകൂലമായ രീതിയിൽ വോട്ടുകൾ ഭിന്നിപ്പിക്കുകയും ചെയ്ത പഴയ മൂന്നാം മുന്നണിയെ വീണ്ടും പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമം അന്ധമായ കോൺഗ്രസ് വിരോധം മൂലമാണെന്നും പിണറായി വിജയൻ, അരവിന്ദ് കെജ്രിവാൾ എന്നിവർ അതിന് നേതൃത്വം നൽകുന്നത് അവരുടെ രാഷ്ട്രീയ കാപട്യത്തെയാണ് തുറന്നുകാട്ടുന്നതെന്നും അഡ്വ. ബി.ആർ.എം. ഷഫീർ കൂട്ടിച്ചേർത്തു.
ശറഫിയ കറം ഹോട്ടലിൽ നടന്ന ആഘോഷപരിപാടികൾ ഒ.ഐ.സി.സി വെസ്റ്റേൺ റീജനൽ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ. മുനീർ ഉദ്ഘാടനം ചെയ്തു. ജിദ്ദ ഒ.ഐ.സി.സി തിരുവനന്തപുരം ജില്ല കമ്മിറ്റി പ്രസിഡൻറ് അസ്ഹാബ് വർക്കല അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ മികവ് പുലർത്തിയ മിർസ ശരീഫ്, സോഫിയ സുനിൽ, അബൂബക്കർ ദാദാബായ് ട്രാവൽസ്, സാദിഖലി തുവ്വൂർ, എ.പി. കുഞ്ഞാലി ഹാജി, അലി തേക്കുതോട്, മാമ്മദു പൊന്നാനി, നസീർ വാവക്കുഞ്ഞ്, കുഞ്ഞുമുഹമ്മദ് കൊടശ്ശേരി, ഫസലുല്ല വെള്ളുവമ്പാലി, നാസിമുദ്ദീൻ മണനാക്ക്, ഷാനിയാസ് കുന്നിക്കോട്, ആമിന മുഹമ്മദ്, അസ്ഹാബ് വർക്കല, മൗഷ്മി ഷരീഫ് തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു.
നാസിമുദ്ദീൻ മണനാക്ക് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ശബരിമല സേവനകേന്ദ്രം പ്രവർത്തന ഫണ്ട്, സേവനകേന്ദ്ര കൺവീനർ അനിൽകുമാർ പത്തനംതിട്ടക്ക് ചടങ്ങിൽ കൈമാറി. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ പുതിയ അംഗത്വ അപേക്ഷകൾ വെസ്റ്റേൺ റീജനൽ ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ എടവണ്ണ ഭാരവാഹികളിൽനിന്നും ഏറ്റുവാങ്ങി. ഭാരവാഹികളായ ഷംനാദ് കണിയാപുരം, നവാസ് ബീമാപ്പള്ളി, മൗഷ്മി ഷരീഫ് തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഷമീർ നദ്വി സ്വാഗതവും ട്രഷറർ അബൂബക്കർ തിരുവനന്തപുരം നന്ദിയും പറഞ്ഞു.
നജീബ് ഖാൻ വെഞ്ഞാറമൂട്, അൻസർ വർക്കല, അൻവർ കല്ലമ്പലം, ഷാനു കരമന, ഷരീഫ് പള്ളിക്കൽ, മുഹ്സിൻ മണനാക്ക്, ഹുസൈൻ മണക്കാട്, സഫീറലി മടവൂർ, സുൽഫിക്കർ, സാബിർ കോരാണി, സുബാഷ് വർക്കല, മൻസൂർ പനവൂർ, മനോജ് നെയ്യാറ്റിൻകര, വിവേക് വലിയവിള, സജീർ അണ്ടൂർക്കോണം, റാഷിദ്, നിഷാദ്, തരുൺ, സുൽഫി വർക്കല, സുനിത നാസിറുദ്ദീൻ, സനൂജ ഹുസൈൻ, റംല സജീർ, സൗമ്യ അബൂബക്കർ, സൗമ്യ വിവേക്, സുമയ്യ ഷംനാദ് തുടങ്ങിയവർ നേതൃത്വം നൽകി. ജില്ല കമ്മിറ്റി മഹിള വേദിയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി. ജിദ്ദയിലെ പ്രമുഖ ഗായകർ അണിനിരന്ന ഗാനസന്ധ്യ പരിപാടിക്ക് മാറ്റുകൂട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

