സമഗ്ര പദ്ധതി പ്രഖ്യാപനം: റിയാദിനെ ലോകോത്തര നഗരമാക്കും
text_fieldsറിയാദിൽ വ്യാഴാഴ്ച സമാപിച്ച നാലാമത് ആഗോള നിക്ഷേപക സംഗമത്തിൽ റിയാദ് നഗരത്തിെൻറ
വികസന പദ്ധതി സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിക്കുന്നു
ദമ്മാം: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിനെ ലോകോത്തര നഗരമാക്കി മാറ്റാൻ സമഗ്ര പരിഷ്കരണ പദ്ധതികൾ പ്രഖ്യാപിച്ച് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ. റിയാദിൽ നടന്ന ദ്വിദിന നാലാമത് ആഗോള നിക്ഷേപക സംഗമത്തിൽ, 'റിയാദിെൻറ ഭാവി' എന്ന ശീർഷകത്തിൽ ഇറ്റലിയുടെ മുൻ പ്രധാനമന്ത്രി മാറ്റിയോ െറൻസിയുമായുള്ള സംഭാഷണത്തിലാണ് കിരീടാവകാശി ഇക്കാര്യം വ്യക്തമാക്കിയത്. ആഗോള തലത്തിൽ ഏറ്റവും മുൻനിരയിലുള്ള ആദ്യ 10 സാമ്പത്തിക നഗരങ്ങളുടെ പട്ടികയിൽ ഇടംപിടിക്കുക എന്നതാണ് സവിശേഷമായ ലക്ഷ്യങ്ങളിലൊന്ന്. നിലവിൽ അന്താരാഷ്ട്ര തലത്തിലുള്ള ഏറ്റവും വലിയ 40 സാമ്പത്തിക നഗരങ്ങളിലൊന്നാണ് റിയാദ്.
പുതിയ സാമ്പത്തിക മേഖലകൾ സ്ഥാപിക്കൽ, വിവിധ മേഖലകളിലെ സാമ്പത്തിക നിക്ഷേപങ്ങൾ, വിനോദസഞ്ചാര രംഗത്തെ വികസനം, പരിസ്ഥിതി സംരക്ഷണം, നഗര സൗന്ദര്യവത്കരണം, തൊഴിൽ മേഖലകൾ സൃഷ്ടിക്കൽ തുടങ്ങിയ റിയാദ് നഗരത്തിെൻറ മുഖച്ഛായ മാറ്റുന്ന സമഗ്ര പാക്കേജാണ് യാഥാർഥ്യമാവുക. നാല് മാസങ്ങൾക്കുള്ളിൽ തന്നെ ഇതുസംബന്ധിച്ച മാർഗരേഖയനുസരിച്ചുള്ള വ്യക്തമായ നടപടിക്രമങ്ങൾ ഉണ്ടാവും.
റിയാദ് നഗരവാസികളുടെ ജീവിതനിലവാരം ഉയർത്താനും സുസ്ഥിര വികസനം സാധ്യമാക്കാനും ഉതകുന്ന വിധമാണ് പദ്ധതിയുടെ ആസൂത്രണം. സാങ്കേതിക വിദ്യയിലും വിദ്യാഭ്യാസത്തിലും മുന്നിട്ടുനിൽക്കുന്ന തലമുറയെ വാർത്തെടുക്കുകയും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുക എന്നതും മുഖ്യ ലക്ഷ്യങ്ങളിൽപെടും. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 30 ശതമാനത്തോളം ജനങ്ങൾ താമസിക്കുന്ന റിയാദിൽ കൂടുതൽ മികച്ച ഭൗതിക സൗകര്യങ്ങളോട് കൂടിയ പാർപ്പിട പദ്ധതികൾ കൊണ്ടുവരും.
20 ദശലക്ഷത്തോളം ജനങ്ങളെ ഉൾക്കൊള്ളുംവിധമുള്ള പാർപ്പിട സമുച്ചയങ്ങളാണ് ആസൂത്രണം ചെയ്യുന്നത്. നഗര സൗന്ദര്യവത്കരണത്തിെൻറ ഭാഗമായി ദശലക്ഷക്കണക്കിന് മരങ്ങളും തണൽ വൃക്ഷങ്ങളും വെച്ചുപിടിപ്പിക്കും. ഇതുവഴി വേനൽക്കാലത്തെ കടുത്ത ചൂടിന് ശമനമാവുകയും പൊടിക്കാറ്റിനെ ഒരുപരിധിവരെ നിയന്ത്രിക്കാനാവുമെന്നുമാണ് കണക്കുകൂട്ടൽ.
കഴിഞ്ഞ ദിവസം, അടുത്ത അഞ്ചു വർഷത്തിനുള്ളിൽ സൗദി ആഭ്യന്തര സമ്പദ്ഘടനയിൽ നാലുലക്ഷം കോടി റിയാൽ നിക്ഷേപിക്കുന്ന പൊതു നിക്ഷേപനിധി കിരീടാവകാശി പ്രഖ്യാപിച്ചിരുന്നു. കിരീടാവകാശിയുടെ കീഴിൽ വിഷൻ 2030െൻറ ചുവടുപിടിച്ച് മുന്നേറുന്ന രാജ്യതലസ്ഥാനത്തിെൻറ ഗുണപ്രദമായ വികസനത്തിന് ഈ സമഗ്ര പദ്ധതി ആക്കംകൂട്ടുമെന്നാണ് പ്രതീക്ഷ.
ആഗോള നിക്ഷേപക സംഗമത്തിന് സമാപനം ലോക വ്യവസായ മേഖലക്ക് ഉൗർജം പകരുന്ന പ്രഖ്യാപനങ്ങൾ
നജിം കൊച്ചുകലുങ്ക്
റിയാദ്: ആഗോള നിക്ഷേപങ്ങളെ സൗദി അറേബ്യയിലേക്ക് ക്ഷണിക്കുന്ന 'ഭാവി നിക്ഷേപ സംരംഭ' സമ്മേളനത്തിെൻറ നാലാമത് സംഗമം വ്യാഴാഴ്ച സമാപിച്ചു. രണ്ടു ദിവസമായി റിയാദിൽ നടന്ന സമ്മേളനം കോവിഡാനന്തര ലോകത്ത് പരസ്പരം സഹകരിച്ചേ വളരാനാകൂവെന്നു പ്രഖ്യാപിച്ചാണ് തുടങ്ങിയത്. സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറ നേതൃത്വത്തിൽ സൗദി പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ട് (പി.ഐ.എഫ്) സംഘടിപ്പിച്ച സമ്മേളനത്തിൽ നേരിട്ട് 50 ലോക പ്രതിനിധികളും 90ഒാളം പേർ ഒാൺലൈനിലും പെങ്കടുത്തു.
റിയാദിലെ കിങ് അബ്ദുൽ അസീസ് ഇൻറർനാഷനൽ കോൺഫറൻസ് സെൻററിൽ നടന്ന സമ്മേളനത്തിന് പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ട് ഗവർണർ യാസിർ അൽ റുമയ്യാൻ തുടക്കം കുറിച്ചു. സൗദിയിൽ വിദേശ നിക്ഷേപത്തിനായി നിയമങ്ങളിൽ അയവുവരുത്തുമെന്ന് അദ്ദേഹം അറിയിച്ചു. ടൂറിസം, വിനോദം, പുനരുപയോഗ ഊർജം, റിയൽ എസ്റ്റേറ്റ് എന്നീ മേഖലകളിലാകും പ്രധാന നിക്ഷേപങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡാനന്തര ലോകത്തെ വികസനവും നിക്ഷേപവുമായിരുന്നു പ്രധാന ചർച്ച. ആദ്യ ദിന ചർച്ചയിൽ ഇന്ത്യൻ ആരോഗ്യമന്ത്രി ഡോ. ഹർഷവർധനും വ്യവസായികളായ മുകേഷ് അംബാനിയും ആനന്ദ് മഹീന്ദ്രയും പെങ്കടുത്തു.
ഇന്ത്യയും സൗദിയും തമ്മിലുള്ള സഹകരണം വർധിച്ചതായി മൂവരും പറഞ്ഞു. ലോകത്ത് ആരോഗ്യ മേഖലയിൽ സ്ഥിരനിക്ഷേപം നടത്തേണ്ട സ്ഥിതിയിലേക്ക് കോവിഡ് സാഹചര്യം എത്തിയതായി ഡോ. ഹർഷവർധൻ പറഞ്ഞു. സൗദിക്കടക്കം കയറ്റുമതി ചെയ്ത വാക്സിനുകൾ ഇന്ത്യയുടെ നേട്ടമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകത്തെ ചെറുപ്പത്തിെൻറ ഊർജം ഊർജമേഖലയിൽ ഉപയോഗിക്കേണ്ടതുണ്ടെന്ന് മുകേഷ് അംബാനി വ്യക്തമാക്കി. കോവിഡ് കാലത്തിനുശേഷം ഒന്നിച്ച് വളരേണ്ട സാഹചര്യമാണെന്ന് ആനന്ദ് മഹീന്ദ്രയും പറഞ്ഞു. രണ്ടാം ദിനത്തിലെ സമ്മേളനത്തിൽ ലോക കായിക താരം ഉസൈൻ ബോൾട്ട് പെങ്കടുത്തു. കോവിഡ് പ്രത്യാഘാതം രൂക്ഷമാണെന്നും മറികടക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ സ്വപ്നങ്ങൾ ഓർക്കുകെയന്നും എന്താണ് നിങ്ങൾക്ക് വേണ്ടതെന്നും ഓർക്കുകയെന്നും ബോൾട്ട് വ്യക്തമാക്കി. എന്തിനാണ് തുടങ്ങിയതെന്നും എന്താണിപ്പോൾ ചെയ്യുന്നതെന്നും ആലോചിക്കുകയും അതിൽനിന്നും ആലോചിച്ച് മുന്നോട്ടുനീങ്ങുകയാണ് വേണ്ടതെന്നും ഇത് പ്രയാസകരമാണെങ്കിലും ഫലത്തെ കുറിച്ച് മാത്രം ചിന്തിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡിെൻറ പ്രത്യാഘാതം മറികടന്ന അനുഭവങ്ങളാണ് സമ്മേളനത്തിൽ കൂടുതൽ പ്രതിനിധികളും പങ്കുവെച്ചത്. കൂറ്റൻ കപ്പലുകളെ പിടിച്ചിടാൻ കുഞ്ഞുകണങ്ങൾക്കാകുമെന്ന് കോവിഡ് പഠിപ്പിച്ചതായി പി.ഐ.എഫ് ഉപദേഷ്ടാവ് ആൻഡ്രൂ എൻ. ലിവേറിസ് പറഞ്ഞു. കാലാവസ്ഥ വ്യതിയാനം ചർച്ച ചെയ്ത് പരിഹാരത്തിലേക്ക് നീങ്ങുന്നില്ലെങ്കിൽ ഈ പതിറ്റാണ്ടിൽ തോറ്റുപോകുമെന്ന് ഫോർമുല ഇ ചെയർമാൻ അലി ജെന്ദ്രേ അഗാഗ് ചൂണ്ടിക്കാട്ടി.
20 പ്രത്യേക സാമ്പത്തിക മേഖലകൾ രൂപവത്കരിക്കും
റിയാദ്: സൗദിയിൽ 20 പ്രത്യേക സാമ്പത്തിക മേഖലകൾ ഉടൻ രൂപവത്കരിക്കുമെന്ന് സൗദി നിക്ഷേപ മന്ത്രി എൻജി. ഖാലിദ് ബിൻ അബ്ദുൽ അസീസ് അൽഫാലിഹ്. ക്രൂസ് കപ്പലുകൾ നിർമിക്കുന്നതിന് രാജ്യത്ത് ക്രൂസ് ഇൻഡസ്ട്രി ആരംഭിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ആഗോള നിക്ഷേപക സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. ഇതിനു പിന്നാലെ 20 ലോകോത്തര കമ്പനികളുടെ നേരിട്ടുള്ള ഔട്ട്ലറ്റുകൾ സൗദിയിൽ തുടങ്ങാൻ കരാറായി.
റിയാദിനെ ലോകത്തെ മികച്ച നഗരമായി ഉയർത്തുമെന്ന കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറ പ്രഖ്യാപനത്തിനു പിന്നാലെയാണ് അന്താരാഷ്ട്ര കമ്പനികളുമായി റിയാദ് റോയൽ കമീഷൻ കരാറിൽ ഒപ്പുവെച്ചത്. നിക്ഷേപ മന്ത്രി ഖാലിദ് അൽഫാലിഹിെൻറ സാന്നിധ്യത്തിലായിരുന്നു ഒപ്പിടൽ. ആറ് ലക്ഷം കോടി റിയാലിെൻറ നിക്ഷേപ അവസരങ്ങൾ ആകർഷിക്കുകയാണ് സൗദി അറേബ്യ. ഇതിെൻറ ഭാഗമായാണ് 20 പ്രത്യേക സാമ്പത്തിക മേഖലകൾ രാജ്യത്ത് ആരംഭിക്കുന്നത്. ഇതിൽ ആറെണ്ണം റിയാദിലായിരിക്കും.
നികുതിയിളവും ഏറെ ആനുകൂല്യങ്ങളും ഈ പ്രത്യേക സോണുകളിലുണ്ടാകും. വിമാനത്താവളങ്ങളും ഇൗ പ്രത്യേക സാമ്പത്തിക മേഖലകളിലാണ് ഉണ്ടാവുക. വിദേശ സ്ഥാപനങ്ങൾക്ക് ഇൗ മേഖലകളിൽ ലളിതമായ നിബന്ധനകളോടെ വ്യാപാരം തുടങ്ങാം. ഒപ്പം ടൂറിസം പദ്ധതിയുടെ ഭാഗമായി ക്രൂസ് കപ്പൽ നിർമാണശാല സൗദിയിൽ തുടങ്ങും. ജിദ്ദയിലെ ചെങ്കടൽ തീരത്താണ് പദ്ധതി. 2030ന് മുന്നോടിയായി ലോകത്തെ ക്രൂസ് മാപ്പിൽ സൗദിയെ മുൻനിരയിലെത്തിക്കുകയാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

