ആഭ്യന്തര ഉംറ തീർഥാടകർക്കായി സമഗ്ര ഗൈഡ് പുറത്തിറക്കി
text_fieldsമക്ക: രാജ്യത്തിനകത്തുനിന്നുള്ള ഉംറ തീർഥാടകർക്കായി ഹജ്ജ്-ഉംറ മന്ത്രാലയം പുതിയ മാർഗനിർദേശ ഡയറക്ടറി (ഗൈഡ്) പുറത്തിറക്കി. ‘ഉംറക്കായി വരുന്നു’ എന്ന കാമ്പയിന്റെ ഭാഗമായാണ് ഈ നടപടി.
തീർഥാടകർക്കും സന്ദർശകർക്കും അവരുടെ ആത്മീയ യാത്രയിൽ ആവശ്യമായ എല്ലാ വിവരങ്ങളും കൃത്യമായി ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇരുഹറം പരിപാലനത്തിനായുള്ള ജനറൽ അതോറിറ്റി, മക്ക-മശാഇർ റോയൽ കമീഷൻ എന്നിവയുമായി സഹകരിച്ചാണ് മന്ത്രാലയം ഈ ഗൈഡ് തയാറാക്കിയിരിക്കുന്നത്. തീർഥാടകരുടെ യാത്ര സുഗമമാക്കുന്നതിന് ആവശ്യമായ ഇനി പറയുന്ന പ്രധാന വിവരങ്ങൾ ഇതിൽ ഉൾക്കൊള്ളുന്നു.
മക്കയിലേക്കും മദീനയിലേക്കുമുള്ള വിവിധ യാത്രാ സൗകര്യങ്ങൾ, പ്രവേശന മാർഗങ്ങൾ, ഇരു നഗരങ്ങൾക്കുള്ളിലെ യാത്ര എന്നിവയെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങൾ ഗൈഡിലുണ്ട്. ഹറമുകളിലെ പ്രധാന സേവനങ്ങളും സൗകര്യങ്ങളും എളുപ്പത്തിൽ കണ്ടെത്താനായി ഡിജിറ്റൽ ഇൻട്രാക്ടീവ് മാപ്പുകളും നേരിട്ടുള്ള ലിങ്കുകളും ഇതിൽ ക്രമീകരിച്ചിട്ടുണ്ട്. പ്രവേശന കവാടങ്ങൾ, മറ്റ് അവശ്യ സേവനങ്ങൾ എന്നിവ ഇതിലൂടെ തത്സമയം മനസ്സിലാക്കാം. മദീനയിലെ റൗദ ശരീഫ് സന്ദർശനത്തിനുള്ള മാർഗനിർദേശങ്ങളും, ‘നുസ്ക്’ ആപ്പ് വഴി എങ്ങനെ ബുക്കിങ് പൂർത്തിയാക്കാം എന്നതിനെക്കുറിച്ചുള്ള വ്യക്തമായ വിശദീകരണവും ഇതിൽ നൽകുന്നു. പുണ്യനഗരങ്ങളിലെ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളെ പരിചയപ്പെടുത്തുന്നതിലൂടെ തീർഥാടകരുടെ സന്ദർശനാനുഭവം കൂടുതൽ അർഥവത്താക്കാനും ഈ ഗൈഡ് സഹായിക്കുന്നു.
ആഭ്യന്തര തീർഥാടകർക്ക് അവരുടെ യാത്ര പ്ലാൻ ചെയ്യാനും കർമങ്ങൾ ലളിതമായി പൂർത്തിയാക്കാനും ഈ ഡിജിറ്റൽ ഗൈഡ് വലിയ സഹായമാകുമെന്ന് മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

