ഗസ്സയിൽ സമഗ്രമായ ഉടമ്പടി; അമേരിക്കയുമായി സഹകരിക്കാൻ സൗദി അറേബ്യ തയാറാണെന്ന് മന്ത്രിസഭ പ്രഖ്യാപനം
text_fieldsചൊവ്വാഴ്ച റിയാദിൽ ചേർന്ന സൗദി മന്ത്രിസഭ യോഗത്തിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ അധ്യക്ഷത വഹിക്കുന്നു
റിയാദ്: ഗസ്സയിൽ സമഗ്രമായ ഉടമ്പടിക്കായി അമേരിക്കയുമായി സഹകരിക്കാൻ സൗദി അറേബ്യ സന്നദ്ധത പ്രകടിപ്പിച്ചു. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ചൊവ്വാഴ്ച റിയാദിൽ ചേർന്ന മന്ത്രിസഭ യോഗം, ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനും ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനും വേണ്ടിയുള്ള സുപ്രധാന നിലപാട് ആവർത്തിച്ചു.
ഗസ്സയിൽ യുദ്ധം അവസാനിപ്പിക്കുക, ഇസ്രായേലി സൈന്യം പൂർണമായി പിൻവാങ്ങുക, നിയന്ത്രണങ്ങളില്ലാതെ മതിയായ മാനുഷിക സഹായം എത്തിക്കുക എന്നീ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി അമേരിക്കയുമായി സഹകരിക്കാൻ സൗദി അറേബ്യ തയാറാണെന്ന് മന്ത്രിസഭ പ്രഖ്യാപിച്ചു.
1967-ലെ അതിർത്തികളിൽ കിഴക്കൻ ജറുസലേം തലസ്ഥാനമാക്കി ഒരു സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്ന ദ്വിരാഷ്ട്ര പരിഹാരത്തിന് അടിസ്ഥാനമായ നീതിയുക്തവും സമഗ്രവുമായ സമാധാനം കൈവരിക്കുന്നതിനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്താൻ ഇത് സഹായിക്കുമെന്ന് മന്ത്രിസഭ വിലയിരുത്തി.
ഫലസ്തീനെ ഒരു സ്വതന്ത്ര രാജ്യമായി അംഗീകരിക്കുന്ന രാജ്യങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതിനുള്ള സൗദിയുടെ ഊർജ്ജിതമായ നയതന്ത്ര ശ്രമങ്ങൾ വിജയം കണ്ടതായി യോഗം ചൂണ്ടിക്കാട്ടി. ഫലസ്തീൻ ജനതയുടെ സ്വയം നിർണ്ണയാവകാശത്തെ ഏകീകരിക്കുന്നതിനുള്ള അന്താരാഷ്ട്ര ഇച്ഛാശക്തി വർധിച്ചു വരുന്നതായും കൗൺസിൽ വിലയിരുത്തി.
ഗസ്സയിലെ സംഘർഷം അവസാനിപ്പിക്കുന്നതിനും പ്രദേശം പുനർനിർമ്മിക്കുന്നതിനും, മാനുഷിക സഹായം തടസ്സങ്ങളില്ലാതെ പ്രവേശിപ്പിക്കാനും ലക്ഷ്യമിട്ടുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമഗ്ര പദ്ധതിയെ സൗദി ഭരണകൂടം സ്വാഗതം ചെയ്തു. വെസ്റ്റ് ബാങ്ക് ഇസ്രായേലുമായി കൂട്ടിച്ചേർക്കാൻ അനുവദിക്കില്ലെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനത്തെയും മന്ത്രിസഭ അഭിനന്ദിച്ചു. ഇസ്രായേൽ പിന്മാറ്റം, മാനുഷിക സഹായം, ദ്വിരാഷ്ട്ര പരിഹാരം എന്നിവയിൽ സൗദിയുടെ ദീർഘകാലമായിട്ടുള്ള നിലപാടുകൾക്ക് മന്ത്രിസഭ വീണ്ടും അടിവരയിടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

