തുറമുഖങ്ങളിലെ കമ്പനി ജോലികൾ : സ്വദേശിവത്കരിക്കാൻ നടപടി ഉൗർജിതം
text_fieldsജിദ്ദ ഇസ്ലാമിക് തുറമുഖം
ജിദ്ദ: സൗദി തുറമുഖങ്ങളിൽ പ്രവർത്തിക്കുന്ന കമ്പനികളിലെ ജോലികൾ സ്വദേശിവത്കരിക്കാനുള്ള നടപടികൾ ഉൗർജിതമാക്കി. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയവുമായി സഹകരിച്ച് പോർട്ട് ജനറൽ അതോറിറ്റിക്കു കീഴിലാണ് ഇതിനുള്ള നടപടി പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസം ദമ്മാമിലെ കിങ് അബ്ദുൽ അസീസ് തുറമുഖത്ത് പ്രവർത്തിക്കുന്ന കമ്പനികളിലെ ജോലികൾ സ്വദേശിവത്കരിക്കാൻ മൂന്നു കരാറിലാണ് ഒപ്പുവെച്ചത്. സൗദി ഇൻറർനാഷനൽ പോർട്ട് കമ്പനി, അൽസാമിൽ മറൈൻ സർവിസസ് കമ്പനി, സൗദി െഡവലപ്മെൻറ്, എക്സ്പോർട്ട് സേവന കമ്പനി എന്നിവ ഇതിലുൾപ്പെടും.
ഒാപറേഷൻ വിഭാഗങ്ങളിലെ 39 തൊഴിൽ മേഖലകൾ സ്വദേശിവത്കരിക്കാനാണ് ലക്ഷ്യമിടുന്നത്. കരാർ കാലയളവിൽ 900ത്തിലധികം ജോലികൾ സ്വദേശിവത്കരിക്കുക, തൊഴിൽ പരിശീലന വേളയിൽ വേതനം നൽകുക, തൊഴിൽ വിപണിയിലെ സ്വദേശികളായ യുവാക്കളുടെയും യുവതികളുടെയും കഴിവുകളും അഭിലാഷവുമനുസരിച്ച് ജോലിക്ക് പ്രാപ്തരാക്കുക എന്നിവ കരാറിലുൾപ്പെടും. രാജ്യത്തെ പ്രധാന തുറമുഖങ്ങളിലെ ജോലികൾ സ്വദേശിവത്കരിക്കാൻ നടത്തുന്ന ശ്രമങ്ങളുടെ തുടർച്ചയായാണ് ദമ്മാം തുറമുഖത്തെ കമ്പനികളിലെ ജോലികളും സ്വദേശിവത്കരിക്കാൻ പോകുന്നത്. പോർട്ടുകളിൽ പ്രവർത്തിക്കുന്ന കമ്പനികളിലെ ജോലികൾ സ്വദേശിവത്കരിക്കാൻ അതോറിറ്റി കാണിക്കുന്ന താൽപര്യത്തിെൻറ ഭാഗമാണ്.
രാജ്യത്തെ പോർട്ടുകളിലെ ജോലികൾ സ്വദേശിവത്കരിക്കുകയാണ് പോർട്ട് അതോറിറ്റിയും മാനവ വിഭവശേഷി മന്ത്രാലയവും ലക്ഷ്യമിടുന്നത്. നേരേത്ത ഗതാഗത മന്ത്രാലയവും മാനവ വിഭവശേഷി മന്ത്രാലയവും തമ്മിൽ ഒപ്പുവെച്ചിട്ടുണ്ട്. അതിെൻറ ഫലമായി ഉണ്ടായ ഉപസംരംഭങ്ങളാണിത്. ഗതാഗത, ലോജിസ്റ്റിക് മേഖലകളിൽ 45,000 തൊഴിലവസരങ്ങൾ ഒരുക്കുകയാണ് അതിലൂടെ ലക്ഷ്യമിടുന്നത്. തൊഴിൽ വിപണിയിൽ സ്വദേശികളുടെ അനുപാതം വർധിക്കാനും വിഷൻ 2030െൻറ ലക്ഷ്യം നേടാനും ഇതു സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ജിദ്ദ ഇസ്ലാമിക് പോർട്ടിൽ പ്രവർത്തിക്കുന്ന കമ്പനികളിലെ ജോലികൾ സ്വദേശിവത്കരിക്കാൻ പോർട്ട് അതോറിറ്റി നേരേത്ത നടപടികൾ ആരംഭിച്ചിട്ടുണ്ട്. റെഡ്സീ ഗേറ്റ്വേ ടെർമിനൽ കമ്പനി, വേൾഡ് മിഡിലീസ്റ്റ് കമ്പനി, സാമിൽ മറൈൻ സർവിസസ് കമ്പനി, മൻസൂർ അൽമുസാഇദ് ട്രേഡിങ് ആൻഡ് കോൺട്രാക്ടിങ് കമ്പനി എന്നിവ പദ്ധതിയിലുൾപ്പെടും. 2021ൽ ജിദ്ദ തുറമുഖത്തെ 23 തൊഴിൽ മേഖലകളിൽ 300ലധികം ജോലികൾ സ്വദേശിവത്കരിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

