മഅ്ദനിയോടുള്ള മനുഷ്യാവകാശ ലംഘനത്തിനെതിരെ സമൂഹ മനസ്സാക്ഷി ഉണരണം -മുഹമ്മദ് റജീബ്
text_fieldsജിദ്ദയിൽ പീപ്ള്‍സ് കള്‍ച്ചറല്‍ ഫോറം ജിദ്ദ ഘടകം സംഘടിപ്പിച്ച അംഗത്വ കാമ്പയിൻ പരിപാടി
ജിദ്ദ: അബ്ദുന്നാസിര്‍ മഅ്ദനിയുടെ വിചാരണ അനന്തമായി നീട്ടിക്കൊണ്ടുപോയി അദ്ദേഹത്തെ ഭരണകൂടം ഇല്ലായ്മ ചെയ്യാൻ ശ്രമം നടത്തുകയാണെന്നും ഇതിനെതിരെ ജന മനഃസാക്ഷി ഉണരണമെന്നും പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് റജീബ് അഭ്യർഥിച്ചു. പീപ്ള്‍സ് കള്‍ച്ചറല്‍ ഫോറം (പി.സി.എഫ്) ജിദ്ദ ഘടകം സംഘടിപ്പിച്ച അംഗത്വ കാമ്പയിൻ പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
എട്ടു വര്‍ഷം മുമ്പ് വിചാരണ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാമെന്ന് സുപ്രീംകോടതിക്കും ഹൈകോടതിക്കും നൽകിയ ഉറപ്പുകൾ നിരന്തരം സർക്കാർ ലംഘിക്കുകയാണ്. നിരവധി രോഗങ്ങൾകൊണ്ട് ബുദ്ധിമുട്ടുന്ന മഅ്ദനിയുടെ ആരോഗ്യനില അനുദിനം വഷളാകുന്ന സാഹചര്യത്തിലും സ്വാഭാവിക നീതി ലഭ്യമാക്കാൻ സർക്കാർ തയാറാകുന്നില്ല. വീട്ടുതടങ്കലിന് സമാനമായ അവസ്ഥയിൽ നീതിന്യായ വ്യവസ്ഥക്ക് വലിയ ചോദ്യചിഹ്നമായി മഅ്ദനി ബംഗളൂരുവിൽ കഴിയുകയാണ്.
വിചാരണ നടപടിക്രമങ്ങളിൽ കോടതിയെ സഹായിക്കുക എന്ന പ്രാഥമിക കർത്തവ്യംപോലും സർക്കാർ ലംഘിക്കുകയാണ്. മഅ്ദനിക്കെതിരെ കർണാടക സർക്കാർ കൊണ്ടുവന്ന ഗൂഢാലോചന കുറ്റം നിലനിൽക്കുന്നതല്ലെന്ന് വിചാരണ നടപടിക്രമങ്ങൾ അവസാന ഘട്ടത്തിൽ എത്തിനിൽക്കെ സർക്കാറിന് മനസ്സിലായി. അതിന്‍റെ അടിസ്ഥാനത്തിലാണ് വ്യവസ്ഥയെ പരിഹസിക്കുന്ന ഈ നാടകങ്ങൾ.
ഭരണഘടനയും മനുഷ്യാവകാശങ്ങളും ലംഘിക്കപ്പെടുന്ന ഈ ക്രൂരതക്കെതിരെ സമൂഹ മനസ്സാക്ഷി ഉണരണമെന്നും ശക്തമായ പ്രതിഷേധ ശബ്ദങ്ങൾ ഉയരണമെന്നും മുഹമ്മദ് റജീബ് ആവശ്യപ്പെട്ടു. പോരാട്ടമാണ് ജനാധിപത്യത്തിന്റെ ജീവവായു എന്ന ആപ്തവാക്യം മനസ്സിലാക്കി സത്യത്തിനും നീതിക്കും വേണ്ടി ഉറക്കെ സംസാരിക്കുന്നതിന് ഭരണകൂടത്തിന്‍റെ ഉദാരതക്ക് കാത്തുനിൽക്കാത്ത ഒരു സംഘടന നേതൃത്വത്തെയാണ് ഇന്ന് ഇന്ത്യൻ മുസ്‍ലിംകൾ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങ് പി.സി.എഫ് സൗദി നാഷനൽ കമ്മിറ്റി പ്രസിഡന്റ് ദിലീപ് താമരക്കുളം ഉദ്ഘാടനം ചെയ്തു. നാഷനൽ കമ്മിറ്റിയംഗം അബ്ദുറസാഖ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഷിഹാബ് പൊന്മള, ഗഫൂര്‍ കളിയാട്ടുമുക്ക്, ഫൈസല്‍ പൊന്മള എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി കരീം മഞ്ചേരി സ്വാഗതവും ബക്കര്‍ സിദ്ദീഖ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

