Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകേരളത്തിെൻറ ആത്മാവ്...

കേരളത്തിെൻറ ആത്മാവ് വീണ്ടെടുക്കാൻ...

text_fields
bookmark_border
കേരളത്തിെൻറ ആത്മാവ് വീണ്ടെടുക്കാൻ...
cancel

വൈവിധ്യങ്ങൾക്കിടയിലെ ഉദാത്തമായ ഐക്യമാണ് കേരളം ലോകത്തിന് നൽകുന്ന ഏറ്റവും വലിയ സന്ദേശം. ഭാരതത്തിെൻറ ഇതര ഭാഗങ്ങളിൽ വർഗീയ ധ്രുവീകരണത്തിെൻറ കാറ്റ് ആഞ്ഞടിക്കുമ്പോഴും, ഒരു മതേതര തുരുത്തായി ഈ നാട് നിലകൊള്ളുന്നത് ഇവിടുത്തെ ജനത പുലർത്തുന്ന രാഷ്ട്രീയ വിവേകം കൊണ്ടാണ്. എന്നാൽ, ഈ ഐക്യത്തിെൻറ അടിത്തറ ഇളക്കാൻ ലക്ഷ്യമിട്ടുള്ള ആസൂത്രിത നീക്കങ്ങൾ അണിയറയിൽ സജീവമാണെന്ന തിരിച്ചറിവ് ഗൗരവത്തോടെ കാണേണ്ടതുണ്ട്. ന്യൂനപക്ഷങ്ങൾക്കിടയിൽ പരസ്പര സംശയത്തിെൻറ വിത്തുകൾ പാകിയും, ഭയപ്പെടുത്തിയും പ്രലോഭിപ്പിച്ചും അവരെ മതേതര ചേരിയിൽ നിന്ന് അടർത്തിയെടുക്കാനുള്ള ശ്രമങ്ങൾ കേരളത്തിെൻറ സ്വസ്ഥത കെടുത്തുകയാണ്. വിദേശ ഫണ്ടിങ് നിയമത്തിലെ (എഫ്.സി.ആർ.എ) ഭേദഗതികളെ മുൻനിർത്തി ക്രൈസ്തവ സഭകളെയും സ്ഥാപനങ്ങളെയും ഭീഷണിപ്പെടുത്തുന്ന പ്രവണത ജനാധിപത്യത്തിന് ഒട്ടും ഭൂഷണമല്ല. ‘

വിധേയപ്പെട്ടില്ലെങ്കിൽ സാമ്പത്തികമായി ശ്വാസംമുട്ടിക്കും’ എന്ന തരത്തിലുള്ള സന്ദേശങ്ങൾ ഭയത്തിെൻറ രാഷ്ട്രീയം നിർമിക്കാനാണ് ശ്രമിക്കുന്നത്. ഇന്ന് ഒരു വിഭാഗത്തെ ലക്ഷ്യം വെക്കുന്ന അതേ നിയമവാൾ നാളെ മറ്റൊരു വിഭാഗത്തിനുനേരെയും തിരിയുമെന്ന ബോധ്യം സമാധാനകാംക്ഷികൾക്കുണ്ടാകണം. വംശീയമായ മുൻവിധികളോടെ പ്രവർത്തിക്കുന്ന പ്രത്യയശാസ്ത്രങ്ങൾക്ക് കേവലം താൽക്കാലിക താൽപര്യങ്ങൾ മാത്രമേയുള്ളൂവെന്ന് നാം തിരിച്ചറിയണം. മതേതരത്വത്തിെൻറ കാവൽക്കാരാകേണ്ടവർ പോലും വോട്ടുബാങ്ക് രാഷ്ട്രീയത്തിനായി വിഭാഗീയതയുടെ ആയുധങ്ങൾ പുറത്തെടുക്കുന്നത് ദൗർഭാഗ്യകരമാണ്. കുപ്രസിദ്ധമായ ‘മാഷാ അള്ളാ’ സ്റ്റിക്കറുകളുടെ ഉടമകൾ തന്നെ, തെരഞ്ഞെടുപ്പ് കാലങ്ങളിൽ ‘കാഫിർ’ പ്രയോഗങ്ങളിലൂടെയും പേരാമ്പ്രയിലെ ‘ഖൗം’ പരാമർശങ്ങളിലൂടെയും കേരളത്തിെൻറ രാഷ്ട്രീയ സംസ്കാരത്തിന് കളങ്കമുണ്ടാക്കുകയാണ്. ഭൂരിപക്ഷ-ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ വൈകാരികമായ മതിലുകൾ പണിയുന്ന ഇത്തരം തന്ത്രങ്ങൾ പയറ്റുന്നത് ഇടതുപക്ഷമായാലും മറ്റാരായാലും, അത് തകർക്കുന്നത് കേരളത്തിെൻറ മഹത്തായ പാരമ്പര്യത്തെയാണ്.

വലതുപക്ഷ ഹിന്ദുത്വ തീവ്രവാദത്തെ തൃപ്തിപ്പെടുത്തുന്ന തരത്തിൽ ഇടതുപക്ഷത്തെ ഒരു വിഭാഗം സ്വീകരിക്കുന്ന മൃദുസമീപനം ഭരണഘടനാ മൂല്യങ്ങളോടുള്ള വെല്ലുവിളിയാണ്. സ്വന്തം കുടുംബ സുഖങ്ങൾക്കും അധികാര സംരക്ഷണത്തിനും വേണ്ടി പ്രത്യയശാസ്ത്രങ്ങൾ അടിയറവ് വെക്കുന്ന ഭരണാധികാരികളുടെ നിലപാടുകളിൽ മനംമടുത്ത് പല പ്രമുഖരും പ്രസ്ഥാനം വിട്ടുപോകുന്നത് നാം കണ്ടുകൊണ്ടിരിക്കുന്നു. പാർട്ടിക്കുള്ളിലെ ഈ നീരസം സൂചിപ്പിക്കുന്നത് ആ പ്രസ്ഥാനത്തിെൻറ മതേതര മുഖംമൂടി അഴിഞ്ഞുവീഴുന്നു എന്നാണ്.

കുടുംബ താൽപര്യങ്ങൾക്ക് വേണ്ടി ഫാഷിസ്റ്റ് ശക്തികളോട് പരോക്ഷമായി സന്ധി ചെയ്യുന്ന രാഷ്ട്രീയ വഞ്ചനകളെ തിരിച്ചറിയാൻ ജനാധിപത്യ വിശ്വാസികൾക്ക് സാധിക്കണം. ഭരണഘടന നൽകുന്ന അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെങ്കിൽ ജനവിഭാഗങ്ങൾ തമ്മിലുള്ള ആത്മബന്ധം വീണ്ടെടുക്കേണ്ടതുണ്ട്. ന്യൂനപക്ഷങ്ങൾക്കിടയിലെ സ്പർദ്ധ വർഗീയ ശക്തികൾക്ക് വളം വെക്കുകയേയുള്ളൂ. ഈ രാഷ്ട്രീയ ചതിക്കുഴികളെ അതിജീവിക്കാൻ കേവലം പ്രതിഷേധങ്ങൾ മാത്രം പോരാ; നമ്മുടെ വോട്ടവകാശം ഒരു പ്രതിരോധ കവചമായി മാറണം.

വിഭാഗീയതയുടെ വിഷം ചീറ്റുന്നവർക്കും അവർക്ക് വളം വെക്കുന്ന നിഗൂഢ താൽപര്യങ്ങൾക്കും നൽകാവുന്ന ഏറ്റവും വലിയ മറുപടി ബാലറ്റ് പെട്ടികളിലൂടെയാകണം. ജാഗ്രതയുള്ള ന്യൂനപക്ഷങ്ങളും മതേതരത്വത്തിൽ വിശ്വസിക്കുന്ന ഭൂരിപക്ഷവും ഭരണകൂട വഞ്ചനയിൽ മനംമടുത്ത രാഷ്ട്രീയ പ്രവർത്തകരും ഒന്നിക്കുന്ന ഒരു വിശാലമായ ‘ബദൽ കേരളം’ ഇന്ന് ആവശ്യമാണ്. ക്രൈസ്തവ-മുസ്ലിം സൗഹൃദവും സമാധാനകാംക്ഷികളായ പൊതുസമൂഹത്തിെൻറ പിന്തുണയും ഒത്തുചേരുന്ന പുതിയ രാഷ്ട്രീയ ഉദയം കേരളത്തിൽ സംഭവിക്കണം. വിഭജനത്തിെൻറ രാഷ്ട്രീയത്തെ തറപറ്റിക്കാനും മതേതര പാരമ്പര്യം കാത്തുസൂക്ഷിക്കാനും ജനാധിപത്യ വിശ്വാസികൾ ഒറ്റക്കെട്ടായി നിലകൊള്ളേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആ മതേതര മുന്നേറ്റത്തിെൻറ വിളംബരമാകട്ടെ വരാനിരിക്കുന്ന ഓരോ വോട്ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsGulf NewsKeralaSaudi Arabian News
News Summary - communal unity in kerala
Next Story