20 വർഷമായി നാട്ടിൽ പോകാത്ത ഇന്ത്യക്കാരൻ ഒരു വർഷമായി അബോധാവസ്ഥയിൽ
text_fieldsദമ്മാം: 20 വർഷമായി നാട്ടിൽ പോകാത്ത ഇന്ത്യക്കാരൻ ഒരു വർഷമായി അബോധാവസ്ഥയിൽ ദമ്മാമിലെ ആശുപത്രിയിൽ. ഹൃദയാഘാതത്തെ തുടർന്ന് അബോധാവസ്ഥയിലായ തെലുങ്കാന സ്വദേശിയെ ഒടുവിൽ വിദഗ്ധ ചികിത്സക്ക് നാട്ടിലെത്തിക്കാൻ നടപടിയായി. തെലുങ്കാന സിർസില ജില്ലയിലെ ഷംസുദ്ദീൻ (43) ആണ് ഹൃദയാഘാത തുടർന്ന് ഒരു വർഷത്തിലേറെയായി ദമ്മാമിലെ ആശുപത്രിയിൽ അബോധാവസ്ഥയിൽ തുടരുന്നത്. ഹൃദയസ്തംഭനത്തോടൊപ്പം തലച്ചോറിൽ രക്തസ്രാവമുണ്ടാവുകയും പൂർണമായും അബോധാവസ്ഥയിലാവുകയും ചെയ്തു. മാസങ്ങൾ നീണ്ട ചികിത്സക്ക് ശേഷവും ഒട്ടും ശമനമുണ്ടായില്ല. കണ്ണുകൾ തുറന്നടക്കാനാവുമെന്നതല്ലാതെ മറ്റൊന്നും ചെയ്യാനാവാത്ത പൂർണ അബോധാവസ്ഥയിലായിരുന്നു ഇദ്ദേഹം. തുടർന്ന് വിദഗ്ധ ചികിത്സക്ക് സ്‌ട്രക്‌ചറിൽ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ ഫലം കാണുന്നത്. ഏറെ സങ്കീർണതകളുള്ള കേസിൽ കിഴക്കൻ സൗദിയിലെ സാമൂഹ്യ പ്രവർത്തകൻ നാസ് വക്കത്തിെൻറ നേതൃത്വത്തിൽ എംബസിയുടെ സഹകരണത്തോടെ നടത്തിയ മാസങ്ങൾ നീണ്ട നീക്കങ്ങൾക്കൊടുവിലാണ് നാട്ടിലേക്ക് എത്തിക്കാൻ വഴിയൊരുങ്ങുന്നത്.
റെസിഡൻസ് പെർമിറ്റും അനുബന്ധ രേഖകളുമില്ലാതെ വർഷങ്ങളായി സൗദിയിൽ ജോലി ചെയ്യുന്ന ഷംസുദ്ദീനെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും അറിയുമായിരുന്നില്ല. കീശയിൽ നിന്ന് ലഭിച്ച സ്വകാര്യ കമ്പനിയുടെ വിലാസത്തിൽ ബന്ധപ്പെട്ടാണ് ഒടുവിൽ ആളെ തിരിച്ചറിഞ്ഞത്. അബോധാവസ്ഥയിലുള്ള രോഗിയെ സ്‌ട്രക്‌ചറിൽ നാട്ടിലെത്തിക്കാൻ വിമാന ചെലവടക്കം 5000 ഡോളർ ചെലവ് വരുമെന്നാണ് കണക്ക്. നിർധനനായ ഇദ്ദേഹത്തിന് നാട്ടിലേക്ക് പോവാനുള്ള ഭാരിച്ച തുക കണ്ടെത്താനാവാത്തതും കേസ് നീണ്ടു പോവാനിടയാക്കി. കൂടാതെ റെൻറ് എ കാർ കമ്പനിയിൽ പണം അടക്കാതിരുന്ന മറ്റൊരു കേസും ഇദ്ദേഹത്തിനെതിരെ ഉണ്ടായിരുന്നു. സാമൂഹ്യ പ്രവർത്തകൻ നാസ് വക്കത്തിെൻറ ഇടപെടലിലൂടെ റെൻറ് എ കാർ കമ്പനിയെ ഇദ്ദേഹത്തിെൻറ ദുരിതാവസ്ഥ ബോധിപ്പിച്ചതോടെ കേസ് പിൻവലിച്ചു.
തുടർന്ന്, മാസങ്ങൾ നീണ്ട, പരിശ്രമങ്ങൾക്കൊടുവിൽ നാട്ടിലയക്കുന്നതിനുള്ള സാമ്പത്തിക ചെലവ് എംബസി വഹിക്കാൻ തയാറായതോടെയാണ് വിദഗ്ധ ചികിത്സക്കായി നാടണയുന്നത്. കഴിഞ്ഞ 20 വർഷത്തോളമായി ഷംസുദ്ദീന് കുടുംബവുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. സൗദിയിലുള്ള സഹോദരൻ ഒരിക്കൽ ഇദ്ദേഹത്തെ അന്വേഷിച്ച് കണ്ടെത്താൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. സാമ്പത്തിക പരാധീനതകളും നിയമക്കുരുക്കുകളും മൂലം അവധിക്ക് പോവാനും കഴിഞ്ഞിരുന്നില്ല. മതിയായ രേഖകളില്ലാതെ കിഴക്കൻ പ്രവിശ്യയിലെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്‌ത് വരികയായിരുന്നു ഇദ്ദേഹം. ദമ്മാമിൽ നിന്നും ഹൈദരാബാദിലേക്ക് രോഗിയെ അനുഗമിക്കാൻ ഒരു നഴ്സിെൻറ സഹായമാണ് ഇനി വേണ്ടത്. നഴ്‌സിന് വേണ്ട വിമാന ടിക്കറ്റ് എംബസി നൽകും. നഴ്‌സിനെ ലഭിക്കുന്ന മുറക്ക്, നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി ഹൈദരാബാദിലേക്ക് വിദഗ്ധ ചികിത്സക്ക് അയക്കാനാവുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
