ഹൃദ്യാനുഭവമായി കൊച്ചി കൂട്ടായ്മയുടെ ‘കൊച്ചിൻ ഫെസ്റ്റ് 2025’
text_fieldsജിദ്ദയിലെ കൊച്ചി കൂട്ടായ്മയുടെ ‘കൊച്ചിൻ ഫെസ്റ്റ് 2025’-ൽ ഗായിക മിയക്കുട്ടിയെ ആദരിച്ചപ്പോൾ
ജിദ്ദ: ജിദ്ദയിലെ കൊച്ചി കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘കൊച്ചിൻ ഫെസ്റ്റ് 2025’ സമാപിച്ചു. ഈദ്, വിഷു, ഈസ്റ്റർ ഫെസ്റ്റിവൽ ചടങ്ങായി നടത്തിയ പരിപാടി ഉത്സവങ്ങൾക്കതീതമായി ഒരു മലയാളി സാംസ്കാരിക മഹോത്സവമായി മാറി. ജിദ്ദ ഷറഫിയയിലെ സഫയർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഗായിക മിയ ഈസ മെഹക് എന്നറിയപ്പെടുന്ന ഫോർട്ട്കൊച്ചി സ്വദേശി ‘മിയക്കുട്ടി’യുടെ സാന്നിധ്യം മുഖ്യ ആകർഷകമായിരുന്നു.
മിയക്കുട്ടിയുടെ ജിദ്ദയിലെ ആദ്യ പ്രകടനം സംഗീതവേദിയിൽ തന്റെ സ്വരമാധുര്യത്തിലൂടെ പ്രേക്ഷക മനസ്സുകളെ കീഴടക്കുന്നതായി മാറി. ‘ചാറ്റ് വിത്ത് മിയക്കുട്ടി’ എന്ന പരിപാടിയിൽ മിയക്കുട്ടിയോട് നേരിട്ട് സംസാരിക്കാനായതിന്റെ ആവേശത്തിലായിരുന്നു ജിദ്ദയിലെ മലയാളികൾ. സാമൂഹിക സാംസ്കാരിക രംഗത്ത് നിറഞ്ഞ ചുവടുകൾ പതിപ്പിച്ച നിസ്സാമി നൈന പരിപാടി ഉദ്ഘാടനം ചെയ്തു. കൊച്ചികൂട്ടായ്മ ജിദ്ദ പ്രസിഡൻറ് സനോജ് സൈനുദ്ധീൻ ആമുഖപ്രഭാഷണം നടത്തി.
2019-ൽ ജിബിൻ സമദ് കൊച്ചിയുടെ നേതൃത്വത്തിൽ പുനഃസംഘടിപ്പിച്ച കൊച്ചി കൂട്ടായ്മ ജിദ്ദ ഘടകത്തിന് സാംസ്കാരിക സാമൂഹിക കാരുണ്യ മേഖലകളിൽ നിരവധി സേവനങ്ങൾ ചെയ്യാൻ കഴിഞ്ഞിട്ടുണ്ടെന്നും എല്ലാവരുടെയും നിറഞ്ഞ പിന്തുണ ലഭിക്കുന്നതായും അദ്ദേഹം പറഞ്ഞു. മാധ്യമ പ്രവർത്തകൻ മുസാഫിർ തന്റെ അനുഭവങ്ങൾ പങ്കുവെച്ച് സംസാരിച്ചു.
മിയക്കുട്ടിയെ ചടങ്ങിൽ പൊന്നാട അണിയിച്ചു. ഫലകം സമ്മാനിച്ചു. കെ.ടി.എ. മുനീർ, റഷീദ് കാവുങ്കൽ, വി.പി. മുസ്തഫ, നാസർ എടവനക്കാട്, സലാഹ് കാരാടാൻ, കബീർ കൊണ്ടോട്ടി എന്നിവർ സംസാരിച്ചു.
പ്രോഗ്രാം കോഓഡിനേറ്റർ ഹിജാസ് കളരിക്കലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സംഗീത വേദിയിൽ ജിദ്ദയിലെ വിവിധ പ്രതിഭകൾ ഒരുമിച്ചുക്കൂടി. മിർസ ശരിഫ്, ജമാൽ പാഷ, സോഫിയ സുനിൽ, മുംതാസ്, മൻസൂർ അലി, ബാബു ജോസഫ്, സൈഹ ഫാത്തിമ തുടങ്ങിയവരുടെ ഗാനങ്ങൾ ആഘോഷത്തിന് പൊലിമ നൽകി. മാധ്യമ പ്രവർത്തകരായ സുൽഫിക്കർ ഒതായി, ജാഫറലി പാലക്കോട്, ബാദുഷ എന്നിവരും ജിദ്ദയിലെ വിവിധ സാംസ്കാരിക സംഘടനകളിൽ നിന്നുള്ള പ്രമുഖരുംചടങ്ങിൽ സംബന്ധിച്ചു. സെക്രട്ടറി മൻസൂർ അലി സ്വാഗതവും ട്രഷറർ ബാബു ജോസഫ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

