കോവിഡ് വാക്സിനേഷൻ: ആരോഗ്യ മന്ത്രിക്ക് വാക്സിൻ കുത്തിവെക്കാൻ അവസരം ലഭിച്ചതിൽ സന്തോഷം –ഹസ്ന അബൂബക്കർ
text_fieldsആരോഗ്യമന്ത്രി ഡോ. തൗഫീഖ് അൽറബീഅയോടൊപ്പം ഹസ്ന
ജിദ്ദ: ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അൽറബീഅക്ക് കോവിഡ് വാക്സിൻ കുത്തിവെക്കാൻ അവസരം ലഭിച്ചതിൽ ഏറെ സന്തോഷവതിയാണ് സൗദി ലബോറട്ടറി സ്പെഷലിസ്റ്റായ ഹസ്ന അബൂബക്കർ. കോവിഡിനെ പ്രതിരോധിക്കുന്ന ഫൈസർ വാക്സിെൻറ കാമ്പയിൻ സൗദിയിൽ ഉദ്ഘാടനം ചെയ്തത് ആരോഗ്യമന്ത്രിയാണ്. ആ ഉദ്ഘാടന കുത്തിവെപ്പ് ചെയ്തത് ഹസ്ന അബൂബക്കറാണ്. റിയാദ് ഇൻറർനാഷനൽ കോൺഫറൻസ് സെൻററിൽ ഒരുമിച്ചുകൂടിയ മാധ്യമപ്രവർത്തകരടക്കമുള്ള പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ് ഹസ്ന, ഡോ. അൽറബീഅക്ക് വാക്സിെൻറ ആദ്യ ഡോസ് കുത്തിവെച്ചത്. ഇതോടെ കോവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകിയ ആദ്യത്തെ സൗദി ആരോഗ്യപ്രവർത്തകയായി ഇവർ മാറി. റിയാദിലെ അൽയമാമ സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്ത മെഡിക്കൽ കെയർ കോളജിലെ ബിരുദധാരിയാണ് ഹസ്ന.
ആരോഗ്യ മന്ത്രിക്ക് വാക്സിൻ കുത്തിവെപ്പ് എടുക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് മാത്രമാണ്, തന്നെ ഇതിനായി തിരഞ്ഞെടുത്ത വിവരം അറിഞ്ഞതെന്നും ഈ അവസരം ലഭിച്ചതിൽ താൻ അതീവ സന്തോഷവതിയാണെന്നും 'അൽഅറബിയ' ചാനലിന് അനുവദിച്ച അഭിമുഖത്തിൽ ഹസ്ന പറഞ്ഞു. മന്ത്രി വന്നപ്പോൾ തനിക്ക് ഒരുതരം പരിഭ്രമം തോന്നിയെങ്കിലും തെൻറ മുന്നിലുള്ളത് ഒരു രോഗിയാണെന്ന ആത്മവിശ്വാസത്തോടെ താൻ തെൻറ ജോലി പൂർത്തിയാക്കിയെന്നും അവർ പറഞ്ഞു. കുത്തിവെപ്പിന് ശേഷം തന്നെയും തന്നോടൊപ്പമുള്ള ടീമിനെയും അഭിനന്ദിക്കാനും പ്രോത്സാഹിപ്പിക്കാനും കൂടെ ഫോട്ടോയെടുക്കാനും മന്ത്രി തയാറായതിലുള്ള സന്തോഷവും അവർ പ്രകടിപ്പിച്ചു. ആരോഗ്യ പ്രവർത്തനങ്ങളിലേർപ്പെട്ട മൊത്തം സൗദി സ്ത്രീകളുടെ പ്രതിനിധിയായാണ് താൻ ഈ ദൗത്യം നിർവഹിച്ചതെന്നും രാജ്യത്തെ സ്ത്രീസമൂഹം ഇത്തരം ഏതു ജോലികളിലും തങ്ങളുടെ നൈപുണ്യം രേഖപ്പെടുത്തിയവരാണെന്ന് ലോകത്തെ അറിയിക്കാൻ താൻ ഈ അവസരം ഉപയോഗപ്പെടുത്തുന്നതായും ഹസ്ന പറഞ്ഞു. ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും സൗദി ജനതക്ക് നൽകുന്ന വലിയ പിന്തുണക്കും കരുതലിനും പൗരന്മാരുടെയും പ്രവാസികളുടെയും ആരോഗ്യത്തിന് വേണ്ടി അവർ രാജ്യത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്ന എല്ലാ മുൻകരുതലുകൾക്കും ഹസ്ന അബൂബക്കർ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

