ക്ലബ് ഫിഫ ലോകകപ്പ്: അൽഅഹ്ലി, ഫ്ലുമിനെൻസ് മത്സരം ഇന്ന്
text_fieldsജിദ്ദ: തിങ്കളാഴ്ച ജിദ്ദയിൽ നടക്കുന്ന ഫിഫ ക്ലബ് ലോകകപ്പ് സെമിഫൈനലിൽ ഈജിപ്ഷ്യൻ ക്ലബ് അൽഅഹ്ലിയും ബ്രസീലിയൻ ക്ലബ് ഫ്ലുമിനെൻസും ഏറ്റുമുട്ടും. രാത്രി ഒമ്പതിന് കിങ് അബ്ദുല്ല സ്പോർട്സ് സിറ്റിയിലെ അൽജൗഹറ സ്റ്റേഡിയത്തിലാണ് മത്സരം.
ആതിഥേയരായ അൽഇത്തിഹാദിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് അൽഅഹ്ലി സെമിഫൈനലിലെത്തിയത്. കോപ്പ ലിബർട്ടഡോർസ് ചാമ്പ്യന്മാരെ നേരിടുമ്പോൾ ഇത് ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് പലതവണ ക്ലബ് ഫിഫ ലോകകപ്പിൽ പങ്കെടുത്ത അൽഅഹ്ലിക്കുള്ളത്. സെമി ഫൈനലിനപ്പുറത്തേക്ക് കടക്കുക എന്നതാണ് അൽഅഹ്ലിയുടെ സ്വപ്നം.
എന്നാൽ സീനിയറായ കളിക്കാരുള്ള ടീമാണ് ബ്രസീലിയൻ ഫ്ലുമിനെൻസ്. ഇവരെ മറികടന്ന് ഫൈനലിലെത്തുകയെന്നത് അൽഅഹ്ലിയുടെ മുമ്പിലെ വെല്ലുവിളിയാണ്. വെള്ളിയാഴ്ചയാണ് ഫൈനൽ. തിങ്കളാഴ്ച നടക്കുന്ന മത്സരത്തിലെ വിജയികൾ മാഞ്ചസ്റ്റർ സിറ്റി-ജാപ്പനീസ് ഉറവ റെഡ് ഡയമണ്ട്സിന്റെ വിജയികളുമായി ഏറ്റുമുട്ടും. ചൊവ്വാഴ്ച രാത്രി ഒമ്പതിന് അൽജൗഹറ സ്റ്റേഡിയത്തിലാണ് മാഞ്ചസ്റ്റർ സിറ്റി-ഉറവ റെഡ് ഡയമണ്ട്സ് മത്സരം.

