മഴയുടെ ലഭ്യത ഉറപ്പാക്കുന്നതിനായി സൗദിയിൽ ആറ് മേഖലകളിൽ ക്ലൗഡ് സീഡിങ് പദ്ധതി
text_fieldsസൗദിയിൽ നേരത്തേ നടപ്പിലാക്കിയ ക്ലൗഡ് സീഡിങ് പദ്ധതി
(ഫയൽ)
ജിദ്ദ: വേനൽ കാലത്ത് മഴയുടെ അളവ് വർധിപ്പിക്കാനും ജലസുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ട് സൗദിയുടെ ആറു പ്രാധാന മേഖലകളിൽ ക്ലൗഡ് സീഡിങ് പദ്ധതി നടപ്പിലാക്കാനൊരുങ്ങുന്നു. റിയാദ്, അൽഖസീം, ഹാഇൽ, മക്ക, അൽബഹ, അസീർ തുടങ്ങിയ ഇടങ്ങളിലെ മേഖലകളിലാണ് നിലവിൽ സൗദി റീജനൽ ക്ലൗഡ് സീഡിങ് പ്രോഗ്രാം അതിന്റെ പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ ലക്ഷ്യമിടുന്നത്. കാലാവസ്ഥ പഠനങ്ങളുടെയും മഴ വിതരണത്തിന്റെയും സ്വഭാവത്തെ അടിസ്ഥാനമാക്കി രാജ്യത്തിന്റെ മറ്റു പ്രദേശങ്ങളിലേക്കും ഇത് ക്രമേണ വ്യാപിപ്പിക്കാൻ പദ്ധതിയിടുമെന്ന് അധികൃതർ വ്യക്തമാക്കി. നേരത്തേ റിയാദിലടക്കമുള്ള ചില പ്രദേശങ്ങളിൽ പരിസ്ഥിതി, ജല, കാർഷിക മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരീക്ഷണം വിജയിച്ചിരുന്നു.
2006 മുതൽ ഈ മേഘങ്ങളെ ഉത്തേജിപ്പിച്ച് മഴയുണ്ടാക്കുന്ന സാങ്കേതിക വിദ്യയാണ് ക്ലൗഡ് സീഡിങ്. പരിസ്ഥിതി സൗഹൃദ വസ്തുക്കൾ ഉപയോഗിച്ചാണ് ഈ പരീക്ഷണം നടപ്പിലാക്കാറുള്ളത്. നിർദിഷ്ടവും മുൻകൂട്ടി നിശ്ചയിച്ചതുമായ പ്രദേശങ്ങളിൽ മഴയെ ഉത്തേജിപ്പിക്കുന്നതിനും ത്വരിതപ്പെടുത്തുന്നതിനും ചില മേഘങ്ങളുടെ സവിശേഷതകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് ക്ലൗഡ് സീഡിങ് സാങ്കേതികവിദ്യ മഴയുടെ അളവും ഗുണനിലവാരവും വർധിപ്പിക്കുന്നു. സൗദിയിലെ മഴ സീഡിങ് പ്രവർത്തനങ്ങൾ പ്രത്യേക മേഘസ്ഥാനങ്ങളിൽ പരിസ്ഥിതി സൗഹൃദ വസ്തുക്കൾ ഉപയോഗിച്ച് ഈ ആവശ്യത്തിനായി രൂപകൽപന ചെയ്ത വിമാനങ്ങൾ ഉപയോഗിച്ചാണ് നടത്തുന്നത്. മേഘത്തിനുള്ളിലെ സൂക്ഷ്മമായ ഭൗതിക പ്രക്രിയകളിൽ മാറ്റം വരുത്തിയാണ് ഈ സാങ്കേതിക വിദ്യ ഫലപ്രദമാക്കുന്നത്.
സൗദിയുടെ വിഷൻ 2030ന്റെ ലക്ഷ്യങ്ങളുടെ ഭാഗമായി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ച മിഡിലീസ്റ്റ് ഗ്രീൻ സമ്മിറ്റിന്റെ ഫലങ്ങളിലൊന്നായി സൗദി ഒരു പ്രാദേശിക ക്ലൗഡ് സീഡിങ് പ്രോഗ്രാം സ്ഥാപിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. മഴയുടെ അളവ് വർധിപ്പിക്കുക, പുതിയ ജലസ്രോതസ്സുകൾ സൃഷ്ടിക്കുക, കാലാവസ്ഥ വ്യതിയാനം, മരുഭൂമീകരണം, വരൾച്ച എന്നിവയുമായി ബന്ധപ്പെട്ട വെല്ലുവിളികളെ നേരിടാൻ സസ്യജാലങ്ങളുടെ ആവരണം വർധിപ്പിക്കുക എന്നിവയാണ് ഈ പരിപാടിയുടെ ലക്ഷ്യം. റിയാദ്, ഹാഇൽ, അൽഖസീം മേഖലകളിൽ പരിപാടിയുടെ പ്രവർത്തനം ഇതിനകം ആരംഭിച്ചു. ഇത് രാജ്യത്ത് കൃത്രിമ മഴ പെയ്യിപ്പിക്കലിന്റ ആദ്യ ഘട്ടമായി അടയാളപ്പെടുത്തുന്നു. കഴിഞ്ഞ വർഷവും ക്ലൗഡ് സീഡിങ് പദ്ധതി ചിലയിടങ്ങളിൽ പരീക്ഷിക്കുകയും അവ വിജയപ്രദമാക്കുകയും ചെയ്തിരുന്നു.
രാജ്യത്തിന്റെ സമ്പൂർണ വികസന പദ്ധതിയായ 'വിഷൻ 2030' ലക്ഷ്യങ്ങളിൽപെട്ട ഒന്നാണ് ക്ലൗഡ് സീഡിങ് പദ്ധതി. സുസ്ഥിര പാരിസ്ഥിതിക ഭാവിയിലേക്കുള്ള സൗദി ഗ്രീൻ ഇനിഷ്യേറ്റിവ്, ഗ്രീൻ മിഡിലീസ്റ്റ് ഉച്ചകോടി എന്നിവയെ പിന്തുണക്കുന്നതിന് നാഷനൽ ക്ലൗഡ് സീഡിങ് പ്രോഗ്രാമിന്റെ ഉൽപാദനം മെച്ചപ്പെടുത്തുമെന്ന് ക്ലൗഡ് സീഡിങ് പ്രോഗ്രാമിന്റെ എക്സിക്യൂട്ടിവ് ഡയറക്ടർ എൻജിനീയർ അയ്മാൻ അൽ ബാർ പറഞ്ഞു. സൗദിയിൽ 1986-ൽ ആരംഭിച്ച ആദ്യത്തെ ക്ലൗഡ് സീഡിങ് പരീക്ഷണവും തുടർന്ന് 2004 ൽ അസിർ മേഖലയിലും 2006 ൽ മധ്യമേഖലയിലും സമർപ്പിത പരീക്ഷണങ്ങളും നടത്തിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. മഴ വർധിപ്പിക്കുന്നതിനും ജലസ്രോതസ്സുകൾ മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ട് സൗദിയിൽ ഔദ്യോഗികമായി പദ്ധതി 2022 ലാണ് യഥാർഥ തുടക്കം കുറിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
വരൾച്ച ലഘൂകരിക്കുന്നതിനും, പ്രകൃതിദത്തവും പാരിസ്ഥിതികവുമായ വിഭവങ്ങൾ പൊരുത്തപ്പെടുത്തലിനായി തയാറാക്കുന്നതിനും, പാരിസ്ഥിതിക പ്രകടനം മെച്ചപ്പെടുത്തുന്നതിനുമായി പുതിയ ജലസ്രോതസ്സുകൾ പര്യവേക്ഷണം ചെയ്യുന്നതിനായി ക്ലൗഡ് സീഡിങ് പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ രാജ്യം കൂടുതൽ ഊന്നൽ നൽകുന്നു. വേനൽക്കാല മേഘങ്ങൾ പലപ്പോഴും ചൂടുള്ളതാണെന്നും ക്ലൗഡ് ബേസ് സീഡിങ് അല്ലെങ്കിൽ തണുത്ത മേഘങ്ങൾക്ക് ക്ലൗഡ് ടോപ്പ് സീഡിങ് പോലുള്ള വ്യത്യസ്ത രീതികൾ ആവശ്യമാണെന്നും ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടി. സൗദിയിലെ റീജനൽ ക്ലൗഡ് സീഡിങ് പ്രോഗ്രാം, ക്ലൗഡ് സീഡിങ് വഴി വനവത്ക്കരണം തീവ്രമാക്കുക, മരുഭൂമീകരണം കുറക്കുക, ഈ മേഖലയിൽ ദേശീയ കേഡറുകളെ പരിശീലിപ്പിക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്. സുരക്ഷിതവും, വഴക്കമുള്ളതും, ചെലവുകുറഞ്ഞതുമായ സാങ്കേതികവിദ്യയായതിനാൽ ജല സന്തുലിതാവസ്ഥ നിലനിർത്തുന്നതിനുള്ള ഒരു പദ്ധതി കൂടിയായിരിക്കും ക്ലൗഡ് സീഡിങ് എന്ന് വിലയിരുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

