മക്കയിലെ അകിഷിയ്യ മാലിന്യസംസ്കരണ സ്ഥലം അടച്ചുപൂട്ടുന്നു
text_fieldsമക്ക നഗരത്തിലെ അൽ അകിഷിയയിലെ മാലിന്യസംസ്കരണ കേന്ദ്രം
മക്ക: നഗരത്തിന്റെ തെക്കുഭാഗത്തുള്ള അൽ അകിഷിയയിലെ മാലിന്യസംസ്കരണ കേന്ദ്രം അടച്ചുപൂട്ടാനുള്ള നടപടി മക്ക മുനിസിപ്പാലിറ്റി തുടങ്ങി. നഗര വിപുലീകരണത്തിന്റെ ഭാഗമായും ഈ മാലിന്യസംസ്കരണ കേന്ദ്രം താമസകേന്ദ്രങ്ങളുടെ അടുത്തായതും ദുർഗന്ധവും പുറന്തള്ളലും കാരണം ജനങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും പരിഗണിച്ചാണ് ഈ നടപടി.
നഗരപ്രദേശത്തിന് പുറത്ത് മാലിന്യ സംസ്കരണത്തിന് ബദൽ സ്ഥലം തയ്യാറാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി മുനിസിപ്പാലിറ്റി അധികൃതർ വിശദീകരിച്ചു. 80 ലക്ഷം ചതുരശ്ര മീറ്ററിലേറെ വലിപ്പത്തിലാണ് പുതിയ കേന്ദ്രം തയ്യാറാക്കുന്നത്.
ഊർജ പരിവർത്തന സ്റ്റേഷനുകളും ലൈറ്റ് ഇൻഡസ്ട്രി ഫാക്ടറികളും കൂടാതെ മാലിന്യ സംസ്കാരണവും പുനരുപയോഗ പ്ലാൻറുകളും ഇതിൽ ഉൾപ്പെടുന്നു. ഹാനികരമായ വാതകങ്ങൾ വേർതിരിച്ചെടുക്കാൻ എൻജിനീയറിങ് സെല്ലുകൾ സൃഷ്ടിക്കുന്നത് ഉൾപ്പെടെയുള്ള വിപുലമായ പാരിസ്ഥിതിക പരിഹാരങ്ങൾ നടപ്പാക്കലും പദ്ധതിയിലുൾപ്പെടും.
മലിനീകരണം കുറയ്ക്കുന്നതിനും വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും അന്താരാഷ്ട്ര കമ്പനികളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. കുറഞ്ഞ കാലയളവിനുള്ളിൽ നല്ല ഫലങ്ങൾ ഇതിലൂടെ പ്രതീക്ഷിക്കുന്നു. പദ്ധതി പൂർത്തീകരിച്ച ഉടൻ തന്നെ പുതിയ സ്ഥലത്തേക്കുള്ള പൂർണമായ നീക്കം നടക്കും.
മക്ക നിവാസികൾക്കും സന്ദർശകർക്കും ജീവിതനിലവാരം ഉയർത്തുന്ന ശുദ്ധവും സുരക്ഷിതവും സുസ്ഥിരവുമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനുള്ള പ്രതിബദ്ധതയുടെ ഭാഗമാണിതെന്നും മുനിസിപ്പൽ അധികൃതർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.