അലിഫ് റമദാൻ കാമ്പയിന് ഖുർആൻ മുസാബഖയോടെ സമാപനം
text_fieldsഅലിഫ് സ്കൂൾ സംഘടിപ്പിച്ച ഖുർആൻ മുസാബഖയിൽ നിന്ന്
റിയാദ്: അലിഫ് ഇൻറർനാഷനൽ സ്കൂൾ റമദാനോടനുബന്ധിച്ച് നടത്തിയ കാമ്പയിന് ഖുർആൻ മുസാബഖയോടെ സമാപനമായി. വിദ്യാർഥികളിൽ ധാർമിക അവബോധം വളർത്തുന്നതിനും ജീവിതവിജയം കൈവരിക്കുന്നതിനും ആവശ്യമായ സന്ദേശം ഉൾകൊള്ളുന്നതായിരുന്നു പരിപാടികൾ. ആസ്ട്രേലിയൻ യുവ പണ്ഡിതൻ ജഅ്ഫർ നിസാമിയുടെ ആത്മീയ പ്രഭാഷണത്തോടെയാണ് കാമ്പയിർ ആരംഭിച്ചത്.
കാമ്പയിനിെൻറ ഭാഗമായി, പുതിയതായി തുടക്കം കുറിച്ച സ്കൂൾ ഓഫ് തഹ്ഫിദുൽ ഖുർആൻ, അലിഫ് ഗ്രൂപ് ഓഫ് സ്കൂൾസ് ചെയർമാൻ അലി അബ്ദുർറഹ്മാൻ ഉദ്ഘാടനം ചെയ്തു. ജനറൽ മാനേജർ ഡോ. ഖാലിദ് അൽസീർ അധ്യക്ഷനായിരുന്നു. താൽപര്യമുള്ള അലിഫ് വിദ്യാർഥികൾക്ക് ഖുർആൻ പൂർണമായും സ്കൂൾ പഠനത്തോടൊപ്പംതന്നെ മനഃപാഠമാക്കാനുള്ള അവസരമാണ് ഇതിലൂടെ കൈവരുന്നത്. വെർച്വൽ സംവിധാനങ്ങൾ ഉൾപ്പെടുത്തി അലിഫ് വിദ്യാർഥികൾക്ക് മാത്രം തുടങ്ങുന്ന കോഴ്സ് ഭാവിയിൽ താൽപര്യമുള്ള മറ്റു പഠിതാക്കൾക്കും അവസരം ലഭിക്കുന്ന രീതിയിൽ വിപുലപ്പെടുത്തുമെന്നും കോവിഡ് പ്രതിസന്ധികൾക്ക് ശേഷം ഓഫ്ലൈൻ പഠനത്തിനും സംവിധാനമുണ്ടാകുമെന്നും അലിഫ് ഗ്രൂപ് ഓഫ് സ്കൂൾസ് എക്സിക്യൂട്ടിവ് ഡയറക്ടർ ലുഖ്മാൻ പാഴൂർ പറഞ്ഞു.
കാമ്പയിന് സമാപനം കുറിച്ച് നടന്ന ഖുർആൻ മൂസാബഖ ഗ്രാൻഡ് ഫിനാലെ ദുബൈ അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്ത് പങ്കെടുത്ത ഹാഫിദ് അബ്ദുർറഹീം അബ്ദുസലാം ഉദ്ഘാടനം ചെയ്തു. ഖുർആൻ സന്ദേശം ജീവിതത്തിൽ പകർത്താൻ ഇത്തരത്തിലുള്ള മത്സരങ്ങൾ ഉപാധിയാവണമെന്ന് അദ്ദേഹം പറഞ്ഞു. സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദ് മുസ്തഫ സന്ദേശ പ്രഭാഷണം നടത്തി. ഓരോ റമദാനുകളും നമ്മെ കൂടുതൽ സംസ്കരിക്കണമെന്നും ധാർമിക മൂല്യങ്ങളെ പ്രകാശിപ്പിക്കുന്ന ഇത്തരം പദ്ധതികൾക്ക് സ്കൂൾ കൂടുതൽ ശ്രദ്ധ കൊടുക്കാറുണ്ടെന്നും അദ്ദേഹം പ്രസ്താവിച്ചു.
ഖുർആൻ പാരായണ മത്സരത്തിൽ ഒാഡിഷനിൽ വിജയിച്ച 12 വിദ്യാർഥികൾ മാറ്റുരച്ചു. താഹ ഫാറൂഖ് അത്രീസ്, അബ്ദുൽ ഖുദൂസ് ഖാൻ, ഇസ്സത്തുല്ല ബഹാദീർ ഖാൻ എന്നിവർ വിധി കർത്താക്കളായിരുന്നു. കാറ്റഗറി ഒന്നിൽ മുഹമ്മദ് ഹിജാനും കാറ്റഗറി രണ്ടിൽ ശൈഖ് മുഹമ്മദ് സൈദും വിജയികളായി. സൻഹ മഹ്റിൻ, മുഹമ്മദ് ഹിദാഷ്, മുഹമ്മദ് റഈദ് (കാറ്റഗറി-ഒന്ന്), മുഹമ്മദ് അസ്ലം, ആസിയ ഹുസൈൻ, മുഹമ്മദ് സാമി (കാറ്റഗറി-രണ്ട്) എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. കാമ്പയിൻ പരിപാടികൾക്ക് നൗഷാദ് മുഹമ്മദ്, ഹമീദ ബാനു, അലി ബുഖാരി, ഹബീബ ശഫീർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

