പ്രവാസി പെൻഷൻ കുടിശ്ശിക ഒരു ഗഡു അനുവദിച്ചത് പുകമറ സൃഷ്ടിക്കൽ: കേളി
text_fieldsറിയാദ്: പ്രവാസികൾക്ക് ഓണസമ്മാനമെന്ന പേരിൽ മുടങ്ങിയ പെൻഷൻ വിതരണത്തിന് 32 കോടി രൂപ അനുവദിച്ചതായുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പ്രവാസികളെ ചേർത്തുപിടിക്കുന്നതിെൻറ പ്രകടനമല്ലെന്നും പുകമറ സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും കേളി കലാ സാംസ്കാരിക വേദി കുറ്റപ്പെടുത്തി.
തുടർച്ചയായ ബാങ്ക് അവധികളിലേക്ക് നാട് പ്രവേശിക്കുമ്പോൾ ഓണത്തലേന്ന് ഒരു ഗഡു പെൻഷൻ അനുവദിച്ചതായി പ്രഖ്യാപിച്ച് പ്രവാസികളുടെ കണ്ണിൽ പൊടിയിടാനാണ് സർക്കാർ ശ്രമിച്ചതെന്ന് കേളി പ്രസ്താവനയിൽ പറഞ്ഞു.
മൂന്ന് മാസമായി പെൻഷൻ മുടങ്ങിയിരിക്കെ ഒരു ഗഡു മാത്രം നൽകി അതിനെ വലിയ നേട്ടമായി അവതരിപ്പിക്കുന്നത് പ്രവാസികളോടുള്ള വഞ്ചനയാണ്.
ഓണം പടിവാതിൽക്കൽ എത്തിനിൽക്കുമ്പോഴും ഒരു ലക്ഷത്തോളം പ്രവാസി പെൻഷൻ ഗുണഭോക്താക്കൾ മൂന്ന് മാസത്തെ കുടിശ്ശികയ്ക്കായി കാത്തിരിക്കുകയാണ്. വിദേശത്ത് വർഷങ്ങളോളം അധ്വാനിച്ച് കേരളത്തിെൻറ സമ്പദ്വ്യവസ്ഥയ്ക്ക് വലിയ സംഭാവന നൽകിയ പ്രവാസികൾക്ക് ലഭിക്കേണ്ടത് സർക്കാരിെൻറ ഔദാര്യമല്ല, മറിച്ച് വർഷങ്ങളായി ക്ഷേമനിധിയിലേക്ക് അംശദായം അടച്ചവർക്ക് നിയമപരമായി ലഭിക്കേണ്ട അവകാശമാണ്. അത് സമയബന്ധിതമായി നൽകേണ്ടത് സർക്കാരിെൻറ ബാധ്യതയുമാണ്.
കഴിഞ്ഞ ഇടതുപക്ഷ സർക്കാർ പെൻഷൻ മുടക്കിയില്ലെന്ന് മാത്രമല്ല, 2,000 രൂപയിൽ നിന്ന് പടിപടിയായി വർധിപ്പിച്ച് 3,500 രൂപയായി ഉയർത്തുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോഴത്തെ സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ നിലവിലുള്ള പെൻഷൻ പോലും കൃത്യമായി നൽകാതെ മൂന്ന് മാസത്തെ കുടിശ്ശിക വരുത്തിയത് പ്രവാസികളോടുള്ള കടുത്ത അവഗണനയാണ്.
പ്രവാസി പെൻഷൻ 5,000 രൂപയാക്കുമെന്ന് വാഗ്ദാനം ചെയ്തവർ നിലവിലുള്ള പെൻഷൻ പോലും കൃത്യമായി നൽകാത്തത് വാഗ്ദാന ലംഘനമാണ്. കേരളത്തിെൻറ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിക്കുന്ന പ്രവാസികളോട് കാണിക്കുന്ന ഈ അവഗണന അവസാനിപ്പിക്കണം. മുടക്കം കൂടാതെ പെൻഷൻ വിതരണം ചെയ്യുന്നതിനൊപ്പം മൂന്ന് മാസത്തെ മുഴുവൻ കുടിശ്ശികയും അടിയന്തരമായി വിതരണം ചെയ്യണം.മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ ആഘോഷിക്കുന്ന ഭരണാനുകൂല സംഘടനകളുടെ നിലപാടിലെ ഇരട്ടത്താപ്പ് പ്രവാസികൾ തിരിച്ചറിയണം.
ഒരു ഗഡു അനുവദിച്ചതിനെ ഓണസമ്മാനമായി അവതരിപ്പിക്കുന്നതിനു പകരം മാസങ്ങളായി മുടങ്ങിയ പെൻഷൻ കൃത്യമായി നൽകാനുള്ള ഉത്തരവാദിത്വമാണ് സർക്കാർ ഏറ്റെടുക്കേണ്ടത്. പ്രവാസികളെ കബളിപ്പിക്കുന്ന പുകമറ സൃഷ്ടിക്കൽ അവസാനിപ്പിച്ച് അവകാശപ്പെട്ട പെൻഷൻ സമയബന്ധിതമായി നൽകാൻ സർക്കാർ തയ്യാറാകണമെന്നും കേളി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

