സൈബര്‍ അപകടം: കുട്ടികളെ രക്ഷിതാക്കൾ നിരീക്ഷിക്കണം
text_fieldsസൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ റാസല്‍ഖൈമയില്‍ നടന്ന കസ്റ്റമര്‍ കൗണ്‍സില്‍
റാസല്‍ഖൈമ: സൈബര്‍ കുറ്റകൃത്യങ്ങളുടെയും അതിക്രമങ്ങളുടെയും അപകടങ്ങളെക്കുറിച്ച് ബോധവത്കരണവുമായി കസ്റ്റമര്‍ കൗണ്‍സില്‍സ് സംഘടിപ്പിച്ച് റാക് അല്‍റംസ് പൊലീസ്.
സൈബര്‍ കുറ്റകൃത്യങ്ങള്ക്കിരയാകുന്നതില്നിന്ന് സ്വയം രക്ഷപ്പെടുന്നതിനെക്കുറിച്ചും കുട്ടികള്‍ക്ക് സംരക്ഷണം ഒരുക്കേണ്ടതിനെക്കുറിച്ചും കൗണ്‍സില്‍സ് ചര്‍ച്ച ചെയ്തു. സൈബര്‍ കുറ്റവാളികളുടെ പ്രധാന ലക്ഷ്യം സ്കൂള്‍ വിദ്യാര്‍ഥികളാണെന്ന് അല്‍റംസ് കോംപ്രിഹെന്‍സിവ് പൊലീസ് സ്റ്റേഷന് മേധാവി കേണല്‍ അഹ്മദ് അല്‍ മസൂദ് അല്‍ ഷെഹി പറഞ്ഞു. ഇലക്ട്രോണിക് ഗെയിമുകള്‍, ഇന്റര്‍നെറ്റ് ആക്സസ് എന്നിവയില്‍ വിദ്യാര്‍ഥികള്‍ അതീവ തല്പരരാണ്.
വിദ്യാര്‍ഥികള്‍ക്കിടയില്‍ ബോധപൂര്‍വമായ ബോധവത്കരണ പരിപാടികള്‍ തുടര്‍ച്ചയായി നടത്തേണ്ടതുണ്ടെന്നും അദ്ദേഹം തുടര്‍ന്നു. രഹസ്യമായും വിദൂരത്തിരുന്നും കുറ്റവാളികള്‍ വിദ്യാര്‍ഥികളെ ലക്ഷ്യംവെച്ചുള്ള സൈബര്‍ കവര്‍ച്ചയും കുറ്റകൃത്യങ്ങളും ആസൂത്രണം ചെയ്യുന്നത് സമൂഹം തിരിച്ചറിയണം. എല്ലാതരം കുറ്റകൃത്യങ്ങളും അധികൃതര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ വിദ്യാര്‍ഥികളെ പ്രേരിപ്പിക്കുന്ന അന്തരീക്ഷം സംജാതമാകണം. രക്ഷിതാക്കൾ കുട്ടികളെ ബോധവത്കരിക്കുന്നതിലും നിരീക്ഷിക്കുന്നതിലും ജാഗ്രത പുലര്‍ത്തണം.
സമൂഹത്തിലും വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടും പ്രവര്‍ത്തിക്കുന്ന സൈബര്‍ കുറ്റവാളികളെ വലയിലാക്കാന്‍ റാക് പൊലീസ് ജാഗരൂകരാണ്.
റിപ്പോര്‍ട്ടുകള്‍ സ്വീകരിക്കുന്നതിനും രഹസ്യ സ്വഭാവത്തോടെ അവയെ കൈകാര്യം ചെയ്യുന്നതിനും കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ വേഗത്തില്‍ കൈകാര്യം ചെയ്യുന്നതിനും മുഴുസമയവും പ്രവര്‍ത്തനനിരതരാണെന്നും അധികൃതര്‍ വ്യക്തമാക്കി.
നടപടിക്രമങ്ങളിൽ ഉദ്യോഗസ്ഥ ഇടപെടലുകൾ കുറക്കുന്നതിനെക്കുറിച്ചും മികച്ച സേവനങ്ങള്‍ വേഗത്തിൽ ഉപഭോക്താക്കൾക്ക് നല്‍കുന്നത് സംബന്ധിച്ചും കസ്റ്റമര്‍ കൗണ്‍സില്‍ വിശദമായി ചര്‍ച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

