ചൈനീസ് പ്രധാനമന്ത്രി റിയാദിൽ, കിരീടാവകാശിയുമായി കൂടിക്കാഴ്ച
text_fieldsചൈനീസ് പ്രധാനമന്ത്രി ലീ ക്വിയാങ്ങും സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും റിയാദിലെ അൽ യമാമ കൊട്ടാരത്തിൽ
റിയാദ്: ചൈനീസ് പ്രധാനമന്ത്രി ലീ ക്വിയാങ്ങിെൻറ ഔദ്യോഗിക സൗദി സന്ദർശന പരിപാടികൾ തുടരുന്നു. ബുധനാഴ്ചയിലെ നാലാമത് സൗദി-ചൈനീസ് ഉന്നതതല സംയുക്തസമിതി യോഗത്തിനായി ചൊവ്വാഴ്ച വൈകീട്ടാണ് അദ്ദേഹം റിയാദിലെത്തിയത്. വിമാനത്താവളത്തിൽനിന്നേ ഊഷ്മളവും രാജകീയവുമായ വരവേൽപാണ് ലഭിച്ചത്. റിയാദ് ഡെപ്യൂട്ടി ഗവർണർ അമീർ മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ അബ്ദുൽ അസീസ്, വാണിജ്യ മന്ത്രി ഡോ. മാജിദ് ബിൻ അബ്ദുല്ല അൽ ഖസബി, റിയാദ് മേയർ അമീർ ഡോ. ഫൈസൽ ബിൻ അബ്ദുൽ അസീസ് ബിൻ അയ്യാഫ് എന്നിവർ ചേർന്നാണ് ചൈനീസ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്.
തിങ്കളാഴ്ച രാവിലെ റിയാദിലെ അൽയമാമ കൊട്ടാരത്തിൽ വെച്ച് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തി. തുടർന്ന് ഇരുവരും സൈനിക പരേഡിൽ പങ്കെടുത്തു. അതിന് ശേഷം ഇരുവരുടെയും അധ്യക്ഷതയിൽ നാലാമത് സൗദി-ചൈനീസ് ഉന്നതതല സംയുക്തസമിതി യോഗം ചേർന്നു. സൗദി അറേബ്യയും ചൈനയും തമ്മിൽ വിവിധ രംഗങ്ങളിൽ ഒരുമിച്ച് നീങ്ങുന്നതിനുള്ള മാസ്റ്റർ പ്ലാനുകൾ ചർച്ച ചെയ്തു. ധാരണാപത്രങ്ങൾ ഒപ്പുവെച്ചു.
നാലാമത് സൗദി-ചൈനീസ് ഉന്നതതല സംയുക്തസമിതി യോഗം ചേർന്നപ്പോൾ
വികസന പ്രവർത്തനങ്ങളിലടക്കം ചൈനയെ പ്രധാന പങ്കാളിയായി കാണുന്നതിനുള്ള പുതിയ നീക്കത്തിലാണ് സൗദി അറേബ്യ. വ്യവസായ വാണിജ്യ രംഗങ്ങളിൽ കൈകോർത്തുള്ള മുന്നേറ്റത്തിനാണ് ഒരുങ്ങുന്നത്. സൗദി പൗരന്മാരിൽ ചൈനീസ് ഭാഷാപ്രാവീണ്യമുണ്ടാക്കുന്നതിനുള്ള ദേശീയ പദ്ധതിയും ആരംഭിച്ചു. രാജ്യത്തെ പൊതുവിദ്യാലയങ്ങളിൽ ഈ അധ്യയനവർഷം മുതൽ ചൈനീസ് ഭാഷാപഠനത്തിന് തുടക്കമായി. ഇതിനായി നിരവധി ചൈനീസ് ഭാഷാധ്യാപകർ കഴിഞ്ഞമാസം ചൈനയിൽ നിന്ന് സൗദിയിലെത്തിയിരുന്നു.
ഗൾഫിൽ നടത്തുന്ന ത്രിദിന ഔദ്യോഗിക പര്യടനത്തിന് തുടക്കം കുറിച്ചാണ് ലീ ക്വിയാങ്ങ് റിയാദിലെത്തിയത്. നാളെ യു.എ.ഇയിലേക്ക് പോകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

