സൗദി ഊർജ, മൂലധന വിപണികളിൽ കൂടുതൽ ബന്ധം സ്ഥാപിക്കാൻ ചൈന
text_fieldsചൈനീസ് വാണിജ്യ മന്ത്രി വാങ് വെന്റാവോ സൗദി നിക്ഷേപ മന്ത്രി ഖാലിദ് അൽഫാലിഹിനെ ബെയ്ജിങ്ങിൽ സ്വീകരിച്ചപ്പോൾ
ജിദ്ദ: സൗദി അറേബ്യയുമായി പുതിയ ഊർജ, മൂലധന വിപണികളിൽ കൂടുതൽ ബന്ധം സ്ഥാപിക്കാൻ ചൈന ഒരുങ്ങുന്നു. ചൈന സന്ദർശിക്കുന്ന സൗദി നിക്ഷേപ മന്ത്രി എൻജിനീയർ ഖാലിദ് അൽഫാലിഹുമായി നടത്തിയ ചർച്ചയിൽ ചൈനീസ് വാണിജ്യ മന്ത്രി വാങ് വെന്റാവോ ആണ് രാജ്യതാല്പര്യം അറിയിച്ചതെന്ന് സൗദി വാണിജ്യ മന്ത്രാലയം അറിയിച്ചു. ഗൾഫ് വ്യാപാര ഉടമ്പടിക്ക് റിയാദിന്റെ പിന്തുണ ബെയ്ജിംങ് തേടിവരികയാണ്. ചൈനീസ് ഉൽപന്നങ്ങളക്ക് അധിക തീരുവ ചുമത്തിയിരിക്കുന്ന അമേരിക്കയുമായും യൂറോപ്യൻ യൂനിയനുമായുള്ള വ്യാപാര യുദ്ധത്തിൽ നിന്ന് രക്ഷപ്പെടാൻ ചൈന ഗൾഫ് രാജ്യങ്ങളുമായി കൂടുതൽ വാണിജ്യ ബന്ധം പുലർത്തികൊണ്ടിരിക്കുകയാണ്.
ചൊവ്വാഴ്ച ബെയ്ജിംങ്ങിൽ നടന്ന യോഗത്തിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ ആഗോള വികസന പദ്ധതിയായ 'ബെൽറ്റ് ആൻഡ് റോഡ്' എന്ന പേരിൽ അറിയപ്പെടുന്ന അടിസ്ഥാന സൗകര്യ സംരംഭത്തെ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ 'വിഷൻ 2030' പദ്ധതിയുമായി യോജിപ്പിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് ചൈനയുടെ വാങ് വെന്റാവോ എൻജിനീയർ ഖാലിദ് അൽഫാലിഹുമായി ചർച്ച ചെയ്തു.
ഉഭയകക്ഷി വ്യാപാര അളവ് വികസിപ്പിക്കുന്നതിനും, ഇരു രാജ്യങ്ങളും തമ്മിലുള്ള നിക്ഷേപ സഹകരണത്തിന്റെ നിലവാരം ഉയർത്തുന്നതിനും, പുതിയ ഊർജം, വ്യാവസായിക വിതരണ ശൃംഖലകൾ, മൂലധന വിപണികൾ തുടങ്ങിയ മേഖലകളിൽ സഹകരണം വിശാലമാക്കുന്നതിനുമുള്ള സാധ്യതയും ഇരു മന്ത്രിമാരും ചർച്ച ചെയ്തു. ചൈനീസ് കസ്റ്റംസ് ഡേറ്റ പ്രകാരം കഴിഞ്ഞ വർഷം ചൈന സൗദി അറേബ്യക്ക് 5000 കോടി ഡോളറിലധികം വിലവരുന്ന സാധനങ്ങൾ വിറ്റു. സ്മാർട്ട്ഫോണുകൾ, സോളാർ പാനലുകൾ, സലൂൺ കാറുകൾ എന്നിവയാണ് ചൈനയിൽ നിന്ന് സൗദിയിലേക്ക് കയറ്റി അയച്ചവയിൽ ഏറ്റവും കൂടുതൽ വരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

