ജിദ്ദ: അഞ്ച് വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് രക്ഷിതാക്കളോടൊപ്പം മക്ക, മദീന ഇരു ഹറമുകളിൽ പ്രവേശിക്കാമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറിയും മന്ത്രാലയ വക്താവുമായ എൻജിനീയർ ഹിഷാം ബിനു അബ്ദുൽ മുനീം അറിയിച്ചു. എന്നാൽ ഉംറക്കും മദീനയിലെ റൗദയിലുള്ള നമസ്കാരത്തിനും അഞ്ച് വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് അനുമതിയില്ല.
മക്കയിലെ മസ്ജിദുല്‍ ഹറാം പള്ളിയിലും മദീനയിലെ മസ്ജിദുന്നബവി പള്ളിയിലും പ്രവേശിക്കുന്നതിന് മുൻകൂട്ടി അനുമതി ആവശ്യമില്ലെന്ന നിയമം പ്രാബല്യത്തിൽ വന്നതിന് ശേഷം പള്ളികളിൽ നമസ്‌ക്കാരത്തിനായി പ്രവേശിക്കുമ്പോൾ രക്ഷിതാക്കൾക്ക് തങ്ങളുടെ അഞ്ച് വയസിന് താഴെ പ്രായമുള്ള കുട്ടികളെയും കൂടെ കൂട്ടാം. സൗദിക്കകത്തുള്ള സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഇരുഹറം പള്ളികളില്‍ പ്രവേശിക്കുന്നതിന് വാക്സിന്‍ കുത്തിവെപ്പ് എടുക്കല്‍ നിര്‍ബന്ധമില്ല. എന്നാല്‍ നിലവിൽ കോവിഡ് ബാധിതര്‍ക്കും, കോവിഡ് ബാധിതരുമായി അടുത്ത് ഇടപഴകിയവര്‍ക്കും പ്രവേശനത്തിന് അനുമതി നല്‍കില്ല.
വിദേശ തീര്‍ഥാടകര്‍ക്ക് വാക്സിനേഷന്‍ സ്റ്റാറ്റസ് പരിഗണിക്കാതെ തന്നെ ഉംറ നിര്‍വഹിക്കാനുള്ള പെര്‍മിറ്റ് നല്‍കുമെന്നും അവരുടെ ക്വാറന്റീൻ നിബന്ധന പിൻവലിച്ചതായും ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. അതിനിടെ റമദാൻ മാസത്തിൽ ഉംറ നിർവഹിക്കാൻ പെർമിറ്റ് നൽകുന്നത് നിർത്തിവെച്ചുവെന്ന് പ്രചരിക്കുന്ന വാർത്ത തെറ്റാണെന്നും നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ടെങ്കിലും റമദാനിലേക്കുള്ള ഉംറ ബുക്കിംഗ് ഇപ്പോഴും ഇഅതമർന, തവക്കൽന ആപ്പുകളിൽ ലഭ്യമാണെന്നും മന്ത്രാലയം അറിയിച്ചു.