Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകടുത്ത വേനലിൽ കുഞ്ഞിനെ...

കടുത്ത വേനലിൽ കുഞ്ഞിനെ സ്കൂൾ വാഹനത്തിൽ മറന്നു; ദമ്മാമിൽ വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്

text_fields
bookmark_border
കടുത്ത വേനലിൽ കുഞ്ഞിനെ സ്കൂൾ വാഹനത്തിൽ മറന്നു; ദമ്മാമിൽ വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്
cancel
camera_alt

എ.ഐയിൽ നിർമിച്ച പ്രതീകാത്മക ചിത്രം

ദമ്മാം: സ്കൂൾ വാഹനത്തിൽനിന്ന് ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയെ ഇറക്കാൻ മറന്നുപോയ ഡ്രൈവറുടെ ഗുരുതരമായ അനാസ്ഥയിൽ നിന്നും വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്. അടച്ചിട്ട വാഹനത്തിൽ അകപ്പെട്ടുപോയ കുഞ്ഞി​െൻറ ജീവൻ രക്ഷിക്കാനായത് വിദ്യാലയത്തിലെ എസ്.എം.എസ് അലേർട്ട് സംവിധാനത്തി​െൻറ കൃത്യത ഒന്നുകൊണ്ട് മാത്രമാണ്.

ആലപ്പുഴ പരുമല സ്വദേശിയായ റിനു രാവിലെ മകളെ സ്വകാര്യ ട്രാൻസ്പോർട്ടേഷൻ വാഹനത്തിൽ സ്കൂളിലേക്ക് കയറ്റിവിട്ടിരുന്നു. എന്നാൽ, മകൾ സ്കൂളിൽ എത്തിയിട്ടില്ലെന്ന സന്ദേശം വിദ്യാലയത്തിൽ നിന്നും ലഭിച്ചതോടെ പരിഭ്രാന്തനായ അദ്ദേഹം ഉടൻ ഡ്രൈവറെ ബന്ധപ്പെട്ടു. കുഞ്ഞിനെ ഇറക്കിവിട്ടിട്ടുണ്ടെന്ന മറുപടിയിൽ സംശയം തോന്നിയ റിനു, ക്ലാസ് ടീച്ചറുമായും അവിടെയുള്ള കുടുംബസുഹൃത്തായ മറ്റൊരു അധ്യാപികയുമായും ബന്ധപ്പെട്ട് കുട്ടി എത്തിയിട്ടില്ലെന്ന് ഉറപ്പിച്ചു.

തുടർന്ന് റിനുവി​െൻറ ശക്തമായ നിർബന്ധപ്രകാരം ഡ്രൈവർ തിരിച്ചെത്തി വാഹനം പരിശോധിച്ചപ്പോഴാണ് സീറ്റിൽ ഭയന്ന് കരയുന്ന നിലയിൽ കുഞ്ഞിനെ കണ്ടെത്തിയത്. കുട്ടികളെ ഇറക്കിയ ശേഷം സ്കൂളിനടുത്തുള്ള മൈതാനത്ത് വാഹനം ലോക്ക് ചെയ്ത് നിർത്തിയിട്ട് ഡ്രൈവർ മറ്റൊരു വാഹനത്തിൽ ത​െൻറ മുറിയിലേക്ക് പോയതായിരുന്നു. നിലവിൽ ദമ്മാമിൽ ഉച്ചക്ക് 50 ഡിഗ്രിയോളമാണ് താപനില. ഈ കടുത്ത ചൂടിൽ അടച്ചിട്ട വാഹനത്തിനുള്ളിൽ കുഞ്ഞ് കൂടുതൽ സമയം തുടർന്നിരുന്നെങ്കിൽ ഫലം ദാരുണമാകുമായിരുന്നു.

കൃത്യം 15 വർഷം മുമ്പ് ഇതേ ദിവസം (ജൂൺ 15-ന്) കണ്ണൂർ സ്വദേശികളായ ദമ്പതികളുടെ അഞ്ചുവയസുകാരിയായ മകൾ ഫിദ മോൾ സമാനമായ രീതിയിൽ വാഹനത്തിനുള്ളിൽ അകപ്പെട്ട് ദാരുണമായി മരണപ്പെട്ടിരുന്നു. അന്ന് ഏർപ്പെടുത്തിയ എസ്.എം.എസ് അലേർട്ട് സിസ്​റ്റമാണ് ഇത്തവണ മറ്റൊരു കുഞ്ഞിന് കാവലായത്. മൂന്ന് വർഷം മുമ്പും ദമ്മാമിൽ സമാനമായ രീതിയിൽ ഒരു കുട്ടി വാഹനത്തിൽ കുടുങ്ങിയിരുന്നെങ്കിലും ആളുകൾ കണ്ടതിനാൽ രക്ഷപ്പെടുത്തുകയായിരുന്നു.

കർശന നടപടികൾ വേണമെന്ന് ഡിസ്പാക്

വിദ്യാർത്ഥികളെ ഇറക്കിയ ശേഷം വാഹനങ്ങൾ പരിശോധിക്കണമെന്ന് നിർദേശമുണ്ടായിട്ടും ഇത്തരം അശ്രദ്ധകൾ ആവർത്തിക്കുന്നത് ഗൗരവതരമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ഡിസ്പാക് ഭാരവാഹികൾ ആവശ്യപ്പെട്ടു.

എല്ലാ ഡ്രൈവർമാരിൽ നിന്നും അവരുടെ ഇക്കാമ കോപ്പിയോടൊപ്പം, വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഉത്തരവാദിത്വ പ്രഖ്യാപനം എഴുതി വാങ്ങണമെന്ന് ഡിസ്പാക് ചെയർമാൻ നജീം ബഷീർ, സെക്രട്ടറി താജു അയ്യാരിൽ, വൈസ് പ്രസിഡൻറ്​ മുജീബ് കളത്തിൽ, ട്രഷറർ ആസിഫ് താനൂർ എന്നിവർ സംയുക്ത പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DammamstudentSchool Van
News Summary - Child forgotten in school van during severe summer; major tragedy narrowly averted in Dammam
Next Story