ചിലങ്ക നൃത്തവിദ്യാലയത്തിന്റെ 21-ാം വാർഷികം ‘നൃത്തോത്സവ് 2026’ അരങ്ങേറി
text_fieldsചിലങ്ക നൃത്തവിദ്യാലയത്തിന്റെ 21-ാം വാർഷികാഘോഷം ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഋഷി ത്രിപാഠി ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: ചിലങ്ക നൃത്തവിദ്യാലയത്തിന്റെ 21-ാം വാർഷികാഘോഷമായ ‘നൃത്തോത്സവ് 2026’ റിയാദ് എക്സിറ്റ് 30ലെ അമിക്കാൻ ഓഡിറ്റോറിയത്തിൽ അരങ്ങേറി. ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഋഷി ത്രിപാഠി ഭദ്രദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ ആക്ടിങ് പ്രിൻസിപ്പൽ മൈമൂന അബ്ബാസ്, അൽ ഷിഫാ മെഡിക്കൽ സർവീസസിലെ ഡോ. മുഹമ്മദ് ഇദ്രിസ്, പ്രവാസി സമ്മാൻ ജേതാവ് ശിഹാബ് കൊട്ടുകാട്, ഒ.ഐ.സി.സി പ്രതിനിധി അലക്സ് കൊട്ടാരക്കര, ഫോർക പ്രതിനിധി റഹ്മാൻ മുനമ്പത്, മീഡിയ ഫോറം പ്രതിനിധി ജയൻ കൊടുങ്ങല്ലൂർ തുടങ്ങിയവർ സംസാരിച്ചു.
ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം എന്നീ ശാസ്ത്രീയ നൃത്ത രൂപങ്ങളിൽ 80-ഓളം വിദ്യാർഥിനികൾ വിവിധ നൃത്തങ്ങൾ വേദിയിൽ അവതരിപ്പിച്ചു. ശാസ്ത്രീയ നൃത്തത്തിലെ തുടക്കക്കാരായ കുരുന്നുകൾ അവതരിപ്പിച്ച ‘കാളിയമർദ്ദനം’ നൃത്തരൂപം സദസ്സിന്റെ ഏറെ ശ്രദ്ധ നേടി. കൂടാതെ ആകർഷകമായ സെമി ക്ലാസിക്കൽ നൃത്തങ്ങളും ചടങ്ങിന് മാറ്റുകൂട്ടി.
ബിനു, മധുസൂദനൻ പട്ടാന്നൂർ, സുകേഷ്, സുജിത്, സുനിൽ, രൂപേഷ്, നികേദ് എന്നിവർ പരിപാടിയുടെ സാങ്കേതിക നിർവഹണവും, റെയ്ഷ മധുസൂദനൻ സ്റ്റേജ് നിയന്ത്രണവും നിർവഹിച്ചു. അഞ്ജു സുനിൽ പരിപാടിയുടെ അവതാരകയായി. നാല് മണിക്കൂർ നീണ്ടുനിന്ന നൃത്തോത്സവത്തിനൊടുവിൽ ചിലങ്ക നൃത്താധ്യാപിക റീന കൃഷ്ണകുമാർ നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

