ചാർട്ടേർഡ് വിമാനങ്ങൾ ഒരുക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ ഇന്ത്യൻ എംബസി പ്രഖ്യാപിച്ചു
text_fieldsജിദ്ദ: സൗദിയിൽ നിന്നും ഇന്ത്യയിലേക്ക് വിമാനങ്ങൾ ചാർട്ടേഡ് ചെയ്യാൻ ഉദ്ദേശിക്കുന്ന കമ്പനികൾക്കും സംഘടനകൾക്കുമുള്ള മാർഗനിർദേശങ്ങൾ ഇന്ത്യൻ എംബസി പ്രഖ്യാപിച്ചു. വന്ദേ ഭാരത് മിഷൻ പദ്ധതിക്ക് പുറമെ ചാർട്ടേഡ് വിമാനങ്ങൾ കൂടി അനുവദിക്കാൻ ഇന്ത്യൻ ആഭ്യന്തര മന്ത്രാലയം നിഷ്കർഷിച്ച നിയമാവലി ഇന്ത്യൻ എംബസിയുടെ വെബ്‌സൈറ്റിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സ്വകാര്യ കമ്പനികൾക്കും സന്നദ്ധ സംഘടനകൾക്കുമാണ് ചാർട്ടേഡ് വിമാനങ്ങൾക്കുള്ള അനുമതി ഉണ്ടാവുക.
കമ്പനികളാണെങ്കിൽ അവരൊരുക്കുന്ന വിമാനത്തിലെ യാത്രക്കാർ അവരുടെ ജീവനക്കാരും കുടുംബങ്ങളും മാത്രമായിരിക്കണം. സംഘടനകളാണെങ്കിൽ യാത്രക്കാരുടെ പൂർണമായ വിവരങ്ങൾ നേരത്തെ തന്നെ എംബസിയിലോ കോൺസുലേറ്റിലോ സമർപ്പിച്ചിരിക്കണം. വിമാന ചാർജ്ജിന് പുറമെ ഇന്ത്യയിലെത്തിയ ശേഷം വിമാനത്തിലെ യാത്രക്കാർക്കുള്ള ക്വാറൻറീൻ, കോവിഡ് ടെസ്റ്റ് എന്നിവക്കുള്ള ചെലവുകൾ കൂടി ചാർട്ടേഡ് വിമാനം ഒരുക്കുന്ന കമ്പനികളോ സംഘടനകളോ വഹിക്കേണ്ടതുണ്ട്. ഏത് വിമാനകമ്പനികളെ വേണമെങ്കിലും സർവിസിനായി തെരഞ്ഞെടുക്കാം. എ
ന്നാൽ ഇന്ത്യയിലെയോ സൗദിയിലെയോ കമ്പനികൾക്കാണ് മുൻഗണന കൊടുക്കേണ്ടത്. വിമാനങ്ങൾ ചാർട്ടർ ചെയ്യുന്നതിനുള്ള തിയതി നേരത്തെ തന്നെ അതത് കമ്പനികളോ സംഘടനകളോ നിശ്ചിത ഫോറത്തിൽ എംബസിയിൽ സമർപ്പിക്കണം. എന്നാൽ അപേക്ഷയിൽ ഇന്ത്യയിൽ നിന്നുള്ള അനുമതിക്കായി സമയം ആവശ്യമാണെന്നതിനാൽ അപേക്ഷ സമർപ്പിച്ചതിന് ശേഷം ഒരാഴ്ചത്തെ ഇടവേള കഴിഞ്ഞുള്ള തിയതിയെ തെരഞ്ഞെടുക്കാവൂ. തെരഞ്ഞെടുക്കുന്ന യാത്രക്കാർ ഒരേ സംസ്ഥാനത്ത് നിന്നുള്ളവർ മാത്രമാണെന്ന് ഉറപ്പുവരുത്തണം.
യാത്രക്കാരുടെ വിവരങ്ങൾ സമർപ്പിക്കുമ്പോൾ അവരുടെ ജോലി സംബന്ധമായ വിവരങ്ങൾ കൂടി ഉൾപ്പെടുത്തണം. എംബസിയുമായും അതത് സംസ്ഥാന സർക്കാരും തമ്മിലുള്ള ഏകോപനത്തിനായി വിമാനങ്ങൾക്ക് അപേക്ഷ സമർപ്പിക്കുന്ന കമ്പനികളുടെയും സംഘടനകളുടെയും കൃത്യമായ വിവരങ്ങൾ വിശദമാക്കേണ്ടതുണ്ട്. ചാർട്ടേഡ് വിമാനങ്ങളുടെ കാര്യത്തിൽ ഓരോ സംസ്ഥാന സർക്കാരിനും അവരുടേതായ നയങ്ങളുണ്ട്. യഥാസമയം അത് പുതുക്കുന്നുമുണ്ട്. അതിനാൽ കോവിഡ് ടെസ്റ്റ് നിർബന്ധമാക്കുന്നതുൾപ്പെടെയുള്ള സംസ്ഥാന നയങ്ങൾക്കനുസൃതമായി മാത്രമേ ചാർട്ടേഡ് വിമാനങ്ങൾ അനുവദിക്കാൻ എംബസിക്ക് സാധിക്കൂ. ഇക്കാര്യം യഥാസമയം എംബസി കമ്പനികൾക്കും സംഘടനകൾക്കും അറിയിപ്പ് നൽകുന്നതാണ്.
ഇന്ത്യൻ മന്ത്രാലയങ്ങളുടെ അംഗീകാരം നേടിയെടുക്കൽ മാത്രമാണ് എംബസി ചെയ്യുന്നത്. എന്നാൽ സൗദി അധികൃതരിൽ നിന്നുള്ള അംഗീകാരം നേടിയെടുക്കൽ അതത് കമ്പനികളോ സംഘടനകളോ അവർ തെരഞ്ഞെടുക്കുന്ന വിമാനകമ്പനികളുമായി ബന്ധപ്പെട്ട് പൂർത്തിയാക്കണം. ഇതുമായി ബന്ധപ്പെട്ട മുഴുവൻ നിർദേശങ്ങളും എംബസിയുടെ com.riyadh@mea.gov.in, pol.riyadh@mea.gov.in എന്നീ ഇമെയിലുകളിലേക്ക് അയക്കാവുന്നതാണ്. പൊതുവായി ചാർട്ടേഡ് വിമാനങ്ങൾക്കുള്ള നിബന്ധനകൾ പറഞ്ഞ കൂട്ടത്തിൽ ഡൽഹി, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലേക്കുള്ള പ്രത്യേക നിബന്ധനകളും എംബസി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
