ചരിത്രശേഷിപ്പുകളുമായി നീരുറവകളുടെ ഗ്രാമം
text_fieldsയാമ്പു: സൗദി അറേബ്യയുടെ പേര് ലോക ഭൂപടത്തിൽ ഇല്ലാതിരുന്ന കാലത്ത്പോലും മധ്യപൗരസ്ത്യ പ്രദേശങ്ങളിൽ പ്രസിദ്ധമായ ഗ്രാമീണദേശമായിരുന്നു യാമ്പു അൽ നഖ്ൽ. യാമ്പു ടൗണിൽ നിന്ന് 57 കിലോമീറ്റർ ദൂരമുണ്ട് ഈ പ്രദേശത്തേക്ക്. ഹിജാസിെൻറ ചരിത്രത്തിൽ ഏറ്റവും പഴക്കമേറിയതും പ്രശസ്തവുമായ ഗ്രാമത്തിെൻറ തനിമ നിലനിർത്തി സംരക്ഷിക്കുന്നതിന് യാമ്പു ടൂറിസം, പുരാവസ്തു കമീഷൻ പൈതൃക സംരക്ഷണ പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ട്. പ്രാചീന അറബ് സംസ്കാരത്തിെൻറ പാരമ്പര്യം സംരക്ഷിക്കുന്നതിലും ഗതകാല അറബ് ജീവിതത്തിെൻറ മധുരസ്മൃതികൾ നിലനിർത്തുന്നതിലും ബദ്ധശ്രദ്ധരാണ് ഗോത്ര പൈതൃകത്തിൽ അഭിമാനിച്ചുപോരുന്ന ഗ്രാമീണ അറബികൾ. നൂറ്റാണ്ടുകൾ പഴക്കമുള്ള നാഗരികതയുടെ ശേഷിപ്പുകൾ യാമ്പു അൽ നഖ്‌ലിലും പരിസരത്തും കാണാം. പരമ്പരാഗത വാസ്തുശൈലിയിൽ പണിതീർത്ത കെട്ടിടങ്ങളുടെയും വീടുകളുടെയും ശേഷിപ്പുകൾ പുരാതനകാലത്ത് സൗദികളുടെ ജീവിതം എങ്ങനെയായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ്. പഴയ കെട്ടിടങ്ങളുടെ മുമ്പിൽ ഇപ്പോഴും പാരമ്പര്യത്തിെൻറ ‘ഫാനൂസ്’ വിളക്കുകളുടെ ശേഷിപ്പുകൾ കാണാം. ചരിത്ര വിദ്യാർഥികളും സഞ്ചാരികളും ഈ പ്രദേശങ്ങൾ കാണാനെത്തുന്നു. ഇത്തരം പ്രദേശങ്ങളിലേക്ക് ചരിത്ര ശേഷിപ്പുകൾ തേടിയുള്ള യാത്രകൾ പകരം വെക്കാൻ കഴിയാത്ത ഓർമകളും അനുഭവങ്ങളും പകർന്ന് നൽകുന്നതായി സന്ദർശകർ പറയുന്നു.
നൂറ്റാണ്ടുകൾ പഴക്കമുള്ള ജനവാസ കേന്ദ്രമായിരുന്നു യാമ്പു അൽ നഖ്ൽ.
പുരാതന കാലത്ത് തന്നെ ചരിത്രത്തിൽ ഇടംപിടിച്ച പ്രദേശമാണിത്. ശുദ്ധജല ലഭ്യത വേണ്ടുവോളമുള്ളതിനാൽ ഈ ഗ്രാമത്തിലേക്കായിരുന്നു ഹിജാസിെൻറ വിദൂരദേശങ്ങളിൽ നിന്ന് വെള്ളം ശേഖരിക്കാൻ ആളുകൾ വന്നിരുന്നത്. തുകൽ സഞ്ചികളും ഒട്ടകങ്ങളുമായി ഇവിടേക്ക് കുടിവെള്ളത്തിനായി വന്ന യാത്രാസംഘങ്ങളെ കുറിച്ച് അറബി ചരിത്ര ഗ്രന്ഥങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. എണ്ണമറ്റ തെളിനീരുറവകളിൽ ചിലത് ഇന്നും സമൃദ്ധമായി ജലം നൽകി കൊണ്ടിരിക്കുന്നു. കാർഷിക വിളകളുടെ നാഡീ ഞരമ്പുകളായിരുന്ന നീരുറവുകളാണ് ജലധാര, ഉറവ് എന്നീ അർഥം വരുന്ന ‘യാമ്പു’വിന് ചരിത്രത്തിൽ ആ പേര് ലഭിക്കാൻ കാരണം. വളരെ മുമ്പ് തന്നെ കർഷകരായിരുന്നു ഇവിടുത്തെ ഗ്രാമീണർ. ഇപ്പോഴും കാർഷിക വിളകൾ ധാരാളമായി കൃഷിചെയ്യുന്ന സ്വദേശി ഗ്രാമീണരുണ്ടിവിടെ. ഗ്രാമത്തിെൻറ ചുറ്റിലും റദ്വ കുന്നുകളുടെ സംരക്ഷണവും പച്ച വിരിച്ചു നിൽക്കുന്ന മനോഹരമായ തോട്ടങ്ങളും ഈ ഗ്രാമത്തിെൻറ കാലാവസ്ഥയെ കേരളീയമാക്കുന്നു. കൂടിയ ചൂടോ അതിശൈത്യമോ ഈ പ്രദേശത്ത് അനുഭവപ്പെടാറില്ലെന്ന് സ്വദേശികൾപറയുന്നു. കർഷകരുടെ സാന്നിധ്യം യാമ്പു പ്രവിശ്യയിലെ പച്ചക്കറി സൂക്കുകളിൽ ഇപ്പോഴും ശ്രദ്ധാകേന്ദ്രമാണ്. വെള്ളിയാഴ്ചകളിൽ യാമ്പു നഗരിയിലെ വിവിധ പള്ളികൾക്ക് മുമ്പിലും മറ്റും നടന്നു വരുന്ന ചന്തകളിലും യാമ്പു അൽ നഖ് ലിലെ പ്രായം കൂടിയ കർഷകരായ ഗ്രാമീണർ തങ്ങളുടെ കാർഷിക വിളകളുമായി വിൽപന നടത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
