ഇസ്ലാമിക ലോകത്തെ വെല്ലുവിളികൾ; ഉച്ചകോടിയിൽ ഒ.ഐ.സി രാജ്യങ്ങളുടെ ഐക്യം ഊന്നിപ്പറഞ്ഞ് സൗദി അറേബ്യ
text_fieldsജിദ്ദ: ഇസ്ലാമിക ലോകവും ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപ്പറേഷൻ (ഒ.ഐ.സി.) അംഗരാജ്യങ്ങളും നേരിടുന്ന രൂക്ഷമായ പ്രതിസന്ധികളും സാമ്പത്തിക-സാമൂഹിക-മാനുഷിക വെല്ലുവിളികളും പരിഹരിക്കുന്നതിന് പരസ്പര സഹകരണവും ഐക്യവും അടിയന്തര ആവശ്യമായി മാറിയിരിക്കുകയാണെന്ന് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പ്രസ്താവിച്ചു. ജിദ്ദയിലെ ഒ.ഐ.സി ആസ്ഥാനത്ത് ചേർന്ന വിദേശകാര്യ മന്ത്രിമാരുടെ കൗൺസിലിെൻറ 23-ാമത് അസാധാരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനസംഖ്യാപരവും രാഷ്ട്രീയപരവും സാമ്പത്തികപരവും സാംസ്കാരികവുമായ സാഹചര്യങ്ങൾ മുൻനിർത്തി, അന്താരാഷ്ട്ര സന്തുലിതാവസ്ഥ നിർണയിക്കുന്നതിൽ സുപ്രധാന പങ്കുവഹിക്കാൻ തക്ക ശേഷി ഇസ്ലാമിക ലോകത്തിനുണ്ടെന്ന് സൗദി വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടി. വരുന്ന ഘട്ടത്തിൽ ഒ.ഐ.സി.യിൽ കാതലായ പരിഷ്കാരങ്ങൾ വരുത്തണമെന്നാണ് സൗദിയുടെ നിലപാട്. തീരുമാനങ്ങൾ നടപ്പാക്കാനുള്ള ശേഷി വർധിപ്പിക്കാനും സ്ഥാപനങ്ങളുടെ കാര്യക്ഷമത ഉയർത്താനും സംയുക്ത ഇസ്ലാമിക പ്രവർത്തനങ്ങൾക്ക് കൂടുതൽ ഫലപ്രദമായ സംവിധാനങ്ങൾ ഉറപ്പാക്കാനും ഇത് സഹായിക്കും. ഒ.ഐ.സിയുടെ പങ്കും പദവിയും ശക്തിപ്പെടുത്തുന്നതിനും ഇസ്ലാമിക ലോകത്തിെൻറ സുരക്ഷ, സ്ഥിരത, സമൃദ്ധി, സമാധാനം എന്നിവ ഉറപ്പുവരുത്തുന്നതിനുമുള്ള എല്ലാ ശ്രമങ്ങൾക്കും സൗദി അറേബ്യയുടെ പൂർണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഫലസ്തീൻ വിഷയത്തിൽ സൗദി അറേബ്യയുടെ ഉറച്ച നിലപാട് ആവർത്തിച്ച മന്ത്രി, മേഖലയിൽ ശാശ്വതവും സമഗ്രവുമായ സമാധാനം കൈവരിക്കുന്നതിന് ‘ഇരുരാഷ്ട്ര പരിഹാര’ത്തിെൻറ അടിസ്ഥാനത്തിൽ സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം രൂപവത്കരിക്കപ്പെടണമെന്ന് ഊന്നിപ്പറഞ്ഞു. ‘ഇ-1’ പദ്ധതിയുടെ ഭാഗമായി അധിനിവേശ ഇസ്രായേൽ അധികാരികൾ പുതിയ കുടിയേറ്റ യൂനിറ്റുകൾ നിർമിക്കാൻ ടെൻഡർ ക്ഷണിച്ച നടപടിയെ അദ്ദേഹം ശക്തമായി അപലപിച്ചു.
ഇത് കേവലമൊരു കുടിയേറ്റ വികസനം മാത്രമല്ലെന്നും, കിഴക്കൻ ജറൂസലേമിനെ അതിെൻറ ഫലസ്തീൻ ചുറ്റുപാടിൽ നിന്ന് പൂർണമായി വേർപെടുത്താനും സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രമെന്ന സാധ്യതയെ നേരിട്ട് തകരാറിലാക്കാനും ഇടയാക്കുന്ന അപകടകരമായ നീക്കമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്രായേൽ സൈന്യത്തിന്റെ സംരക്ഷണത്തോടെ ഉദ്യോഗസ്ഥരും കുടിയേറ്റക്കാരും അൽ അഖ്സ പള്ളിയിൽ തുടർച്ചയായി നടത്തുന്ന അതിക്രമങ്ങളെയും സൗദി വിദേശകാര്യ മന്ത്രി രൂക്ഷമായി വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

