കോമേഴ്സ് വിദ്യാർഥികൾക്ക് പുതുവഴികാട്ടി സിജി റിയാദ് എജുഫെയർ
text_fields‘സിജി’ റിയാദ് ചാപ്റ്റർ സംഘടിപ്പിച്ച എജുഫെയർ എഡിഷൻ 1-ൽ വിദഗ്ധർ സദസ്സുമായി
സംവദിക്കുന്നു
റിയാദ്: കോമേഴ്സ് അനുബന്ധ വിഷയങ്ങളിലെ ഉപരിപഠന-തൊഴിൽ സാധ്യതകൾക്ക് ഊന്നൽ നൽകി സിജി റിയാദ് ശിൽപശാല ‘എജുഫെയർ: എഡിഷൻ -1’ സംഘടിപ്പിച്ചു. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം കൊണ്ടും വിഷയ വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി. കോമേഴ്സ് വിഷയങ്ങളുടെ ഭാവി സാധ്യതകളും വെല്ലുവിളികളും ആഴത്തിൽ ചർച്ച ചെയ്ത പരിപാടിയിൽ 300 ലധികം വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുത്തു.
മലസിലെ അൽ യാസ്മിൻ ഇൻറർനാഷനൽ സ്കൂളിന്റെ സഹകരണത്തോടെ സ്കൂൾ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. വിദ്യാർഥികൾക്ക് അവരുടെ അഭിരുചി തിരിച്ചറിയാനും അനുയോജ്യമായ പാഠ്യവിഷയങ്ങൾ തിരഞ്ഞെടുക്കാനും സഹായിക്കുന്ന സിജിയുടെ ‘സി ഡാറ്റ്’ സംവിധാനത്തെ പരിചയപ്പെടുത്തി. 10ാം ക്ലാസ് കഴിഞ്ഞുള്ള പഠനമാർഗങ്ങളും കോമേഴ്സ് വിഷയത്തിലെ വിപുലമായ തൊഴിൽ സാധ്യതകളും പേൾത്രീ സി.ഇ.ഒ ഫഹീം ഇസ്സുദ്ദീൻ വിശദീകരിച്ചു.
‘യാര മുതൽ ഡൽഹി യൂനിവേഴ്സിറ്റി വരെ’ എന്ന വിഷയത്തിൽ പ്രൊക്യൂർമെൻറ് സ്പെഷലിസ്റ്റ് മുഹമ്മദ് നബ്ഹാൻ നടത്തിയ പ്രഭാഷണം വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ പ്രചോദനമായി. കേന്ദ്ര സർവകലാശാലകളിലെ പ്രധാനപ്പെട്ട പാഠ്യവിഷയങ്ങളും വിദ്യാഭ്യാസ അവസരങ്ങളും അദ്ദേഹം വിശദമായി അവതരിപ്പിച്ചു. ലോകത്തിലെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളിൽ ഒന്നായ കെ.പി.എം.ജിയിലെ സീനിയർ ഡയറക്ടറും പാർട്ണറുമായ അലി സൈനുദ്ദീൻ, കോമേഴ്സ് രംഗത്തെ പ്രധാന സർട്ടിഫിക്കേഷനുകളായ സി.എ, സി.എം.എ, എ.സി.സി.എ, സി.എസ്, സി.എഫ്.എ തുടങ്ങിയ കോഴ്സുകളുടെ അടിസ്ഥാന ഘടകങ്ങൾ, പഠനരീതി, തൊഴിൽ സാധ്യതകൾ എന്നിവ വിശദീകരിച്ചു. ഓറാക്കിൾ കമ്പനിയിലേ സോഫ്റ്റ്വെയർ ഇൻവെസ്റ്റ്മെൻറ് ഡയറക്ടറായ മുഹമ്മദ് അഹമദ്, ഭാവിയിലെ വ്യാപാര രൂപാന്തരങ്ങൾ, ടെക്നോളജിയുമായി ബന്ധപ്പെട്ട കോമേഴ്സ് സാധ്യതകൾ, ഓൺലൈൻ പഠനസൗകര്യങ്ങൾ തുടങ്ങിയവ പരിചയപ്പെടുത്തി.
ഇൻഫർമേഷൻ ടെക്നോളജിയിലും ബിസിനസ്സിലും താൽപര്യമുള്ള വിദ്യാർഥികൾക്ക് ഇത് അവരുടെ സാധ്യതകൾ വ്യക്തമാക്കിക്കൊടുത്തു.അൽ ജസീറ ബാങ്കിനെറ ക്രെഡിറ്റ് ആൻഡ് ഫിനാൻസ് വിഭാഗം തലവനായ സാജിദ് അഹമ്മദ് ആഗോള ബാങ്കിംഗ് രംഗത്തെ മാറ്റങ്ങൾ, ഫിൻടെക്, ആക്ച്വറിയൽ സയൻസ്, നിയോ ബാങ്കിങ് പോലുള്ള ആധുനിക മേഖലകൾ എന്നിവ പരിചയപ്പെടുത്തി. 10ാം ക്ലാസിന് ശേഷമുള്ള കോമേഴ്സ് അനുബന്ധ കോഴ്സുകളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. സൗദി ബേസിക് ഇൻഡസ്ട്രീസ് കോർപറേഷനിലെ (സാബിക്) സ്റ്റാഫ് സയൻറിസ്റ്റായ അബ്ദുൽ നിസാർ സൗദി അറേബ്യയിലെ ഉപരിപഠന സാധ്യതകൾ, സ്വകാര്യ-സർക്കാർ സർവകലാശാലകളിലെ പ്രവേശന മാർഗങ്ങൾ, പ്രവേശന പരീക്ഷകൾ, സ്കോളർഷിപ്പുകൾ എന്നിവ ഉൾക്കൊള്ളുന്ന വിവരങ്ങൾ നൽകി. ജൗഹറിന്റെ അവതരണം കൊമേഴ്സിന്റെ അടിസ്ഥാനത്തിൽ പുതുതായി രൂപപ്പെട്ട പാഠ്യവിഷയങ്ങളെ കുറിച്ചായിരുന്നു.
സിജി റിയാദ് ചീഫ് കോഓഡിനേറ്റർ മുസ്തഫ മാനന്തേരി മോഡറേറ്ററായി നയിച്ച പാനൽ ഡിസ്കഷനിൽ സെഷനുകൾ അവതരിപ്പിച്ച വിദഗ്ധർക്ക് പുറമേ സൗദി ഇൻവെസ്റ്റ്മെന്റ് മന്ത്രാലയത്തിലെ ഷംസീറും വിദ്യാർഥികളുടെ സംശയങ്ങൾക്ക് മറുപടി നൽകി. സിജിയുടെ സ്റ്റാളുകളും ഇൻഫർമേഷൻ ഡെസ്കും ഒരുക്കിയിരുന്നു.
ചടങ്ങ് ഉദ്ഘാടനം ചെയ്ത സിജി റിയാദ് ചെയർമാൻ ബി.എച്ച്. മുനീബ് സിജിയുടെ പ്രവർത്തനങ്ങളും ദൗത്യങ്ങളും വിശദീകരിച്ചു. റഷീദ് അലി, നവാസ് റഷീദ്, അബ്ദുൽ അസീസ് തങ്കയത്തിൽ, അമീർ ഖാൻ, അബൂബക്കർ മഞ്ചേരി, സക്കീർ, സമീർ മാളിയേക്കൽ, ഷീബ അസീസ്, ഫെബിന നിസാർ, സൗദ, ഷെർമി എന്നിവരും സംഘാടനത്തിൽ നേതൃത്വം നൽകി. ആസിയ നവാസ് അവതാരകയായിരുന്നു. ഖുർആനിലെ സന്ദേശം നഹ്യാൻ അബ്ദുൽ ലത്തീഫ് അവതരിപ്പിച്ചു. സിജി കരിയർ കോഓഡിനേറ്റർ റിസ്വാൻ നന്ദി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.