സിജി എജുഫെയർ '25 തുടർപഠനത്തിന്റെ സാധ്യതകൾ തേടുന്നവർക്ക് ശിൽപശാല
text_fieldsറിയാദ്: കരിയർ രംഗത്തെ വരുംകാല സാധ്യതകളും വെല്ലുവിളികളും പരിചയപ്പെടുത്തുന്നതിന് വേണ്ടി സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) റിയാദ് ചാപ്റ്റർ ‘എജുഫെയർ '25’ സംഘടിപ്പിക്കുന്നു. മേയ് 31 (ശനിയാഴ്ച) റിയാദ് മലസിലെ അൽ യാസ്മിൻ ഇന്റർനാഷനൽ സ്കൂളിൽ രാവിലെ 8.30 മുതൽ ഉച്ചക്ക് ഒന്ന് വരെ നടക്കുന്ന പരിപാടി വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പുതിയ തൊഴിൽ സാധ്യതകൾ അന്വേഷിക്കുന്ന യുവജനങ്ങൾക്കും ഒരുപോലെ ഉപകാരപ്രദമായിരിക്കും.
വ്യത്യസ്ത തൊഴിൽ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വിദഗ്ധരുടെയും കരിയർ ഗൈഡുകളുടെയും സെഷനുകൾ പരിപാടിയുടെ മുഖ്യ ആകർഷണങ്ങളായിരിക്കും. കൊമേഴ്സ്, ഫിനാൻസ്, ബിസിനസ്, മാനേജ്മെന്റ്, ഡേറ്റ അനലിറ്റിക്സ് തുടങ്ങിയ മേഖലകളിൽ തുടർപഠനം അന്വേഷിക്കുന്ന വിദ്യാർഥികൾക്കായി തൊഴിൽ സാധ്യതകളും ഉയർന്ന വിദ്യാഭ്യാസ മാർഗങ്ങളും വിശദമായി അവതരിപ്പിക്കുന്നതാണ് ഈ എജുഫെയറിന്റെ മുഖ്യ ലക്ഷ്യം.
10ാം ക്ലാസിന് ശേഷമുള്ള പഠന ഗ്രൂപ്പുകളുടെ തെരഞ്ഞെടുപ്പ്, അഭിരുചി പരീക്ഷകളുടെ പ്രാധാന്യം, എൻജിനീയറിങ്ങിനും മെഡിസിനും പുറമേയുള്ള പുതിയ പഠനവിഭാഗങ്ങൾ, അതുമായി ബന്ധപ്പെട്ട തൊഴിൽ സാധ്യതകൾ എന്നിവ സംബന്ധിച്ചും സദസ്സിൽ വിശദീകരണമുണ്ടാകും. ‘എജുഫെയർ 25’ന്റെ ആദ്യ സെഷൻ കൊമേഴ്സ് മേഖലയെ ആസ്പദമാക്കിയാണ്.
സി.എ, സി.എം.എ, എ.സി.സി.എ, സി.എസ്, സി.എഫ്.എ പോലുള്ള അന്താരാഷ്ട്ര അംഗീകാരമുള്ള കോഴ്സുകളിലേക്കുള്ള പ്രവേശന മാർഗങ്ങളും പഠനരീതികളും ഇതിലൂടെ ലഭിക്കാവുന്ന തൊഴിലവസരങ്ങളും വിശദീകരിക്കും. അതോടൊപ്പം തന്നെ ബഹുരാഷ്ട്ര സ്ഥാപനങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്ന ബിസിനസ് ആപ്ലിക്കേഷനുകളെയും പരിചയപ്പെടുത്തും. സൗദി അറേബ്യയിലുളള ഉയർന്ന വിദ്യാഭ്യാസ സാധ്യതകൾ, പുതിയ കോഴ്സുകൾ, ലോജിസ്റ്റിക്സ്, സപ്ലൈ ചെയിൻ, ബാങ്കിങ്, ഫിനാൻസ്, ഇൻഷുറൻസ് തുടങ്ങിയ മേഖലകളിലെ ഇൻഡസ്ട്രി എക്സ്പർട്ടുകൾ പങ്കെടുക്കുന്ന പാനൽ ചർച്ചയും പരിപാടിയുടെ ഭാഗമായി നടക്കും. ഒമ്പതാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർഥികൾ, അവരുടെ രക്ഷിതാക്കൾ, താൽപര്യമുള്ള യുവ പ്രഫഷനലുകൾ എന്നിവർക്കെല്ലാം പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്. പങ്കെടുക്കുന്നതിന് tinyurl.com/ncye5b5c എന്ന ലിങ്കിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 0539382905 എന്ന നമ്പറിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

