കേന്ദ്ര വഖഫ് ഭേദഗതി ബിൽ പിൻവലിക്കണം -മുസ്ലിം കോഓഡിനേഷൻ കമ്മിറ്റി
text_fieldsറിയാദിൽ മുസ്ലിം കോഓഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച ‘അട്ടിമറിക്കപ്പെടുന്ന വഖഫ് നിയമങ്ങൾ’ ചർച്ച സായാഹ്നം സുബൈർ ഹുദവി ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: രാജ്യത്ത് അനുദിനം ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന വർഗീയ ഫാഷിസത്തിന്റെയും ന്യൂനപക്ഷ അവകാശ ധ്വംസനത്തിന്റെയും ഭാഗമാണ് നിലവിലെ വഖഫ് നിയമ ഭേദഗതിയെന്നും പാർലമെന്ററി കമ്മിറ്റിക്ക് മുന്നിലുള്ള പുതിയ നിർദേശങ്ങടങ്ങുന്ന ബില്ല് ഉടൻ പിൻവലിക്കണമെന്നും റിയാദിലെ മുസ്ലിം സംഘടനകളുടെ പൊതുവേദിയായ മുസ്ലിം കോഓഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.
ബത്ഹ ഡി പാലസ് ഹോട്ടലിൽ നടന്ന ചർച്ച സായാഹ്നം ബിഹാറിലെ കിഷൻഗഞ്ച് ഖുർതുബ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അക്കാദമിക് എക്സലൻസ് ഫൗണ്ടേഷൻ ഡയറക്ടർ സുബൈർ ഹുദവി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ മുസ്ലിംകളുടെ ചരിത്രപരമായ പതിതാവസ്ഥയും അതിജീവന സാധ്യതകളും അദ്ദേഹം വിശദമായി പ്രതിപാദിച്ചു. മുസ്ലിം കോഓഡിനേഷൻ കമ്മിറ്റി ചെയർമാനും കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റുമായ സി.പി മുസ്തഫ അധ്യക്ഷത വഹിച്ചു.
വിഷയാവതരണം നിർവഹിച്ച തനിമ വൈസ് പ്രസിഡന്റും കോഓഡിനേഷൻ കമ്മിറ്റി ജനറൽ കൺവീനറുമായ റഹ്മത്തെ ഇലാഹി നദ്വി സാത്വികരായ മനുഷ്യർ ദീനി സേവനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടി കരുതിവെച്ച സ്ഥിരനിക്ഷേപമാണ് വഖഫെന്നും അതിലിടപെടാൻ ഒരു ബാഹ്യശക്തിക്കും അധികാരാവകാശമില്ലെന്നും പറഞ്ഞു.
പുതിയ ബിൽ മുസ്ലിം സമൂഹത്തെ ദുർബലപ്പെടുത്താനും വഖ്ഫ് സ്വത്തുക്കൾ തട്ടിയെടുക്കുവാനുമുള്ള കുത്സിത ശ്രമമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അന്യാധീനപ്പെടുത്തിയ വഖഫ് സ്വത്തുക്കൾ നിയമവിധേയമാക്കാനുള്ള നീക്കമാണ് ഇതിനുപിന്നിലെന്നും അഞ്ച് വർഷം പ്രാക്ടീസ് ചെയ്തവർക്ക് മാത്രമേ വഖഫ് ചെയ്യാൻ കഴിയൂവെന്ന വ്യവസ്ഥയും ഗവൺമെന്റ് നിർദേശിക്കുന്ന എം.പിമാർ ബോർഡിൽ ഉണ്ടായിരിക്കണമെന്ന നിർദേശവും ഭരണഘടനാവിരുദ്ധമാണെന്ന് ‘പ്രബോധനം’ പത്രാധിപർ ഡോ. കൂട്ടിൽ മുഹമ്മദലി പറഞ്ഞു. മുസ്ലിം അതിജീവനത്തിൽ ഐക്യത്തോടെയും സാഹോദര്യത്തോടെയും പ്രവർത്തിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു.
ആർ.ഐ.സി.സി പ്രതിനിധി അഡ്വ. ഹബീബുറഹ്മാൻ വഖഫ് കൈയേറ്റക്കാർക്ക് ജയിൽശിക്ഷ ഒഴിവാക്കുന്നതിനെയും ബോർഡിലെ അമുസ് ലിം പ്രാതിനിധ്യത്തെയും ചോദ്യം ചെയ്തു. ഷഫീഖ് പൂനൂർ (എം.ഇ.എസ്) അബ്ദുല്ല അൽ ഹികമി (റിയാദ് ഇസ്ലാഹി കോഓഡിനേഷൻ കമ്മിറ്റി), മുനീർ കൊടുങ്ങല്ലൂർ (ഐ.സി.എഫ്), സഈദ് സുല്ലമി (സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ), അബ്ദുസ്സലാം ബുസ്താനി (റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്റർ), ഹലീം (ഡൽഹി കെ.എം.സി.സി) എന്നിവർ സംസാരിച്ചു.
ഖലീൽ അബ്ദുല്ല ഖിറാഅത്ത് നിർവഹിച്ചു. റിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻറർ സെക്രട്ടറിയേറ്റ് അംഗം അഡ്വ. അബ്ദുൽ ജലീൽ സ്വാഗതവും ശാഫി ദാരിമി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

