കേന്ദ്ര വഖഫ് നിയമ ഭേദഗതി വിശ്വാസങ്ങൾക്ക് നേരെയുള്ള കൈയേറ്റം -തനിമ സെമിനാർ
text_fieldsകേന്ദ്ര വഖഫ് നിയമ ഭേദഗതി എന്തിന് എന്ന ശീർഷകത്തിൽ തനിമ സംഘടിപ്പിച്ച സെമിനാറിൽ വൈസ് പ്രസിഡൻറ് റഹ്മത്തെ ഇലാഹി നദ്വി സംസാരിക്കുന്നു
റിയാദ്: വഖഫ് സ്വത്തുക്കൾ തട്ടിയെടുക്കാനും വിശ്വാസങ്ങൾക്കും മൗലികാവകാശങ്ങൾക്കും നേരെയുള്ള കൈയേറ്റവുമാണ് കേന്ദ്ര വഖഫ് നിയമ ഭേദഗതിയെന്നും ഇത്തരം നീക്കങ്ങളെ ജനാധിപത്യ സമൂഹം ശക്തമായി ചെറുത്ത് തോൽപിക്കണമെന്നും തനിമ സാംസ്കാരിക വേദി റിയാദ് ഘടകം സംഘടിപ്പിച്ച സെമിനാർ ആവശ്യപ്പെട്ടു. മലസ് ചെറീസ് ഹാളിൽ വിവിധ സംഘടന പ്രതിനിധികൾ പങ്കെടുത്ത പരിപാടിയിൽ സെൻട്രൽ പ്രൊവിൻസ് പ്രസിഡൻറ് സിദ്ദീഖ് ബിൻ ജമാൽ അധ്യക്ഷത വഹിച്ചു.
ദൈവിക മാർഗത്തിൽ വ്യയം ചെയ്യാനും സമൂഹത്തിന്റെ ക്ഷേമ പ്രവർത്തനങ്ങൾക്കുമാണ് വഖഫ് സ്വത്തുക്കൾ ഉപയോഗിക്കേണ്ടതെന്നും ഇത് മറ്റ് മാർഗങ്ങളിൽ വിനിയോഗിക്കാൻ ആർക്കും അവകാശമില്ലെന്നും പുതിയ തലമുറ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വിഷയാവതാരകനായ തനിമ വൈസ് പ്രസിഡൻറ് റഹ്മത്തെ ഇലാഹി നദ്വി ഇസ്ലാമിക സാമ്പത്തിക വ്യയത്തിന്റെ മേഖലയാണ് വഖഫെന്നും ഗവണ്മെൻറുകളുടെ അനാസ്ഥ കാരണം ദശലക്ഷക്കണക്കിന് വസ്തുവഹകളാണ് ഇതിനകം മുസ്ലിം സമൂഹത്തിന് നഷ്ടപ്പെട്ടതെന്നും ചൂണ്ടിക്കാട്ടി. നീതീകരിക്കാനാവാത്ത നിർദേശങ്ങളാണ് ഭേദഗതി മുന്നോട്ട് വെക്കുന്നതെന്നും പുതിയ നിയമം ചുട്ടെടുക്കാനുള്ള നീക്കം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.
കെ.എം.സി.സി പ്രതിനിധി യു.പി. മുസ്തഫ വഖഫ് സ്വത്തുക്കൾ അന്യാധീനപ്പെടാതിരിക്കാനും ഏകീകരിക്കാനുമായി നെഹ്റു നടപ്പാക്കിയതാണ് ഈ നിയമമെന്നും യു.പി.എ കാലത്ത് ക്രിയാത്മകമായ ചില നിർദേശങ്ങൾ കൂട്ടിച്ചേർത്തെന്നും പറഞ്ഞു.
ജെ.പി.സിക്ക് വിട്ടത് മുഖം രക്ഷിക്കാൻ വേണ്ടിയാണെന്നും ഭേദഗതി നടത്താനുള്ള ശേഷി കേന്ദ്ര സർക്കാറിനില്ലെന്നും റിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻറർ പ്രതിനിധി അഡ്വ. ജലീൽ പ്രതികരിച്ചു. അധികാരങ്ങൾ ജില്ല കലക്ടറേറ്റുകൾക്ക് നൽകുന്നതും മറ്റു മതസ്ഥരെ വഖഫ് ബോർഡിലേക്ക് ഉൾക്കൊള്ളിക്കുന്നതുമായ ഒരു നിർദേശവും യുക്തിസഹമല്ലെന്നും
മതസമൂഹങ്ങളെ ശത്രുക്കളാക്കാനുള്ള കുത്സിത ശ്രമമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൗദി ഇന്ത്യൻ ഇസ്ലാഹി സെൻറർ പ്രതിനിധി ഐ.എം.കെ. അഹ്മദ്, ആർ.ഐ.സി.സി ക്രിയേറ്റിവ് ഫോറം ചെയർമാൻ റഊഫ്, അഡ്വ. ജമാൽ (യൂത്ത് ഇന്ത്യ) എന്നിവർ സംസാരിച്ചു.
ഖലീൽ അബ്ദുല്ല ഖിറാഅത്ത് നിർവഹിച്ചു. തനിമ പ്രൊവിൻസ് കമ്മിറ്റിയംഗങ്ങളായ സദറുദ്ദീൻ കീഴിശ്ശേരി സ്വാഗതവും അഷ്റഫ് കൊടിഞ്ഞി നന്ദിയും പറഞ്ഞു. വനിതകളടക്കം നിരവധി പേർ സെമിനാറിൽ സംബന്ധിച്ചു. സലീം മാഹി, റെനീസ്, അഹ്ഫാൻ, സുഹൈൽ, നൗഷാദ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

