പി.എം ശ്രീ പദ്ധതി വഴി കേന്ദ്ര സിലബസ് കേരളത്തിൽ പഠിപ്പിക്കില്ല -കെ.ടി. ജലീൽ എം.എൽ.എ
text_fieldsകെ.ടി. ജലീൽ എം.എൽ.എ ദമ്മാമിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുന്നു
ദമ്മാം: 300 സ്കൂളുകൾക്ക് 600 കോടി ലഭ്യമാകുന്ന പി.എം ശ്രീ എന്ന പദ്ധതിയിൽ സംസ്ഥാനം ഒപ്പിട്ടാലും കേന്ദ്രം നിർദേശിക്കുന്ന സിലബസുകൾ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തില്ലെന്ന് മുൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്ന കെ.ടി. ജലീൽ എം.എൽ.എ പറഞ്ഞു. ദമ്മാം നവോദയ സംഘടിപ്പിച്ച സ്കോളർഷിപ് വിതരണ പരിപാടിയിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു.
കേന്ദ്രത്തിന് സംസ്ഥാന വിദ്യാഭ്യാസ നയങ്ങളിൽ ഇടപെടാൻ പാകത്തിൽ ഭരണഘടന പരിഷ്കാരം ഉണ്ടാക്കിയത് ഇന്ദിര ഗാന്ധിയുടെ ഭരണകാലത്താണ്. ഈ ആനുകൂല്യം ഉപയോഗപ്പെടുത്തിയാണ് കേന്ദ്രം പി.എം ശ്രീ പദ്ധതി മുന്നോട്ടുവെക്കുന്നത്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളെല്ലാം ഇതിൽ ഒപ്പിട്ടുകഴിഞ്ഞു. വിദ്യാഭ്യാസ മേഖലയിൽ വലിയ മുന്നേറ്റം ഉണ്ടാക്കാൻ സാധിക്കുന്ന ഇത്രയും വലിയ കേന്ദ്ര ഫണ്ട് അന്തമായ രാഷ്ട്രീയവിരോധം കാരണം ഇടതുപക്ഷം നഷ്ടപ്പെടുത്തി എന്നായിരിക്കും ഇതിൽ ഒപ്പിട്ടില്ലെങ്കിൽ പിന്നീട് പ്രതിപക്ഷം ആരോപിക്കുക.
കേരളത്തിൽ ഇന്ന് പഠിപ്പിച്ചുകൊണ്ടിരിക്കുന്ന മതനിരപേക്ഷ വിദ്യാഭ്യാസ രീതിക്ക് ഒരു തരത്തിലും മാറ്റം വരുത്താൻ ഈ പദ്ധതിയിൽ ഒപ്പിട്ടതുകൊണ്ട് മാത്രം കേരളം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനെ എതിർക്കുന്ന മുസ്ലീംലീഗുകാർ തങ്ങളുടെ നേതൃത്വത്തിലുള്ള സി.ബി.എസ്.ഇ സ്കുളുകളിൽ കേന്ദ്ര സിലബസ് പഠിപ്പിക്കില്ലെന്ന് തീരുമാനിക്കുകയാണ് ആദ്യം വേണ്ടത്. ഒരു പദ്ധതി നടപ്പാക്കുമ്പോൾ വിശദമായ പഠനം ആവശ്യമുണ്ട് എന്നതിനാലാണ് കഴിഞ്ഞ രണ്ടര വർഷം പദ്ധതിയിൽ ചേരാതെ കേരളം മാറിനിന്നത്. പി.എം ശ്രീയിൽ ഒപ്പിട്ടതോടെ ഇടതുപക്ഷം ബി.ജെ.പിക്ക് കീഴടങ്ങിയെന്ന ആരോപണം തികച്ചും അപഹാസ്യമാണ്. ആർ.എസ്.എസുകാരെ സ്വന്തം സുഹൃദ് വലയത്തിൽ പോലും ഉൾപെടുത്താത്ത സഖാക്കന്മാരാണ് ഇടത് സംഘത്തിന്റെ കരുത്ത്. പിന്നെങ്ങനെ ബി.ജെ.പി നയങ്ങൾക്ക് ഇടതു സർക്കാർ അനുകൂലമാകുമെന്നും അദ്ദേഹം ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

