കേന്ദ്ര ബജറ്റ്: കേരളത്തോടും പ്രവാസികളോടും കടുത്ത വഞ്ചന -ഐ.എം.സി.സി
text_fieldsജിദ്ദ: കോർപറേറ്റ് താൽപര്യങ്ങൾ മുൻനിർത്തിയുള്ള കേന്ദ്ര സർക്കാറിന്റെ ബജറ്റ് പ്രഖ്യാപനങ്ങൾ പ്രഹസനമാണെന്നും, കേരളത്തെയും പ്രവാസികളെയും പൂർണമായി അവഗണിച്ച കേന്ദ്ര നിലപാട് കടുത്ത വഞ്ചനയാണെന്നും ഐ.എം.സി.സി ജി.സി.സി കമ്മിറ്റി പ്രസ്താവിച്ചു. എയിംസ് ഉൾപ്പെടെ കേരളത്തിന്റെ പ്രധാന ആവശ്യങ്ങളൊന്നും പരിഗണിച്ചില്ല, ആവശ്യമായ പ്രവാസി ക്ഷേമ പദ്ധതികൾ പ്രഖ്യാപനങ്ങളിലില്ല. പ്രവാസികളോടുള്ള കേന്ദ്ര സർക്കാറിന്റെ അവഗണനകൾ തുടരുന്നത് പ്രതിഷേധാർഹമാണെന്നും ഐ.എം.സി.സി ജി.സി.സി നേതാക്കളായ എ.എം. അബ്ദുല്ലകുട്ടി, സത്താർ കുന്നിൽ, പി.പി. സുബൈർ, മൊയ്തീൻകുട്ടി പുളിക്കൽ, ഷാഹുൽ ഹമീദ്, റഷീദ് താനൂർ എന്നിവര് പ്രസ്താവനയിൽ പറഞ്ഞു.
പ്രവാസികളെ നെഞ്ചോടുചേർത്ത് ഇടതുസർക്കാർ -ജിദ്ദ നവോദയ
ജിദ്ദ: ഇടത് സർക്കാർ പ്രഖ്യാപിച്ച ബജറ്റ് പ്രവാസികളെ നെഞ്ചോടു ചേർത്തുനിർത്തുന്നതാണെന്ന് ജിദ്ദ നവോദയ ഭാരവാഹികൾ അഭിപ്രായപ്പെട്ടു. അടിക്കടി ഉണ്ടാകുന്ന വിമാനയാത്ര നിരക്ക് വർധന നിയന്ത്രിക്കുന്നതിനുള്ള കോർപസ് ഫണ്ട് രൂപവത്കരിക്കുന്നതിനായി 15 കോടി രൂപ ബജറ്റിൽ വകയിരുത്തി. മടങ്ങിയെത്തുന്ന ഓരോ പ്രവാസി തൊഴിലാളിക്കും പരമാവധി 100 തൊഴിൽ ദിനങ്ങൾ ലക്ഷ്യമിടുന്ന നെയിം പദ്ധതിക്കായി അഞ്ചുകോടി രൂപ, മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി 84.60 കോടി രൂപ, സാന്ത്വന പദ്ധതികൾക്കായി 33 കോടി രൂപ, പ്രവാസി ക്ഷേമനിധി ബോർഡിനായി 15 കോടി രൂപയും നോർക്ക ആംബുലൻസ് സേവനത്തിനായി 60 ലക്ഷം രൂപയും ബജറ്റിൽ മാറ്റിവെച്ചു. ലോക കേരളസഭ സെക്രട്ടേറിയറ്റിന്റെ ഓഫിസ് ചെലവുകൾക്കായി രണ്ടര കോടി രൂപ വകയിരുത്തി. മാവേലിക്കരയിൽ ലോക കേരള കേന്ദ്രം സ്ഥാപിക്കുന്നതിനായി ഒരുകോടി രൂപ വകയിരുത്തിയിട്ടുണ്ട്.
നോർക്ക ശുഭയാത്ര എന്ന പദ്ധതിക്കായി രണ്ടുകോടി രൂപ വകയിരുത്തി. കുറഞ്ഞ വരുമാനമുള്ള പ്രവാസികൾക്ക് രണ്ടുലക്ഷം രൂപ വരെയുള്ള പലിശ രഹിത വായ്പ കുടുംബശ്രീ മിഷനു കീഴിൽ നൽകുന്ന പദ്ധതിയായ 'പ്രവാസി ഭദ്രത' സഹകരണ ബാങ്കുകൾ, ദേശസാൽകൃത ബാങ്കുകൾ, ഷെഡ്യൂൾഡ് ബാങ്കുകൾ മുഖേന അഞ്ചുലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് 25 ശതമാനം മൂലധന സബ്സിഡിയും മൂന്നു ശതമാനം പലിശ സബ്സിഡിയും നൽകുന്ന പ്രവാസി ഭദ്രത മൈക്രോ, കെ.എസ്.ഐ.ഡി.സി മുഖേന എം.എസ്.എം.ഇ സംരംഭകർക്ക് അഞ്ചുശതമാനം പലിശ നിരക്കിൽ 25 ലക്ഷം മുതൽ രണ്ടുകോടി വരെ വായ്പയായി നൽകുന്ന പ്രവാസി ഭദ്രത മെഗാ എന്നീ പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളത്. പ്രവാസി ക്ഷേമ വികസന പുനരധിവാസ പദ്ധതികൾക്ക് മുഗണന നൽകുന്ന ബജറ്റിന് ജിദ്ദ നവോദയയുടെ അഭിവാദ്യങ്ങൾ അർപ്പിക്കുന്നതായി നവോദയ മുഖ്യ രക്ഷാധികാരി ഷിബു തിരുവനന്തപുരം, പ്രസിഡന്റ് കിസ്മത് മമ്പാട്, സെക്രട്ടറി ശ്രീകുമാർ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.
കേരള ബജറ്റ് പ്രവാസി വിരുദ്ധം -ജിദ്ദ ഒ.ഐ.സി.സി
ജിദ്ദ: പ്രതിസന്ധികളിൽ അകപ്പെട്ട പ്രവാസികളെ സഹായിക്കുന്നതിനുള്ള ക്രിയാത്മകമായ പദ്ധതികൾ ഒന്നും പ്രഖ്യാപിക്കാത്ത പ്രവാസി വിരുദ്ധ ബജറ്റാണ് കേരള സർക്കാർ അതരിപ്പിച്ചതെന്ന് ഒ.ഐ.സി.സി സൗദി വെസ്റ്റേൺ റീജനൽ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ മുനീർ പറഞ്ഞു.
കേരള സമ്പദ്ഘടനയ്ക്ക് പ്രവാസികൾ അർപ്പിച്ച സംഭാവനകളെ ഒട്ടും പരിഗണിക്കാത്ത, യാഥാർഥ്യബോധമില്ലാത്ത ബജറ്റാണ് ധനമന്ത്രി ബാലഗോപാൽ അവതരിപ്പിച്ചത്. 2022 മാർച്ചിൽ പ്രവാസികളുടെ ക്ഷേമത്തിനായി ധനമന്ത്രി പ്രഖ്യാപിച്ച പദ്ധതികൾ ജലരേഖയായി മാറിയതിന്റെ ചുവടുപിടിച്ചുള്ള മറ്റൊരു പ്രഖ്യാപനമായി മാത്രമേ വിമാനയാത്ര നിരക്ക് കുറക്കുന്നതിനുള്ള പദ്ധതിയെ കാണാനാവൂ. ലക്ഷക്കണക്കിന് പ്രവാസികൾ സ്വദേശിവത്കരണത്തിന്റെയും കോവിഡ് പ്രതിസന്ധിയുടെയും പേരിൽ കേരളത്തിലേക്കു മടങ്ങിയെത്തിയിരിക്കുന്നുവെന്ന വ്യക്തമായ കണക്ക് സർക്കാറിന്റെ പക്കൽ ഉണ്ടായിട്ടും അവർക്ക് ഗുണകരമായ ഒരു പുനരധിവാസ പദ്ധതിയും ഉണ്ടായില്ല. 100 ദിന തൊഴിൽ ദിനങ്ങൾ ഉണ്ടാക്കുന്ന പദ്ധതിയായി പറയുന്ന നോർക്ക അസിസ്റ്റന്റ് ആൻഡ് മൊബിലൈസ്ഡ് പദ്ധതിയ്ക്ക് വകയിരുത്തിയിരിക്കുന്നത് ആകെ അഞ്ചുകോടി രൂപയാണ്. എന്നാൽ, കൊട്ടിഘോഷിച്ചുകൊണ്ട് നടക്കുന്ന ലോക കേരള സഭയ്ക്ക് 2.5 കോടിയാണ് വകയിരുത്തിയിരിക്കുന്നത്. പ്രവാസി പെൻഷൻ വർധിപ്പിക്കുന്നതിനെ കുറിച്ച് ബജറ്റ് ഒരക്ഷരം മിണ്ടിയില്ല. പ്രവാസികളുടെ സർക്കാറെന്നു ഗീർവാണം പറയുന്ന ഇടത് അനുകൂല പ്രവാസി സംഘടനകൾ ഈ ബജറ്റിനെ അംഗീകരിക്കുന്നുണ്ടോ എന്ന കാര്യം തുറന്നു പറയണമെന്നു കെ.ടി.എ മുനീർ പറഞ്ഞു. പ്രവാസികളെ ഒന്നടങ്കം അവഗണിച്ച കേരള ബജറ്റിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

