യു.എ.ഇയിൽ കുടുങ്ങിയവര്‍ക്ക് കേന്ദ്രം അടിയന്തര സഹായമെത്തിക്കണം –നവോദയ ജിദ്ദ
text_fieldsജിദ്ദ: സൗദിയിലെ യാത്രാവിലക്കു മൂലം യു.എ.ഇയിൽ കുടുങ്ങിയ പ്രവാസികൾക്ക് അടിയന്തര സഹായമെത്തിക്കണമെന്ന് നവോദയ ജിദ്ദ ആവശ്യപ്പെട്ടു. കേരള സര്‍ക്കാറും നോര്‍ക്കയും മുൻകൈയെടുത്തിട്ടും കേന്ദ്രം തിരിഞ്ഞുനോക്കാത്തത് പ്രവാസികളില്‍ ഏറെ പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്. മലയാളിയായ വിദേശകാര്യ വകുപ്പ് മന്ത്രി കാര്യങ്ങള്‍ അറിഞ്ഞിട്ടും പ്രതികരിക്കാതിരിക്കുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും നവോദയ ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
സൗദിയിലേക്ക് വരാനായി ദുൈബയില്‍ ക്വാറൻറീനില്‍ ആയിരക്കണക്കിന് മലയാളികള്‍ കുടുങ്ങിക്കിടക്കുകയാണ്. നിര്‍ബന്ധിത ക്വാറൻറീന് കഴിഞ്ഞവരടക്കം ഇനി എന്ന് സൗദിയിലേക്ക് വരാന്‍ കഴിയുമെന്ന ആശങ്കയിലാണ്. അതേസമയം, ഒമാനിലോ ബഹ്റൈനിലോ സന്ദർശക വിസ എടുത്ത് സൗദിയിലേക്ക് പ്രവേശിക്കണമെങ്കില്‍ അവിടെയും 14 ദിവസം കഴിയണം. വിവിധ ട്രാവൽ ഏജൻസികൾ 15 ദിവസത്തെ പാക്കേജായാണ് ആളുകളെ യു.എ.ഇയില്‍ എത്തിച്ചിട്ടുള്ളത്. യു.എ.ഇ വിസ 40 ദിവസം വരെ മാത്രമേ ലഭിക്കൂ. ഇത്തരം പാക്കേജില്‍ എത്തിയവര്‍ യു.എ.ഇയിലെ വിവിധ ഹോട്ടലുകളിലാണ് താമസിക്കുന്നത്.
സൗദി വ്യോമ, കര ഗതാഗതം പുനരാരംഭിക്കുന്നതുവരെ അവിടെ കഴിയാൻ സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ട്. നാട്ടിലേക്ക് തിരികെ പോകാന്‍ വിമാന ടിക്കറ്റ് ചാർജും വേണ്ടിവരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടനെതന്നെ നവോദയ ജിദ്ദ കമ്മിറ്റി യു.എ.ഇയിലെ വിവിധ മലയാളി സാംസ്കാരിക സംഘടനകളെ ബന്ധപ്പെടുകയും വേണ്ട സഹായ സജ്ജീകരണങ്ങള്‍ ഒരുക്കുകയും ചെയ്തിരുന്നു. അബൂദബി ശക്തി തിയറ്റര്‍, ദുൈബയിലെ ഓര്മ എന്നീ സംഘടനകള്‍ മനുഷ്യസഹജമായ എല്ലാ സഹായങ്ങളും ഇവർക്ക് ഉറപ്പുവരുത്തിയിട്ടുണ്ട്. കൂടുതല്‍ ഇടപെടല്‍ ആവശ്യമെങ്കില്‍ വേണ്ടത് ചെയ്യാന്‍ ഒരുക്കമാണെന്നും നോര്‍ക്കയുടെ ഊർജിത ഇടപെടലിനായി ആവശ്യപ്പെട്ടതും മുഖ്യമന്ത്രിയുടെ ഓഫിസുമായി ആദ്യം ബന്ധപ്പെട്ടതും നവോദയ ജിദ്ദ കമ്മിറ്റിയായിരുന്നുവെന്നും സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡൻറ് ഷിബു തിരുവനന്തപുരം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

