ദേശീയതക്കൊപ്പം നിർമിതബുദ്ധി വർഷം ആഘോഷിക്കുേമ്പാൾ
text_fieldsസൗദി അറേബ്യ 96ാമത് ദേശീയ ദിനം ആഘോഷിക്കുന്ന 2026, ‘ആർട്ടിഫിഷ്യൽ ഇൻറലിജൻസ് വർഷം’ എന്ന പ്രത്യേകതയോടെയാണ് കടന്നുപോകുന്നത്. രാജ്യത്തിെൻറ വികസന, നവീകരണ യാത്രയിൽ നിർമിതബുദ്ധിക്ക് നൽകുന്ന പ്രാധാന്യം അടയാളപ്പെടുത്തുന്നതാണ് ഈ പ്രഖ്യാപനം. മാർച്ച് 10ന് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാെൻറ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് 2026 ‘നിർമിതബുദ്ധി വർഷം’ അഥവാ ‘എ.ഐ വർഷം’ ആയി ആചരിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.
ഭാവിയുടെ ഉന്നത സാങ്കേതികവിദ്യകൾ കാര്യക്ഷമമായി ഉപയോഗപ്പെടുത്തുന്നതിലും വികസനത്തെയും നവീകരണത്തെയും പിന്തുണക്കുന്നതിലും അവക്കുള്ള നിർണായക പങ്ക് തിരിച്ചറിഞ്ഞുകൊണ്ടുള്ളതാണ് ഈ പ്രഖ്യാപനം. ‘സൗദി വിഷൻ 2030’ ലക്ഷ്യങ്ങളുടെ പൂർത്തീകരണത്തിലും എ.ഐ വർഷാചരണത്തിന് വലിയ പ്രാധാന്യമുണ്ട്.
നൂതന സാങ്കേതികവിദ്യകൾക്ക് മുൻഗണന നൽകുന്ന വിഷൻ 2030-െൻറ ഭാഗമായി ആർട്ടിഫിഷ്യൽ ഇൻറലിജൻസിെൻറ ആഗോള കേന്ദ്രമെന്ന നിലയിൽ സൗദിയുടെ സ്ഥാനം കൂടുതൽ ഉറപ്പിക്കാനുള്ള ശ്രമങ്ങളുടെ തുടർച്ച കൂടിയാണ് ഈ വർഷാചരണം. ഡേറ്റ സയൻസിനും നിർമിത ബുദ്ധിക്കുമുള്ള ദേശീയ തന്ത്രം നടപ്പാക്കുക, ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക, ദേശീയ ശേഷി വർധിപ്പിക്കുക, നൂതന സാങ്കേതികവിദ്യകളിലെ നവീകരണവും നിക്ഷേപവും പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ 2019-ൽ സ്ഥാപിതമായ ‘സൗദി ഡേറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അതോറിറ്റി’ രാജ്യത്ത് നടപ്പാക്കിയ വിവിധ പദ്ധതികളും ഈ യാത്രക്ക് വലിയ പിന്തുണയായി.
ഈ വർഷത്തെ ദേശീയദിനം ആഘോഷിക്കുമ്പോൾ, വിവിധ മേഖലകളിൽ നിർമിത ബുദ്ധി സാങ്കേതികവിദ്യകൾ സംയോജിപ്പിക്കുന്നതിൽ രാജ്യം ഇതിനകം കൈവരിച്ച പുരോഗതിയും അടയാളപ്പെടുത്തപ്പെടുകയാണ്. ഡാറ്റാ അധിഷ്ഠിത വിജ്ഞാന സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും എ.ഐയുടെ സാധ്യതകൾ ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങൾ രാജ്യത്ത് സജീവമാണ്. പുരോഗതിയുടെയും മാനവ വികസനത്തിെൻറയും ചാലകശക്തിയായാണ് സൗദി ആർട്ടിഫിഷ്യൽ ഇൻറലിജൻസിനെ കാണുന്നത്.
ആർട്ടിഫിഷ്യൽ ഇൻറലിജൻസിെൻറ ധാർമികതയെക്കുറിച്ചുള്ള യുനെസ്കോ ആഗോള ഫോറത്തിെൻറ നാലാം പതിപ്പിന് ഈ മാസം റിയാദ് വേദിയായതും ഈ രംഗത്തെ സൗദിയുടെ മുന്നേറ്റത്തിലെ ശ്രദ്ധേയമായ അധ്യായമാണ്. യുനെസ്കോ അംഗരാജ്യങ്ങളിലെ മന്ത്രിമാർ, നയരൂപകർത്താക്കൾ, വിദഗ്ധർ, ഗവേഷകർ, അക്കാദമിക് വിദഗ്ധർ, വിവിധ സർക്കാരുകളുടെയും അന്താരാഷ്ട്ര സംഘടനകളുടെയും പ്രതിനിധികൾ എന്നിവർ ഫോറത്തിൽ ഒരുമിച്ചു. പുരോഗതി, മത്സരക്ഷമത, മാനവ വികസനം എന്നിവയുടെ ചാലകശക്തിയായി എ.ഐ മേഖലയെ വികസിപ്പിക്കാനുള്ള രാജ്യത്തിെൻറ പ്രതിബദ്ധതയാണ് ഈ വർഷത്തെ വിവിധ പരിപാടികൾ പ്രതിഫലിപ്പിക്കുന്നതെന്ന് സൗദി ഡാറ്റ ആൻഡ് എ.ഐ അതോറിറ്റി പ്രസിഡൻറ് ഡോ. അബ്ദുല്ല അൽഗാംദി വ്യക്തമാക്കി. കേവലം ആറു വർഷത്തിനുള്ളിൽ തന്നെ എ.ഐ രംഗത്ത് സൗദി കൈവരിച്ച മികവ് ആഗോള ശ്രദ്ധ നേടിയിട്ടുണ്ട്. ഓക്സ്ഫോർഡ് ഇൻസൈറ്റ്സിെൻറ ഗവൺമെൻറ് എ.ഐ സന്നദ്ധതാ സൂചിക 2025-ൽ പശ്ചിമേഷ്യയിലും വടക്കനാഫ്രിക്കയിലും സൗദി ഒന്നാം സ്ഥാനത്തെത്തി.
എ.ഐ സംബന്ധിച്ച തീരുമാനമെടുക്കലിനും നിയന്ത്രണ-ആസൂത്രണ പ്രവർത്തനങ്ങൾക്കും ആശ്രയിക്കുന്ന ലോകത്തിലെ മുൻനിര മാനദണ്ഡങ്ങളിലൊന്നാണ് ഈ സൂചിക. എ.ഐയെ ദേശീയ മുൻഗണനയായി പരിഗണിച്ചുകൊണ്ടുള്ള പദ്ധതികൾക്ക് സൗദി ഇപ്പോൾ കൂടുതൽ പ്രോത്സാഹനം നൽകുകയാണ്. ദേശീയ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിലും സർക്കാർ കാര്യക്ഷമത വർധിപ്പിക്കുന്നതിലും സൗദി ഡേറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അതോറിറ്റിയുടെ വിവിധ പ്രവർത്തനങ്ങൾ നിർണായക പങ്കുവഹിക്കുന്നു. എ.ഐ മേഖലയിലെ രാജ്യത്തിെൻറ മികവ് ഈ പ്രവർത്തനങ്ങളിലൂടെയും പ്രകടമാകുന്നു.
10 ലക്ഷം സ്വദേശികളെ എ.ഐ കഴിവുകൾ കൊണ്ട് സജ്ജരാക്കുകയും 60 ലക്ഷത്തിലധികം വിദ്യാർഥികൾക്കായി പാഠ്യപദ്ധതിയിൽ ദേശീയതലത്തിലുള്ള എ.ഐ സംയോജനം സാധ്യമാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയുള്ള വിവിധ പരിപാടികളും ഇതിനകം ഫലം കണ്ടിട്ടുണ്ട്. സാങ്കേതികവിദ്യയെ മനുഷ്യവിഭവശേഷിയുടെ വികസനവുമായി ബന്ധിപ്പിക്കുന്ന ഈ ശ്രമങ്ങൾ രാജ്യത്തിെൻറ ദീർഘകാല ലക്ഷ്യങ്ങളിലെ പ്രധാന ഘടകങ്ങളാണ്.
ഹജ്ജ്, ഉംറ സീസണുകളിലും എ.ഐ സാങ്കേതികവിദ്യയുടെ പ്രയോഗം ശ്രദ്ധേയമാണ്. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും അനുഷ്ഠാന കർമങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറുന്നതിനുമെല്ലാം എ.ഐ അധിഷ്ഠിത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നു. വിശ്വാസികളുടെ വലിയ സാന്നിധ്യമുള്ള തീർഥാടന കാലയളവുകളിൽ സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന ഈ സംവിധാനങ്ങൾ ആഗോളതലത്തിലും ശ്രദ്ധ നേടിയിട്ടുണ്ട്.
ദേശീയദിനത്തിെൻറ ആഘോഷവേളയിൽ സൗദി അറേബ്യ പിന്നിട്ട 96 വർഷങ്ങളുടെ ചരിത്രത്തിനൊപ്പം മുന്നിലുള്ള ഭാവിയുടെ സാങ്കേതിക സാധ്യതകളെയും ചേർത്തുപിടിക്കുകയാണ്. ‘ആർട്ടിഫിഷ്യൽ ഇൻറലിജൻസ് വർഷം’ എന്ന പ്രഖ്യാപനം ഈ മാറ്റത്തിെൻറ പ്രതീകമാണ്. വികസനം, നവീകരണം, ദേശീയ ശേഷി, ആഗോള മത്സരശേഷി എന്നിവയുടെ അടുത്ത ഘട്ടത്തിലേക്ക് രാജ്യത്തെ നയിക്കുന്നതിൽ നിർമിത ബുദ്ധിക്ക് നൽകുന്ന പ്രാധാന്യം കൂടിയാണ് ഈ വർഷത്തെ ദേശീയ ദിനാഘോഷങ്ങൾക്ക് പുതിയൊരു അർഥതലം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

