ഗസ്സയിൽ വെടിനിർത്തൽ; യു.എൻ പ്രമേയത്തെ സ്വാഗതം ചെയ്ത് സൗദി അറേബ്യ
text_fieldsറിയാദ്: റമദാൻ മാസത്തിൽ ഗസ്സയിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് യു.എൻ രക്ഷാസമിതി പാസാക്കിയ പ്രമേയത്തെ സ്വാഗതം ചെയ്ത് സൗദി അറേബ്യ. ശാശ്വതവും സുസ്ഥിരവുമായി വെടിനിർത്തുക, എല്ലാ ബന്ദികളെയും മോചിപ്പിക്കുക, അന്താരാഷ്ട്ര നിയമത്തിലെ ബാധ്യതകൾ കക്ഷികൾ പാലിക്കുക, ഗസ്സയിലെ മുഴുവൻ സാധാരണക്കാർക്കും മാനുഷിക സഹായം എത്തിക്കുന്നത് വിപുലീകരിക്കുക, അവരുടെ സംരക്ഷണം വർധിപ്പിക്കുക എന്ന അവസ്ഥയിലേക്ക് പ്രമേയം നയിക്കുമെന്ന് സൗദി അഭിപ്രായപ്പെട്ടു.
ഗസ്സയിലെ സിവിലിയന്മാർക്കെതിരായ ഇസ്രായേൽ അധിനിവേശം തടയാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാൻ അന്താരാഷ്ട്ര സമൂഹത്തോടുള്ള ആഹ്വാനം സൗദി ആവർത്തിച്ചു. ഗസ്സയിലെ ദുരിതങ്ങൾ അവസാനിപ്പിക്കേണ്ടത് ലോക മാനവരാശിയുടെ ഏറ്റവും വലിയ ആവശ്യമാണ്.
ഫലസ്തീൻ ജനതക്ക് പ്രതീക്ഷ നൽകണം. സുരക്ഷിതമായി ജീവിക്കാനുള്ള അവകാശങ്ങൾ നേടിയെടുക്കാൻ അവരെ പ്രാപ്തരാക്കണം.
പുനരാലോചനയില്ലാതെ അറബ് സമാധാന സംരംഭത്തിനും അന്താരാഷ്ട്ര പ്രമേയങ്ങൾക്കും അനുസൃതമായി കിഴക്കൻ ജറൂസലം തലസ്ഥാനമായി 1967ലെ അതിർത്തിക്കുള്ളിൽ ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്നുമുള്ള ആവശ്യം സൗദി ആവർത്തിച്ചുന്നയിച്ചു.
മുസ്ലിം വേൾഡ് ലീഗും ഒ.ഐ.സിയും സ്വാഗതം ചെയ്തു
ജിദ്ദ: റമദാനിൽ ഗസ്സയിൽ ഉടനടി വെടിനിർത്തലിന് ആഹ്വാനം ചെയ്തുകൊണ്ട് യു.എൻ രക്ഷാസമിതി പ്രമേയം പാസാക്കിയതിനെ മുസ്ലിം വേൾഡ് ലീഗ് സ്വാഗതം ചെയ്തു. അന്താരാഷ്ട്ര നിയമത്തിന് അനുസൃതമായി എല്ലാ കക്ഷികളും അവരുടെ ബാധ്യതകൾ പാലിക്കുന്നതിന്റെ പ്രാധാന്യം മുസ്ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് ബിൻ അബ്ദുൽകരീം അൽഈസ പ്രസ്താവനയിൽ പറഞ്ഞു.
ദുരിതബാധിത മേഖലയുടെ എല്ലാ ഭാഗങ്ങളിലും മനുഷ്യത്വപരമായ സഹായം നൽകുക, സിവിലിയൻ ജനതയെ സംരക്ഷിക്കുക, ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾ തടയുക എന്നീ ആവശ്യങ്ങൾ അദ്ദേഹം ഉന്നയിച്ചു.
ഫലസ്തീൻ ജനതയുടെ ദുരിതങ്ങൾ അവസാനിപ്പിക്കുന്നതിനും അന്താരാഷ്ട്ര സമൂഹം അതിന്റെ മുഴുവൻ ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കേണ്ടതിന്റെയും ആവശ്യകത സെക്രട്ടറി ജനറൽ ഊന്നിപ്പറഞ്ഞു.
ഫലസ്തീനികൾക്ക് അവരുടെ ന്യായമായ അവകാശങ്ങൾ നേടിയെടുക്കുന്നത് ഉറപ്പാക്കുകയും അറബ് സമാധാന സംരംഭത്തിനും അന്താരാഷ്ട്ര പ്രമേയങ്ങൾക്കും അനുസൃതമായി സ്വതന്ത്ര രാജ്യം സ്ഥാപിക്കുകയും വേണമെന്നും സെക്രട്ടറി ജനറൽ പറഞ്ഞു. യു.എൻ രക്ഷാസമിതി വെടിനിർത്തൽ പ്രമേയം പാസാക്കിയതിനെ ഇസ്ലാമിക രാജ്യങ്ങളുടെ സഹകരണ കൂട്ടായ്മയായ ഒ.ഐ.സിയും സ്വാഗതം ചെയ്തു. ഫലസ്തീൻ ജനതക്കെതിരായ ഇസ്രായേൽ ആക്രമണമെന്ന കുറ്റകൃത്യം ആറുമാസമായി തുടരുകയാണ്.
അത് തടയുന്നതിനുള്ള ഉത്തരവാദിത്തം അന്താരാഷ്ട്ര സമൂഹം ഏറ്റെടുക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെപ്പാണിതെന്നും ഒ.ഐ.സി അഭിപ്രായപ്പെട്ടു. തീരുമാനം ഉടനടി നടപ്പാക്കാൻ ഇസ്രായേലിനെ നിർബന്ധിക്കണം.
ഗസ്സയിലെ എല്ലാ ഭാഗങ്ങളിലേക്കും മതിയായതും സുരക്ഷിതവുമായ മാനുഷിക സഹായം ഉറപ്പാക്കണം. ഇസ്രായേൽ നടത്തുന്ന എല്ലാ യുദ്ധക്കുറ്റങ്ങളും അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹത്തോടുള്ള ആഹ്വാനം ഒ.ഐ.സി ആവർത്തിച്ചു. അധിനിവേശ ഫലസ്തീൻ പ്രദേശത്തുടനീളം പലസ്തീൻ ജനത തുറന്നുകാട്ടുന്ന കുടിയേറ്റം, കൊലപാതകം, നശിപ്പിക്കൽ, നിർബന്ധിത കുടിയിറക്കൽ, വംശഹത്യ എന്നിവ ഇസ്രായേലിന്റെ കുറ്റകൃത്യങ്ങളിലുൾപ്പെടുമെന്നും ഒ.ഐ.സി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

