സി.ബി.എസ്.ഇ സൗദിതല ശാസ്ത്രപ്രദർശന മത്സരം: അൽമുന സ്കൂളിന് ഒന്നാം സ്ഥാനം
text_fieldsസി.ബി.എസ്.ഇ ക്ലസ്റ്റർ തല ശാസ്ത്രമേളയിൽ ഒന്നാമതെത്തിയ ഹസ്സൻ അഹ്മദ്, ഇസാൻ എന്നിവരും ക്വിസ് മൽസരത്തിൽ വെങ്കലം നേടിയ സയ്യിദ് തമീം അഷ്റഫ്, ഹുദാ എന്നിവരും പുരസ്കാരങ്ങളുമായി
ദമ്മാം: സി.ബി.എസ്.ഇ സൗദിതല ക്ലസ്റ്റർ ശാസ്ത്രമേളയിൽ ജൂനിയർ വിഭാഗത്തിൽ ദമ്മാം അൽമുനാ സ്കൂൾ ഒന്നാം സ്ഥാനം നേടി. ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിൽ സൗദിയിലെ 35ൽ അധികം സ്കൂളുകളെ പ്രതിനിധാനം ചെയ്ത് നടന്ന മത്സരത്തിൽ അൽമുനാ സ്കൂൾ വിദ്യാർഥികളായ ഹസ്സൻ അഹ്മദ്, ഇസാൻ എന്നിവർ അവതരിപ്പിച്ച പ്രോജക്ട് ആണ് ഒന്നാം സ്ഥാനത്തിന് അർഹത നേടിയത്. ശാസ്ത്ര അധ്യാപികമാരായ രമ്യ പ്രെനിൽ, സൂര്യ രഞ്ജിത്ത്, ഫൗമിയ ഹനീഷ്, ഉണ്ണീൻ കുട്ടി എന്നിവരുടെ സഹായത്താൽ കുട്ടികൾ രൂപ കൽപന ചെയ്ത അഗ്രി ബോട്ട് ആണ് ഒന്നാം സ്ഥാനം നേടിയത്.
പീസോ ഇലക്ട്രിക് പ്രതിഭാസം ഉപയോഗിച്ചുള്ള ഊർജ സംരക്ഷണം, പരിസ്ഥിതി സൗഹൃദ കാർഷിക റോബോട്ടിക് എന്നീ പദ്ധതികളാണ് വിദ്യാർഥികൾ വിജയകരമായി അവതരിപ്പിച്ചത്. പീസോ ഇലക്ട്രിക്ക് പ്രതിഭാസത്തിലൂടെ മനുഷ്യന്റെ നടത്തം ഉൾപ്പെടെയുള്ള ചലനങ്ങളിൽ നിന്നും വൈദുതി ഉൽപാദിപ്പിക്കുകയും ഊർജോൽപാദനത്തിന്റെ ഭാഗമായുള്ള പരിസ്ഥിതി മലിനീകരണം പരമാവധി കുറക്കുകയും ചെയ്യുന്ന സാങ്കേതിക വിദ്യയാണ് കുട്ടികൾ വികസിപ്പിച്ചെടുത്തത്.
അഗ്രി ബോട്ട് എന്ന് പേരിട്ട കാർഷിക റോബോട്ട് ഉപയോഗിച്ചു കൃഷിയിടങ്ങളിൽ സ്വയം പര്യാപ്ത യന്ത്ര സഹായത്തോടെ നിലം ഉഴുവൽ, വിത്തിടൽ, ജലസേചനം ഉൾപ്പടെയുള്ള മുഴുവൻ കാർഷിക ജോലികളും ഹൈഡ്രോ ഇലക്ട്രിക്ക് സെൻസറുകളുടെ സഹായത്താൽ നിർവഹിക്കുകയും പരിസ്ഥിതി മലിനീകരണം ഇല്ലാതെ ചുരുങ്ങിയ ചെലവിൽ മികച്ച കൃഷിയുമാണ് ഈ പദ്ധതിയിലൂടെ കുട്ടികൾ വിഭാവനം ചെയ്തത്. ജിദ്ദയിലെ വിവിധ സാങ്കേതിക സർവകകലാശാലകളിൽ നിന്നുള്ള പ്രഗൽഭരാണ് ശാസ്ത്ര പ്രദർശന മേളയിലെ പ്രദർശനങ്ങൾ മൂല്യ നിർണയം നടത്തിയത്.
ക്ലസ്റ്റർ തല ക്വിസ്സ് മത്സരത്തിൽ അൽമുന സ്കൂൾ വെങ്കലം കരസ്ഥമാക്കി. സൗദിയിലെ വിവിധ പ്രവിശ്യകളിൽനിന്നുള്ള മത്സരങ്ങളിൽ നിന്നും തെരെഞ്ഞെടുത്ത ടീമുകളാണ് ദേശീയ തല ക്വിസ്സ് മത്സരത്തിൽ പങ്കെടുത്തത്. അൽമുന സ്കൂളിൽ വിദ്യാർഥികളായ സയ്യിദ് തമീം അഷ്റഫ്, ഹുദാ എന്നീ വിദ്യാർത്ഥികളാണ് ക്വിസ് മത്സരത്തിൽ വിജയികളായത്. വിജയികളെ അൽമുന സ്കൂൾ മാനേജിങ് ഡയറക്ടർ ഡോ. ടി.പി മുഹമ്മദ്, ജനറൽ മാനേജർ അബ്ദുൽ ഖാദർ മാസ്റ്റർ, പ്രിൻസിപ്പൽ നൗഫൽ മാസ്റ്റർ, ഹെഡ് മാസ്റ്റർ പ്രദീപ് കുമാർ, വസുധ അഭയ്, നിഷാദ്, സിറാജ്, കൗസർ, പ്രീജ എന്നിവർ അഭിനന്ദിച്ചു. വിജയികളെയും പരിശീലകരായ ഹഫ്സ, നൗഷീൻ, ജാസ്മിൻ, നസീഹത് എന്നിവരെയും അധ്യാപകരും, രക്ഷിതാക്കളും ചേർന്ന് സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

