ജിദ്ദയിൽ വാഹനകവർച്ച സംഘത്തെ പിടികൂടി
text_fieldsപ്രതീകാത്മക ചിത്രം
ജിദ്ദ: വാഹനങ്ങൾ തട്ടിയെടുക്കൽ തൊഴിലാക്കിയ 15 അംഗ കവർച്ചസംഘത്തെ ജിദ്ദ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളിൽ 13 പേർ പാകിസ്താനികളും രണ്ടു പേർ സിറിയൻ പൗരന്മാരുമാണ്. 19 വാഹനങ്ങൾ സംഘം കവർന്ന് പൊളിച്ച് ആക്രിയാക്കി വിൽപന നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. സംഘം പൊളിക്കാൻ സൂക്ഷിച്ച ഒമ്പതു വാഹനങ്ങൾ പൊലീസ് വീണ്ടെടുത്തു.
മോഷ്ടിക്കുന്ന വാഹനങ്ങൾ വിഞ്ചുകളിൽ ജനവാസകേന്ദ്രത്തിനു പുറത്തുള്ള ചുറ്റുമതിലോടുകൂടിയ കോമ്പൗണ്ടിൽ എത്തിച്ച് പൊളിച്ച് ആക്രിയാക്കി, ആക്രിക്കടകൾക്ക് വിൽക്കുകയാണ് സംഘം ചെയ്തിരുന്നത്. നിയമാനുസൃത നടപടികൾ പൂർത്തിയാക്കി സംഘത്തെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ജിദ്ദ പൊലീസ് അറിയിച്ചു.

