കാറിന്‍റെ ഇന്ധനം തീർന്ന് മരുഭൂമിയിൽ കുടുങ്ങിയത് നാല് ദിവസം; തെലങ്കാന സ്വദേശി യുവാവും സഹപ്രവർത്തകനും മരിച്ചു
text_fieldsറിയാദ്: യാത്രക്കിടെ കാറിെൻറ ഇന്ധനം തീർന്ന് വിജന മരുഭൂമിയിൽ നാല് ദിവസം കുടുങ്ങിയ ഇന്ത്യക്കാരനായ യുവാവിനും സഹയാത്രികനും ദാരുണാന്ത്യം. സൗദി കിഴക്കൻ പ്രവിശ്യയിലെ ഹുഫൂഫിന് സമീപം വിജന മരുഭൂമിയിൽ (റുബുൽ ഖാലി) കുടുങ്ങിയ തെലങ്കാന കരിംനഗർ സ്വദേശി ഷഹ്സാദ് ഖാനും (27) സഹയാത്രികനുമാണ് നിർജ്ജലീകരണം മൂലം മരിച്ചത്.
നാല് ദിവസം മുമ്പ് കാണാതായ ഇവരുടെ മൃതദേഹങ്ങൾ വ്യാഴാഴ്ചയാണ് കണ്ടെത്തിയത്. മൂന്ന് വർഷമായി സൗദിയിലെ ഒരു ടെലികോം കമ്പനിയിൽ ജോലി ചെയ്യുന്ന ഷഹ്സാദ് ഖാനും സഹപ്രവർത്തകനും ജോലിയുടെ ഭാഗമായുള്ള യാത്രക്കിടയിലാണ് മരുഭൂമിയിൽ കുടുങ്ങിയത്. വാഹനത്തിെൻറ ഇന്ധനം തീർന്നു. അതിനിടയിൽ മൊബൈൽ ഫോണിെൻറ ബാറ്ററി ചാർജും കഴിഞ്ഞു. ആരെയെങ്കിലും വിളിച്ചുപറയാനോ സഹായം തേടാനോ കഴിഞ്ഞില്ല.
ജി.പി.എസ് സിഗ്നൽ നഷ്ടപ്പെട്ടതിനാൽ കമ്പനിയുടെ ആളുകൾക്ക് ഇവരെ ലൊക്കേറ്റ് ചെയ്യാനും കഴിഞ്ഞില്ല. നാല് ദിവസമാണ് ലോകത്തെ ഏറ്റവും അപകടംപിടിച്ച 650 കിലോമീറ്റർ വിസ്തൃതിയിൽ നീണ്ടുപരന്ന് കിടക്കുന്ന വിജന മരുഭൂമിയിൽ അകപ്പെട്ടത്. കടുത്ത വേനൽ കൂടിയായതിനാൽ വളരെ പെട്ടെന്ന് നിർജ്ജലീകരണത്തിന് അടിപ്പെട്ടു. എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട് പ്രാർഥനയിൽ അഭയം തേടിയതെന്ന് തോന്നിക്കുംവിധം വാഹനത്തിന് സമീപം വിരിച്ച നമസ്കാര (മുസല്ല) പരവതാനിയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

