Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഉംറ നിർവഹിച്ച്​...

ഉംറ നിർവഹിച്ച്​ മടങ്ങവേ കാറപകടം; മരിച്ച മലയാളി കൈക്കുഞ്ഞിന്‍റെ മൃതദേഹം ഖബറടക്കി

text_fields
bookmark_border
ഉംറ നിർവഹിച്ച്​ മടങ്ങവേ കാറപകടം; മരിച്ച മലയാളി കൈക്കുഞ്ഞിന്‍റെ മൃതദേഹം ഖബറടക്കി
cancel

ദമ്മാം: ഉംറ നിർവഹിച്ച്​ മടങ്ങുന്നതിനിടെ കാറപകടത്തിൽപെട്ട മലയാളി കുടുംബത്തിലെ മരിച്ച ആറുമാസം പ്രായമുള്ള കുഞ്ഞിന്‍റെ മൃതദേഹം റിയാദിൽ ഖബറടക്കി. തിരുവനന്തപുരം കളിയിക്കാവിള സ്വദേശി ജുമാ മസ്​ജിദിന്​ സമീപം താമസിക്കുന്ന ദാറന്നുറിൽ ഹസീം, ജർയ ദമ്പതികളുടെ മകൾ അർവയുടെ മൃതദേഹമാണ്​ ഞായറാഴ്​ച റിയാദ്​ നസീമിലെ ഹയ്യുൽ സലാം മഖ്​ബറയിൽ ഖബറടക്കിയത്​. റിയാദിൽനിന്ന്​ 400 കിലോമീറ്റർ അകലെയുള്ള അൽഖസറ ജനറൽ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. അപകടസ്​ഥലത്ത്​ നിന്നും രക്ഷാസേന അർവയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഹസീമും ഭാര്യയും മൂന്നു മക്കളും ഭാര്യാമാതാവുമടങ്ങുന്ന കുടുംബമാണ് അപകടത്തിൽ പെട്ടത്.

റിയാദ്​-മക്ക റോഡിൽ അല്‍ഖസറയില്‍ വെച്ചാണ്​ ഇവർ സഞ്ചരിച്ചിരുന്ന കാര്‍ മറിഞ്ഞ്​ അപകടമുണ്ടായത്​. ശനിയാഴ്ച ഉച്ചക്ക് രണ്ടോടെയായിരുന്നു അപകടം. അർവക്കും ഹസീമിന്‍റെ ഭാര്യാമാതാവ്​ നജ്​മുനിസക്കുമായിരുന്നു സാരമായി പരിക്കേറ്റത്​. ഭാര്യ ജർയ, മറ്റു മക്കളായ അയാൻ, അഫ്​നാൻ എന്നിവർക്ക്​ നിസാരപരിക്കാണ്​ ഏറ്റത്​. പൊലീസും റെഡ്​ക്രസൻറ്​ അതോറിറ്റിയും ചേർന്ന്​ ഉടൻ ഇവരെയെല്ലാം അൽഖസറ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ്​ അർവ മരിച്ചത്​. നജ്മുന്നിസയെ അൽഖുവയ്യ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇവർ അപകടനില തരണം ചെയ്​തിട്ടുണ്ട്​.

അൽഖോബാറിലെ യെസ്​കെ ഇലക്ട്രിക്കൽ കമ്പനിയിലെ പ്രോജക്​ട്​ മാനേജരായ ഹസീം, ഭാര്യയുടെ പ്രസവത്തിനായാണ്​ ഭാര്യാമാതാവിനെ സൗദിയിലെത്തിച്ചത്​. കുഞ്ഞിന്​ ആറുമാസം പ്രായമായതോടെ ഭാര്യാമാതാവിനെ തിരികെ നാട്ടിലയക്കുന്നതിന്​ മുമ്പായി ഉംറ നിർവഹിക്കാൻ കുടുംബത്തോടൊപ്പം കഴിഞ്ഞ ബുധനാഴ്​ചയാണ്​ അൽഖോബാറിൽ നിന്ന്​ പുറപ്പെട്ടത്​. തന്‍റെ ടെക്​സൻ കാർ ഒഴിവാക്കി സുഹൃത്തിൽനിന്നും കടമെടുത്ത സെഡാൻ കാറിലാണ്​ കുടുംബവുമായി പുറപ്പെട്ടത്​. തിരികെ വരും വഴി ഖസറ എന്ന സ്​ഥലത്ത്​ കാർ നിയന്ത്രം വിട്ട്​ ഡിവൈഡറിൽ ഇടിച്ചു മറിയുകയായിരുന്നു. ഹസീമി​െൻറ തലയിൽ ആഴത്തിലുള്ള മുറിവ്​ ഏറ്റിട്ടുണ്ട്​. ഭാര്യാമാതവ്​ നജ്​മുന്നിസക്കും സാരമായ പരിക്കുപറ്റി. മറ്റുള്ളവർ കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടു.

അപകടസ്ഥലത്ത് നിന്നും അഞ്ച് ആംബുലന്‍സുകളിലായാണ് പരിക്കേറ്റവരെ തൊട്ടടുത്തുള്ള അല്‍ഖസറ ജനറൽ ആശുപത്രിയിലെത്തിച്ചത്. റിയാദ് കെ.എം.സി.സി വെല്‍ഫയര്‍ വിങ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, വൈസ് ചെയര്‍മാന്‍ മഹ്ബൂബ് മാളിയേക്കല്‍, കിഴക്കന്‍ പ്രവിശ്യ കെ.എം.സി.സി തിരുവനന്തപുരം ജില്ല പ്രസിഡൻറ്​ അമീന്‍ മുഹമ്മദ് കളിയിക്കാവിള, അൽഖോബാര്‍ കെ.എം.സി.സി പ്രസിഡൻറ്​ ഇഖ്ബാല്‍ ആനമങ്ങാട്, ഹാരിസ് കുറുവ എന്നിവർ സംഭവസ്ഥലത്തെത്തുകയും കുടുംബത്തിനാവശ്യമായ സഹായങ്ങൾ നൽകുകയും കുഞ്ഞി​െൻറ മൃതദേഹം ഖബറടക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്​തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Car Accident
News Summary - Car accident while returning from Umrah; The body of the dead Malayali infant was buried
Next Story