എണ്ണയെ മാത്രം ആശ്രയിക്കാൻ കഴിയില്ല -പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ഗവർണർ
text_fieldsപബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ഗവർണർ യാസിർ അൽറുമയ്യാൻ
റിയാദ്: എണ്ണയെ മാത്രം ആശ്രയിച്ച് ജീവിക്കാൻ സൗദിക്ക് കഴിയില്ലെന്നും അങ്ങനെ സംഭവിച്ചാൽ അത് രാജ്യത്തെ നിഷ്ക്രിയമാക്കുമെന്നും പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ഗവർണർ യാസിർ അൽറുമയ്യാൻ പറഞ്ഞു. ഭൂമിയിൽനിന്ന് എണ്ണ വേർതിരിച്ചെടുത്ത് വിൽക്കാനുള്ള കഴിവ് എല്ലായ്പ്പോഴും ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു. വാഷിങ്ടൺ ഡി.സിയിലെ ഇക്കണോമിക് ക്ലബിൽ നടന്ന സംഭാഷണ സെഷനിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സൗദി ജനസംഖ്യ വർധനവക്ക് സാക്ഷ്യംവഹിക്കുന്നു. ലഭ്യമായ എണ്ണയുടെ അളവ് കണക്കിലെടുക്കാതെ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി പ്രവർത്തിക്കേണ്ടത് ആവശ്യമാണ്. 50 ശതമാനം പൗരന്മാരും 25 വയസ്സിന് താഴെയുള്ളവരാണ്. അവർക്ക് അർഹമായ വിദ്യാഭ്യാസവും ജീവിത നിലവാരവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. എണ്ണയെ മാത്രം ആശ്രയിച്ച് ഇത് നേടാനാവില്ലെന്നും അൽറുമയ്യാൻ പറഞ്ഞു.
2030 ആകുമ്പോഴേക്കും എക്സോൺ മൊബൈൽ പോലുള്ള ആഗോള കമ്പനികളേക്കാൾ വലുതായി സൗദി ആരാംകോയെ മാറ്റാൻ സൗദിയുടെ വാതക സ്രോതസ്സുകൾക്ക് കഴിയും. 2025 അവസാനത്തോടെ പൊതുനിക്ഷേപ ഫണ്ടിന്റെ ആസ്തി 1.75 ട്രില്യൺ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഫണ്ടാക്കി മാറ്റാനുള്ള അഭിലാഷത്തോടെ അതിന്റെ ത്വരിതഗതിയിലുള്ള വളർച്ചയെ ഇത് പ്രതിഫലിപ്പിക്കുന്നു. നിലവിൽ മാനേജ്മെന്റിന് കീഴിലുള്ള ആസ്തികളുടെ വലുപ്പം 925 ബില്യൺ ഡോളറിനും 945 ബില്യൺ ഡോളറിനും ഇടയിലാണെന്ന് അൽറുമയ്യാൻ വിശദീകരിച്ചു. വർഷാവസാനത്തോടെ ഫണ്ട് 1.75 ട്രില്യൺ ഡോളറിലെത്താനാണ് ലക്ഷ്യമിടുന്നതെന്നും ഇത് ഏറ്റവും വലിയ സോവറിൻ ഫണ്ടായി മാറുമെന്ന് ഉറപ്പാക്കുമെന്നും അൽറുമയ്യാൻ ചൂണ്ടിക്കാട്ടി.
2030 ലെ പ്രധാന ലക്ഷ്യം കുറഞ്ഞത് രണ്ട് ട്രില്യൺ ഡോളറിലെത്തുക എന്നതാണ്. 2015ൽ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് 30 ജീവനക്കാരുള്ള ഒരു ചെറിയ ഓഫിസായിരുന്നു. ഇന്ന് ഏകദേശം 2,964 ജീവനക്കാരുള്ള ഒരു ഭീമൻ സ്ഥാപനമായി ഇത് വളർന്നിരിക്കുന്നു. ന്യൂയോർക്ക്, ലണ്ടൻ, പാരീസ്, ഹോങ്കോങ്, ബീജിങ് എന്നിവിടങ്ങളിൽ ആഗോള ഓഫീസുകളുടെ ശൃംഖലയും കെയ്റോ, അമ്മാൻ, മനാമ, മസ്കറ്റ് എന്നിവിടങ്ങളിലെ പ്രാദേശിക ഓഫീസുകളുണ്ടെന്നും അൽറുമയ്യാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

