പ്രചാരണോദ്ഘാടനവും വിജ്ഞാനസദസ്സും
text_fieldsജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്ററിൽ നടന്ന വിചിന്തനം വാരികയുടെ സൗദിതല പ്രചാരണോദ്ഘാടന പരിപാടി
ജിദ്ദ: കേരള നദ്വത്തുൽ മുജാഹിദീന്റെ യുവജന വിഭാഗമായ ഐ.എസ്.എമ്മിന്റെ മുഖപത്രമായ ‘വിചിന്തനം’ വാരികയുടെ മിഡിലീസ്റ്റ് കാമ്പയിനിന്റെ സൗദിതല പ്രചാരണോദ്ഘാടനവും വിജ്ഞാനസദസ്സും സംഘടിപ്പിച്ചു.
ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്ററിൽ നടന്ന ചടങ്ങിൽ ഇസ്ലാഹീ സെൻറർ പ്രസിഡൻറ് അബ്ബാസ് ചെമ്പന് ആദ്യവരി നൽകിക്കൊണ്ട് കെ.എൻ.എം വിദ്യാഭ്യാസ ബോർഡ് അംഗവും മലപ്പുറം സലഫി മസ്ജിദ് ഖത്തീബുമായ ഉസ്മാൻ മിഷ്കാത്തി കാമ്പയിൻ ഉദ്ഘാടനം ചെയ്തു.
'അറിവ് സമാധാനത്തിന്' എന്ന വിഷയത്തിൽ അദ്ദേഹം പ്രഭാഷണം നടത്തി. ലോകസ്രഷ്ടാവിന്റെ നിർദേശങ്ങൾ പാലിച്ചുകൊണ്ട് ജീവിച്ചാൽ സ്വർഗത്തിലേക്ക് തന്നെ തിരിച്ചുവരാമെന്ന് അവൻ നൽകിയ നിർദേശമാണ് മനുഷ്യന് ലഭിച്ച ആദ്യ അറിവെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ കൂടുതൽ അറിവുകൾ ലഭിക്കുമ്പോൾ അതുപയോഗിച്ച് മറ്റുള്ളവരെ നശിപ്പിക്കാനും തിന്മകളുടെ വഴിയിൽ ഉപയോഗിക്കുകയും ചെയ്യാതെ സ്വർഗത്തിലേക്ക് തിരിച്ചുപോകാനുള്ള മാർഗമായി അറിവിനെ ഉപയോഗപ്പെടുത്തുമ്പോഴാണ് അറിവ് സമാധാനത്തിനാകുന്നത് എന്നും അദ്ദേഹം ഉണർത്തി.
‘ചേർത്ത് പിടിക്കലിന്റെ പ്രവാചക മാതൃക’ എന്ന വിഷയത്തിൽ റിവാർഡ് ഫൗണ്ടേഷൻ കേരളയുടെ സെക്രട്ടറി ജലീൽ പരപ്പനങ്ങാടി സംസാരിച്ചു. ഭിന്നശേഷിക്കാരുടെ ഉയിർത്തെഴുന്നേൽപ്പിന് വേണ്ടിയാണ് കെ.എൻ.എം ‘റിവാർഡ് ഫൗണ്ടേഷന്’ തുടക്കം കുറിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
റിവാർഡ് ഫൗണ്ടേഷൻ പ്രസിഡന്റ് ഷബീർ കൊടിയത്തൂർ ‘ഉപജീവനം നഷ്ടപ്പെടാതിരിക്കാൻ’ എന്ന വിഷയത്തിൽ സംസാരിച്ചു. ‘എഴുതാൻ പേന വേണ്ട, വായിക്കാൻ പുസ്തകവും’ എന്ന വിഷയത്തിൽ ഐ.എസ്.എം സംസ്ഥാന സെക്രട്ടറി യാസർ അറഫാത്ത് സംസാരിച്ചു. പ്രവാചകന് ലഭിച്ച ദിവ്യസന്ദേശങ്ങളുടെ ആദ്യത്തെ അഞ്ച് വചനങ്ങളും വായിക്കുന്നതിനെ പറ്റിയും എഴുതുന്നതിനെക്കുറിച്ചുമാണെന്നും ഇക്കാര്യം നമ്മുടെ മക്കളെ ബോധ്യപ്പെടുത്തിയാൽ നമസ്കാരം, നോമ്പ് തുടങ്ങിയ കർമങ്ങൾക്ക് നൽകുന്ന അതേ പ്രാധാന്യം അവർ പഠനങ്ങൾക്കും നൽകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അബ്ബാസ് ചെമ്പൻ അധ്യക്ഷത വഹിച്ചു. നൂരിഷ വള്ളിക്കുന്ന് സ്വാഗതവും ഷിഹാബ് സലഫി സമാപന പ്രസംഗവും നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

