അൽജൗഫിലെ പാറകളിൽ ഒട്ടകരൂപങ്ങൾ; വിസ്മയിച്ച് ശാസ്ത്രലോകം
text_fieldsജിദ്ദ: വടക്കൻ സൗദിയിലെ അൽജൗഫ് മരുഭൂമിയുടെ വിജനതയിൽ ഒട്ടകരൂപം കൊത്തിയ പാറക്കെട്ടുകൾ കണ്ട് വിസ്മയിക്കുകയാണ് ശാസ്ത്രലോകം. ഹാഇലിലും തെക്കൻ സൗദിയിലും മറ്റും പാറകളിൽ ചിത്രപ്പണികൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും അറേബ്യയിൽ ആദ്യമായാണ് രൂപങ്ങൾ കൊത്തിയെടുത്തതായി കണ്ടെത്തിയിരിക്കുന്നത്. 2,000 വർഷമെങ്കിലും പഴക്കമുള്ള പൂർണരൂപങ്ങളാണ് ഇവ. ജനവാസം അസാധ്യമായ, തീർത്തും ഒറ്റപ്പെട്ട ഇൗ പ്രദേശത്ത് ഇത്തരമൊരു കലാസൃഷ്ടികൾ എന്തിനായിരുന്നുവെന്ന് അത്ഭുതം കൂറുകയാണ് ഗവേഷകർ. ആരാധനാകേന്ദ്രമോ, അതിർത്തിക്കല്ലോ, ഒട്ടകസ്മാരകമോ ആയിരിക്കാമെന്ന അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. സൗദി കമീഷൻ ഫോർ ടൂറിസം ആൻഡ് നാഷനൽ ഹെറിറ്റേജും ഫ്രഞ്ച് നാഷനൽ സെൻറർ ഫോർ സയൻറിഫിക് റിസർച്ചും സംയുക്തമായി നടത്തിയ ഗവേഷണങ്ങളിലാണ് അതിശയകരമായ നിർമിതികൾ കണ്ടെത്തിയത്. ഫെബ്രുവരി ഒമ്പതിന് കേംബ്രിഡ്ജ് ജേണൽ ഒാഫ് ആൻറിക്വിറ്റി പുറത്തുവിട്ട ഇൗപഠനം പുരാവസ്തുകലാരംഗത്ത് വലിയ ചർച്ചകൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. പൂർണവലിപ്പത്തിലുള്ള 11 ഒട്ടകരൂപങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. അൽജൗഫിൽ ജോർഡൻ അതിർത്തിയോട് ചേർന്ന ഭാഗത്താണ് ഇവയുള്ളത്. ഇൗ സ്ഥലത്തിന് ‘ഒട്ടകസ്ഥാനം’ എന്ന് നാമകരണം ചെയ്തിട്ടുണ്ട്. പാർഥിയൻ, നബതിയൻ സംസ്കാരങ്ങളാൽ പ്രേചാദിതമായ പ്രാചീന അറബ് പാരമ്പര്യകലയുടെ പ്രകടനമാണ് ഒട്ടകരൂപങ്ങളെന്നാണ് കരുതുന്നത്. തുർക്കി മുതൽ മെസപ്പെേട്ടാമിയ വരെയുള്ള മേഖലയിൽ ഇതിനുമുമ്പും ശിലാരൂപങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
പക്ഷേ, അറേബ്യയിൽ ഇതുവരെ ഇങ്ങനെ കലാരൂപം ഗവേഷകരുടെ ശ്രദ്ധയിൽപെട്ടിരുന്നില്ല. യുദ്ധരംഗങ്ങൾ, മൃഗവേട്ട, ജ്യാമിതീയ രൂപങ്ങൾ എന്നിവയും ചില മൃഗങ്ങളുടെ രൂപങ്ങളും ഉപഭൂഖണ്ഡത്തിലെ പാറകളിൽ നേരത്തെ വരച്ചുവെച്ചത് രേഖപ്പെടുത്തിയിട്ടുണ്ട്. യുനെസ്കോയുടെ പൈതൃകസ്ഥാന പട്ടികയിൽ സൗദി അറേബ്യയിൽ നിന്നുള്ള നാലാമത്തെ സൈറ്റും ഹാഇലിലെ റോക് ആർട് ആണ്. പക്ഷേ, പൂർണവലിപ്പത്തിലുള്ള ഒട്ടകരൂപങ്ങൾ കൂറ്റൻ പാറക്കെട്ടുകളിൽ അസാധാരണമായ പൂർണതയോടെ കൊത്തിയെടുത്തതാണ് അൽജൗഫിലേത്. നൂറ്റാണ്ടുകളായി തുടരുന്ന അറേബ്യൻ കലാപഠനങ്ങളിലും ഏതാനും പതിറ്റാണ്ടുകൾക്ക് മുമ്പ് ആരംഭിച്ച സൗദി ദേശീയ പൈതൃകപഠനങ്ങളിലും നിർണായകസ്ഥാനമാണ് ഇൗ കണ്ടുപിടിത്തത്തിനുള്ളത്. പുരാവസ്തുശാസ്ത്രജ്ഞരായ ഡോ. ഗ്വിലിയാമി ഷാർല്യൂ (ഫ്രഞ്ച് നാഷനൽ സെൻറർ ഫോർ സയൻറിഫിക് റിസർച്ച്), ഹുസൈൻ അൽഖലീഫ, സാമിർ അൽമാലികി, റോമൈൻ മെൻസൻ എന്നിവരാണ് കണ്ടെത്തലിന് പിന്നിൽ പ്രവർത്തിച്ചത്. പക്ഷേ, ഇൗ നിർമാണവുമായി ബന്ധപ്പെട്ട മറ്റുവസ്തുക്കളൊന്നും പ്രദേശത്ത് നടത്തിയ സൂക്ഷ്മ പരിശോധനകളിലും കണ്ടെത്താനായിട്ടില്ല. നിർമാണത്തിന് ഉപയോഗിച്ചിരിക്കാവുന്ന ചുറ്റികകളോ, ഉളികളോ അതിെൻറ ശേഷിപ്പുകളോ ഒന്നും ഇവിടെയില്ല. അഭ്രശിലാനിർമിതമായ ഉപകരണങ്ങളുടെ 50 ഒാളം ചെറുകഷണങ്ങൾ അടുത്തുനിന്ന് കിട്ടിയിട്ടുണ്ടെങ്കിലും ഒട്ടകരൂപ നിർമാണത്തിന് ഉപയോഗിച്ചതാകാമെന്നതിന് തെളിവില്ല. നിലവിൽ സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഇൗ പ്രദേശത്തെ പാറകൾക്ക് ആധുനിക നിർമാണ പ്രവർത്തികൾ കൊണ്ട് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇതുപൂർണമായും സംരക്ഷിച്ച് സമീപ പ്രദേശങ്ങളിലേക്ക് ഗവേഷണം വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
