സൗദി അന്താരാഷ്ട്ര ഫാൽക്കൺസ് ആൻഡ് ഹണ്ടിങ് എക്സിബിഷനിൽ ഒട്ടക ലേലം ശ്രദ്ധേയമായി
text_fieldsസൗദി അന്താരാഷ്ട്ര ഫാൽക്കൺസ് ആൻഡ് ഹണ്ടിങ് എക്സിബിഷനിൽ നടന്ന ഒട്ടക ലേലത്തിൽനിന്ന്
റിയാദ്: സൗദിയുടെ പാരമ്പര്യ വിനോദങ്ങളെയും സംസ്കാരത്തെയും ഒരുമിപ്പിച്ചുകൊണ്ട് റിയാദിൽ നടന്ന സൗദി അന്താരാഷ്ട്ര ഫാൽക്കൺസ് ആൻഡ് ഹണ്ടിങ് എക്സിബിഷൻ 2025 സമാപിച്ചു. പ്രദർശനത്തിന്റെ ഭാഗമായി നടന്ന ഒട്ടക ലേലം ഏറെ ശ്രദ്ധേയമായി. സൗദി കാമൽ ഫെഡറേഷന്റെ സഹകരണത്തോടെ നടന്ന ലേലം, അറേബ്യൻ വംശീയ തനിമയുള്ള ശുദ്ധമായ ഒട്ടകങ്ങളെ പ്രദർശിപ്പിക്കുന്നതിനും വിൽക്കുന്നതിനുമുള്ള സുപ്രധാന വേദിയായി.
ഒട്ടക ഉടമകളെ പിന്തുണയ്ക്കുന്നതിനും ഈ സുപ്രധാന മേഖലയുടെ വളർച്ച ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടായിരുന്നു ലേലം സംഘടിപ്പിച്ചത്. പ്രായമായതും പ്രായം കുറഞ്ഞതുമായ ആറ് തരം ഒട്ടകങ്ങളെയാണ് ലേലത്തിൽ വിറ്റഴിച്ചത്. മൊത്തം മൂന്ന് ലക്ഷം സൗദി റിയാലിലധികം ലേലത്തിലൂടെ ലഭിച്ചു. വിറ്റഴിച്ച ഒട്ടകങ്ങളിൽ ഒന്നിന് ലഭിച്ച ഏറ്റവും ഉയർന്ന വില 80,000 റിയാൽ ആയിരുന്നു. ലേല നടപടികൾ പൂർണ്ണമായും സുതാര്യവും പങ്കാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതുമായിരുന്നു.
സൗദി കാമൽ സ്പോർട്സ് ഫെഡറേഷൻ, തുടർച്ചയായ മൂന്നാം വർഷവും പ്രദർശനത്തിൽ പങ്കാളിത്തം ഉറപ്പിച്ചു. ഇത് സൗദിയുടെ ദേശീയ സ്വത്വത്തിന്റെയും സാംസ്കാരിക പൈതൃകത്തിന്റെയും അവിഭാജ്യ ഘടകമായ ഒട്ടകയോട്ട മത്സരത്തിന് പ്രാധാന്യം നൽകുന്നു.
റിയാദിന് വടക്കുള്ള മൽഹാമിലെ റിയാദ് ഇന്റർനാഷനൽ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ വെച്ചാണ് സൗദി അന്താരാഷ്ട്ര ഫാൽക്കൺസ് ആൻഡ് ഹണ്ടിംഗ് എക്സിബിഷൻ 2025 സമാപിച്ചത്. അറേബ്യൻ ഉപദ്വീപിലെ ജീവിതത്തെ രൂപപ്പെടുത്തിയ പരമ്പരാഗത വിനോദങ്ങളുടെ സംഗമവേദിയായി ഈ പരിപാടി മാറി. ആധികാരിക പൈതൃകങ്ങളുടെയും പരമ്പരാഗത വിനോദങ്ങളുടെയും ഒരു പ്രമുഖ കേന്ദ്രമായി സൗദി അറേബ്യയുടെ സ്ഥാനം ഈ പ്രദർശനം അടിവരയിടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

