സൗദി കറൻസിയും നാണയങ്ങളും രൂപകൽപന ചെയ്ത കാലിഗ്രാഫർ അബ്ദുറസാഖ് ഖോജ അന്തരിച്ചു
text_fieldsകാലിഗ്രാഫർ അബ്ദുറസാഖ് ഖോജ
ജിദ്ദ: സൗദി അറേബ്യയുടെ കറൻസി (റിയാൽ) ആദ്യമായി രൂപകൽപന ചെയ്ത പ്രമുഖ കാലിഗ്രാഫർ അബ്ദുറസാഖ് ഖോജ അന്തരിച്ചു. 95 വയസ്സായിരുന്നു. രാജ്യത്തിന്റെ കറൻസി നോട്ടുകളുടെയും നാണയങ്ങളുടെയും ഡിസൈൻ ആദ്യമായി വരച്ചുണ്ടാക്കിയ ചിത്രകാരനായിരുന്നു അബ്ദുറസാഖ് ഖോജയെന്ന് ജിദ്ദ കൾച്ചർ ആൻറ് ആർട്സ് അസോസിയേഷൻ പറഞ്ഞു.
സ്‌കൂൾ പഠനകാലം മുതൽ ഖോജ തെൻറ കഴിവുകൾ എഴുത്തിലും കാലിഗ്രാഫിയിലും ചെലവഴിച്ചു. ഹിജ്റ 1375ൽ സൗദി മോണിറ്ററി ഏജൻസിക്ക് വേണ്ടി കടലാസ്, നാണയ കറൻസികൾ വരക്കാൻ തുടങ്ങി.
2019-ൽ മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസലിൽനിന്ന് അബ്ദുറസാഖ് ഖോജ അറബിക് കാലിഗ്രാഫി അവാർഡ് സ്വീകരിക്കുന്നു
പത്രപ്രവർത്തനത്തിലും ഏർപ്പെട്ടിട്ടുണ്ട്. അൽനദ്വ, അൽബിലാദ് എന്നീ പ്രമുഖ പത്രങ്ങളുടെ തലക്കെട്ടുകൾ വരച്ചിരുന്നു. സൗദി മുൻ ഭരണാധികാരികളായ ഫൈസൽ രാജാവിന്റെയും ഖാലിദ് രാജാവിന്റെയും ഫഹദ് രാജാവിന്റെയും ഭരണകാലങ്ങളിലെല്ലാം കറൻസി ഡിസൈൻ നിർവഹിച്ചിട്ടുണ്ട്.
ജിദ്ദയിലെ രാജകീയ ചടങ്ങുകളിലും ചിത്രകാരനായി പ്രവർത്തിച്ചു. നിരവധി രാജ്യങ്ങളിലെ പ്രസിഡൻറുമാർ, രാഷ്ട്ര നേതാക്കൾ, പ്രമുഖ ഉദ്യോഗസ്ഥർ എന്നിവർക്ക് സമ്മാനിച്ച സ്കാർഫുകളും മെഡലുകളും ഒരുകാലത്ത് ഖോജ ഡിസൈൻ ചെയ്തതായിരുന്നു. 2019-ൽ ‘കാലിഗ്രാഫി ഫ്രം ഔർ ഹെറിറ്റേജ്’ മത്സരത്തിൽ അറബിക് കാലിഗ്രാഫി അവാർഡ് നേടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.