കാലിഫ് മാപ്പിള കലോത്സവം രണ്ടാം ദിവസം ശ്രദ്ധേയമായി ഉപന്യാസം, മാപ്പിളപ്പാട്ട് രചന, പ്രസംഗ മത്സരങ്ങൾ
text_fieldsമലപ്പുറം കെ.എം.സി.സി ‘കാലിഫ്’ രണ്ടാം ദിവസം മത്സരങ്ങളുടെ ഉദ്ഘാടന ചടങ്ങ്
റിയാദ്: റിയാദ് മലപ്പുറം ജില്ല കെ.എം.സി.സി ‘കാലിഫ്’ മാപ്പിള കലോത്സവത്തിന്റെ രണ്ടാം ദിവസം ബത്ഹ നൂർ ഓഡിറ്റോറിയത്തിൽ (ബാലകൃഷ്ണൻ വള്ളിക്കുന്ന് നഗർ) മൂന്ന് മത്സരങ്ങൾ നടന്നു. ജനറൽ വിഭാഗത്തിനായി നടന്ന ഉപന്യാസ രചന, മാപ്പിളപ്പാട്ട് രചന, സീനിയർ വിഭാഗം പുരുഷന്മാർക്കായി സംഘടിപ്പിച്ച പ്രസംഗ മത്സരം എന്നിവയിൽ നിരവധി പേർ മാറ്റുരച്ചു. ഉപന്യാസ രചന, മാപ്പിളപ്പാട്ട് രചന മത്സരവിജയികളെ അടുത്ത വെള്ളിയാഴ്ച നടക്കുന്ന കാലിഫ് മത്സരവേദിയിൽ പ്രഖ്യാപിക്കും.
മുഹമ്മദ് റിൻഷാദ് (വണ്ടൂർ), ഷബീറലി ജാസ് ആട്ടീരി (വേങ്ങര), ഇംതിയാസ് ബാബു (മലപ്പുറം) എന്നിവർ പ്രസംഗ മത്സരത്തിൽ ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടി. റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഓർഗനൈസിങ് സെക്രട്ടറി സത്താർ താമരത്ത്, കോഴിക്കോട് ജില്ല പ്രസിഡന്റ് സുഹൈൽ കൊടുവള്ളി എന്നിവരായിരുന്നു പ്രസംഗ മത്സരത്തിന്റെ വിധികർത്താക്കൾ. സൗദി നാഷനൽ കെ.എം.സി.സി വെൽഫെയർ വിങ് ജനറൽ കൺവീനർ മുഹമ്മദ് കുട്ടി പാണ്ടിക്കാട് വിശിഷ്ടാതിഥിയായിരുന്നു. ‘കാലിഫ് 2025‘ ഡയറക്ടർ ഷാഫി തുവ്വൂർ പരിപാടിയുടെ ആമുഖഭാഷണം നടത്തി. മലപ്പുറം ജില്ല ആക്റ്റിങ് പ്രസിഡന്റ് ശരീഫ് അരീക്കോട് അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി സഫീർ തിരൂർ സ്വാഗതവും സെക്രട്ടറി അർഷദ് തങ്ങൾ നന്ദിയും പറഞ്ഞു. ഓരോ മണ്ഡലങ്ങളും കരസ്ഥമാക്കിയ പോയന്റ് നില നവാസ് കുറുങ്കാട്ടിൽ അവതരിപ്പിച്ചു.
മേയ് എട്ട് മുതൽ സെപ്റ്റംബർ അവസാനം വരെ നീണ്ടുനിൽക്കുന്ന കാലിഫിന്റെ മൂന്നാം ദിവസമായ അടുത്ത വെള്ളിയാഴ്ച കൂടുതൽ ആവേശകരമായ മത്സരങ്ങൾക്ക് വേദിയൊരുങ്ങും. ജനറൽ വിഭാഗത്തിനുള്ള അറബി മലയാളം കൈയെഴുത്ത്, കുട്ടികൾക്കുള്ള നേതൃസ്മൃതി -കഥപറച്ചിൽ, കുട്ടികൾക്കുള്ള മാപ്പിളപ്പാട്ട് മത്സരങ്ങൾ എന്നിവക്കായി നൂർ ഓഡിറ്റോറിയത്തിൽ കെ.ടി. മാനു മുസ്ലിയാർ വേദി സജ്ജമാകും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

